'പ്രവാസികള്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെയെന്നാണോ?'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
kERALA NEWS
'പ്രവാസികള്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെയെന്നാണോ?'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 11:57 am

മലപ്പുറം: പ്രവാസികളെ മടക്കിക്കൊണ്ടു വരാനുള്ള തീരുമാനത്തില്‍ കേന്ദ്രം ഉപാധികള്‍ വെച്ച നടപടിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി. കെ കുഞ്ഞാലിക്കുട്ടി എം.പി. പൗരന്മാര്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെയെന്ന നിലപാട് രാജ്യത്തിന് നല്ലതല്ലെന്നും ഇത് അനീതിയാണെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘പ്രവാസികളെ മടക്കികൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാത്മകമാണ്. കേരളത്തിലെ ഒരു വലിയ സമൂഹമാണ് പുറത്തുള്ളത് അവര്‍ക്കാണെങ്കില്‍ ചികിത്സക്കോ ഭക്ഷണത്തിനോ ഉള്ള സംവിധാനമില്ല. അവരില്‍ അധികവും ലേബര്‍ ക്യാമ്പുകളില്‍ പണിയെടുക്കുന്നവരാണ്. കേന്ദ്ര സര്‍ക്കാര്‍ അവരുടെ ഈ നിലപാട് അടിയന്തരമായി തിരുത്തണം, ‘ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്‍ഗണന നിശ്ചയിച്ചോട്ടെ, പക്ഷെ വിസ കഴിഞ്ഞവരെന്ന് മാത്രം മുന്‍ഗണനയില്‍ പറയാമോ എന്നും ഇവര്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

‘മുന്‍ഗണന നിശ്ചയിച്ചോട്ടെ, പക്ഷെ വിസ കഴിഞ്ഞവര്‍ മാത്രമാണോ, ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങി മുന്‍ഗണന നല്‍കേണ്ട എത്ര വിഭാഗങ്ങള്‍ ഇവിടെയുണ്ട്. ഇവരൊക്കെ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ,’ അദ്ദേഹം ചോദിച്ചു.

തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പരിമിതികളില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ആളുകളെ ക്വാറന്റൈന്‍ ചെയ്യുകയല്ലേ വേണ്ടൂ. അത് എപ്പോഴായാലും ചെയ്യണമല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ കേന്ദ്രം അനങ്ങാപാറ നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു.

അടിയന്തിര സ്വഭാവമുള്ളവര്‍ക്കും വിസ കാലവധി തീര്‍ന്നവര്‍ക്കും മാത്രമേ തിരികെ മടങ്ങാന്‍ കഴിയുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രവാസികള്‍ക്കും തിരികെ മടങ്ങാന്‍ സാധിക്കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ കേവലം 2 ലക്ഷം പേര്‍ മാത്രമാണ് ഉളളത്. അതേ സമയം കേരളത്തിലേക്കു മടങ്ങാന്‍ മാത്രം 4.14ലക്ഷം പ്രവാസി മലയാളികള്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കര്‍ശന ഉപാധികള്‍ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാകും.

സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികള്‍ തയ്യാറാക്കുന്ന മുന്‍ഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമാകുകയെന്നും കേന്ദ്രം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.