എഡിറ്റര്‍
എഡിറ്റര്‍
‘മതേതരമാകാന്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്?’; വടക്കേ ഇന്ത്യയില്‍ മാത്രമല്ല, കേരളത്തിലും മുസ്‌ലിങ്ങള്‍ക്ക് സ്വത്വ പ്രതിസന്ധിയുണ്ടെന്ന് പി.കെ ഫിറോസ്
എഡിറ്റര്‍
Tuesday 18th April 2017 5:05pm

കോഴിക്കോട്: മലപ്പുറത്തെ ലീഗിന്റെ വിജയം വര്‍ഗീയ ധ്രുവീകരണം കാരണമാണെന്ന് പറയുന്നവരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. വടക്കേ ഇന്ത്യയില്‍ മാത്രമല്ല, ഏറെ പുരോഗമനപരമെന്ന് വിശ്വസിച്ച് പോരുന്ന കേരളത്തില്‍ പോലും മുസ്‌ലിങ്ങള്‍ക്ക് സ്വത്വ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ ചെറിയാന്‍ ഫിലിപ്പ് വരെയുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സ്വത്വരാഷട്രീയവാദത്തിന്റെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതാണ്. ദേശീയതലത്തില്‍ രാജ്യസ്‌നേഹമാണ് ബോധ്യപ്പെടുത്തേണ്ടതെങ്കില്‍, എ.കെ ആന്റണിയെ മലപ്പുറത്ത് കൊണ്ടുവന്ന് വിജയിപ്പിച്ച് മതേതരത്വം തെളിയിച്ച ചരിത്രമാണ് ഇവിടെ പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറയുന്നു. അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍ മലപ്പുറത്തുകാര്‍ എന്ത് പറയുമായിരുന്നുവെന്നാണ് താന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘മലപ്പുറത്തില്‍ ഉടക്കി ബി.ജെ.പി നേതൃത്വം’; ദയനീയ പ്രകടനത്തിന്റെ പേരില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം


രാഷ്ട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയയ്ക്കുന്നതും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെ വര്‍ഗീയതയാണെങ്കില്‍ മതേതരമാകാന്‍ തങ്ങളെന്താണ് ചെയ്യേണ്ടതെന്നും മതേതരമാപിനിയുമായി ഇറങ്ങിയവര്‍ ഒന്ന് പറഞ്ഞു തരണമെന്നും പി.കെ ഫിറോസ് പറയുന്നു.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം ശ്രീ.കൊടിയേരി ബാലകൃഷ്ണന്‍ മുതല്‍ ചെറിയാന്‍ ഫിലിപ്പ് വരെയുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സ്വത്വരാഷട്രീയവാദത്തിന്റെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതാണ് . വടക്കേ ഇന്ത്യയില്‍ മാത്രമല്ല ഏറെ പുരോഗമനമെന്ന് വിശ്വസിച്ച് പോരുന്ന കേരളത്തില്‍ പോലും മുസ്ലിംകള്‍ക്ക് സ്വത്വ പ്രതിസന്ധിയുണ്ട്. ദേശീയ തലത്തില്‍ പലപ്പോഴും തങ്ങളുടെ രാജ്യസ്‌നേഹമാണ് ബോധ്യപ്പെടുത്തേണ്ടതെങ്കില്‍ എകെ ആന്റണിയെ മലപ്പുറത്ത് കൊണ്ട് വന്ന് വിജയിപ്പിച്ച് മതേതരത്വം തെളിയിച്ച ചരിത്രമാണ് ഇവിടെ പറയേണ്ടി വരുന്നത്. അങ്ങിനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍ മലപ്പുറത്തുകാര്‍ എന്ത് പറയുമായിരുന്നു എന്നാണ് ഞാനാലോചിക്കുന്നത്.
രാഷട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വര്‍ഗ്ഗീയതയെങ്കില്‍ മതേതരമാവാന്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്?
മതേതര മാപിനിയുമായി ഇറങ്ങിയവര്‍ ഒന്ന് പറഞ്ഞ് തന്നാലും….

Advertisement