വിട്ടുവീഴ്ച ചെയ്താല്‍ തഹ്‌ലിയ അടക്കമുള്ള മുന്‍ ഹരിത നേതാക്കളെ സഹഭാരവാഹികളാക്കും; യൂത്ത് ലീഗ് നേതൃസ്ഥാനത്ത് ഫിറോസും മുനവറലി തങ്ങളും തുടരും
Kerala News
വിട്ടുവീഴ്ച ചെയ്താല്‍ തഹ്‌ലിയ അടക്കമുള്ള മുന്‍ ഹരിത നേതാക്കളെ സഹഭാരവാഹികളാക്കും; യൂത്ത് ലീഗ് നേതൃസ്ഥാനത്ത് ഫിറോസും മുനവറലി തങ്ങളും തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th October 2021, 8:45 am

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവറലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പി.കെ. ഫിറോസും തുടരാന്‍ ധാരണ. ഇരുവരും തുടരട്ടേയെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്.

അതേസമയം നജീബ് കാന്തപുരം വഹിക്കുന്ന സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന പദവി പുതിയ കമ്മിറ്റിയിലുണ്ടാവില്ല.ട്രഷറര്‍ അടക്കമുള്ള മറ്റു പദവികളില്‍ പുതുമുഖങ്ങള്‍ കൂടുതലായി വരും.

യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത്തവണ നടപ്പിലാക്കണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് പി.കെ. ഫിറോസ് പറഞ്ഞു.

എം.എസ്.എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഫാത്തിമ തഹ്‌ലിയയേയും മുന്‍ ഹരിത നേതാക്കളേയും സഹഭാരവാഹിത്വത്തില്‍ കൊണ്ടുവരാന്‍ നീക്കമുണ്ട്.

പുതിയ സംസ്ഥാന കമ്മറ്റി ഈ മാസം 23നാണ് രൂപീകരിക്കേണ്ടത്.

ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു.

എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹരിത ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടത്.

പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.

ആരോപണം ഉന്നയിച്ച മുന്‍ ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ്‌ലിയയെ നീക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: PK Firos Munavarali Thangal will continue as Youth League Secratary and President