എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ കോളേജ് അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനായി അക്രമമുണ്ടാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഭയില്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി
എഡിറ്റര്‍
Monday 7th August 2017 9:50am

തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മെഡിക്കല്‍ കോഴയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി ബി.ജെ.പി ആക്രമണങ്ങള്‍ നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ ശരിവെച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. അതേസമയം ബി.ജെ.പി നേതാക്കള്‍ക്കെതിരായ നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ഉന്നയിച്ചത്. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ നിലപാടുകളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തുകയായിരുന്നു.

മെഡിക്കല്‍ കോളേജ് അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ അക്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതായി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പി അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.


Dont Miss അഴിമതിയ്ക്ക് മറയിടാന്‍ ‘അക്രമം’ ആയുധമാക്കി ബി.ജെ.പി ; കേന്ദ്രനേതാക്കളെയടക്കം ഉള്‍പ്പെടുത്തി വ്യാപക പ്രചരണത്തിന് നീക്കം


അതിനിടെ ക്രമസമാധാന തകര്‍ച്ച, രാഷ്ട്രീയ കൊലപാതകം എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കെ. മുരളീധരന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിത്.

പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. രാഷ്ട്രീയ സംഭവബഹുലമായ സാഹചര്യത്തില്‍ ചേരുന്ന കേരള നിയമ സഭയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം, ജി.എസ്.ടി. എന്നിവ സംബന്ധിച്ച നിര്‍ണായക ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച 9 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് ഇതില്‍ പ്രധാനം.

സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ കേരള മെഡിക്കല്‍ വിദ്യാഭ്യാസ ബില്ലും കേരള സഹകരണ സംഘങ്ങള്‍ ഭേദഗതി ബില്ലും അവതരിപ്പിക്കും. സഭാനടപടികളില്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ച് നിലപാട് വ്യക്തമാക്കാനാണ് സാധ്യത. 24ാം തിയതിയാണ് സമ്മേളനം അവസാനിക്കുന്നത്.

Advertisement