താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്
Kerala News
താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 8:45 am

കോഴിക്കോട്: താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു, അതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് ഫിറോസ് ആരോപിക്കുന്നു.

ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നു. ഇന്ന് ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശം മനസ്സിലാക്കാനായതെന്ന് ഫിറോസ് പറഞ്ഞു.

മുമ്പ് ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.ഐ.എമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പാര്‍ട്ടി ചെറുത്ത് തോല്‍പ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ