Administrator
Administrator
യു.ഡി.എഫ് ജാതിമത സംഘടനകളുടെ ഫെഡറേഷന്‍: പിണറായി
Administrator
Wednesday 25th May 2011 8:24pm

തിരുവനന്തപുരം: വി.എസ്.ഫാക്ടര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സഹായിച്ചെന്ന് സമ്മതിച്ചുകൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിന്റെ പരിതാപകരമായ അവസ്ഥയാണ് കാണുന്നത്. സി.പി.ഐ.എം സംസ്ഥാനസമിതിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വി.എസിന് വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. വി.എസ് പ്രചരിപ്പിച്ച വിഷയങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉണഅടാക്കിയത്. അതിന് തെളിവാണ് വി.എസ്. പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികളിലൊക്കെ വന്‍ ജനപങ്കാളിത്തം. ഐസ്‌ക്രീം, ഇടമലയാര്‍ തുടങ്ങിയ കേസുകള്‍ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയത് ഇടതുമുന്നണിക്ക് ഗുണം ചെയ്തുവെന്നും പിണറായി പറഞ്ഞു.ഐസ്‌ക്രീം പാര്‍ലര്‍ കേസ്, ഇടമലയാര്‍ കേസ്, കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ വെളിപ്പെടുത്തലുകള്‍ എന്നിവ യു.ഡി.എഫിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.

വികസനമുന്നേറ്റ ജാഥകള്‍ ഇടതുമുന്നണിയെ സഹായിച്ചു. ജാഥകള്‍ക്ക് ലഭിച്ച സ്വീകരണവും ജനപങ്കാളിത്തവും അതിന് തെളിവാണ്. കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും നയിച്ച വികസനമുന്നേറ്റ ജാഥകള്‍ കേരളത്തെ ഇളക്കിമറിക്കുകയായിരുന്നു. ഇത് എല്‍.ഡി.എഫിന് ഗുണം ചെയ്തു.

തെരഞ്ഞെടുപ്പില്‍ ജാതി മത സംഘടനകള്‍ വലിയ പങ്കാണ് വഹിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകള്‍ പലതും എല്‍.ഡി.എഫിനോട് പ്രത്യേക വിരോധം കാണിച്ചില്ല. എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ എളമരം കരീമിനെ തോല്‍പ്പിക്കാന്‍ ചില മത സംഘടനകള്‍ ശ്രമിച്ചു. പേരെടുത്ത് പറയാതെയാണ് മുസ്ലീം സംഘടനകള്‍ക്കെതിരെ വിമര്‍ശനം നടത്തിയത്.

ബി.ജെ.പി ഇത്തവണ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇത്തവണ ബി.ജെ.പി വോട്ട് മറിച്ചില്ല. എന്നാല്‍ ചില മണ്ഡലങ്ങളിലെ അവരുടെ സമീപനത്തില്‍ സംശയമുണ്ട്. വോട്ടു മറിക്കുന്നത് തടയാന്‍ ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ നേരിട്ടെത്തി ശ്രമിച്ചുവെങ്കിലും കോഴിക്കോട് സൗത്ത്, തൃത്താല, കഴക്കൂട്ടം, പാറശ്ശാല മണ്ഡലങ്ങളില്‍ ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിച്ചുവെന്ന ആരോപണം പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ് മന്ത്രിസഭയെക്കുറിച്ച് രൂക്ഷവിമര്‍ശനമാണ് പിണറായി നടത്തിയത്. കേരളജനതക്ക് അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് യു.ഡി.എഫ് ഇപ്പോള്‍ നടത്തുന്നത്. കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ചത് രാഷ്ട്രീയ അടിസ്ഥാനത്തിലല്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ്. ജാതിമത സംഘടനകളുടെ ഫെഡറേഷനായി യുഡിഎഫ് സര്‍ക്കാര്‍ മാറി. ആരാണ് ഇവിടെ ഭരണം നടത്താന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. ഇവിടെ ഓരോ ദിവസവും ഓരോരുത്തരും പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുകയാണ്.

അധികാരകേന്ദ്രീകരണമാണ് പുതിയ മന്ത്രിസഭ നടത്തുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് വിഭജനം ഭരണതലത്തില്‍ വലിയ തോതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കാനാണ് ഇത്തരം വികലമായ പ്രവര്‍ത്തനത്തിലൂടെ യു.ഡി.എഫ്. ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മൃഗസംരക്ഷണ വിഭാഗത്തിന്റെ ഭാഗമാണ് പാല്‍. എന്നാല്‍ മൃഗസംരക്ഷണവും ഡയറി ഫാമും രണ്ട് വകുപ്പുകള്‍ക്ക് നല്‍കുകയാണ് ചെയ്തത്. സ്വകാര്യപ്രാക്ടീസ് പുനസ്ഥാപിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. ധനമന്ത്രി ധവളപത്രത്തിലൂടെ ഉദാരവത്ക്കരണത്തെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

എന്‍.എസ്.എസ് പ്രത്യക്ഷമായും എസ്.എന്‍.ഡി.പി പലയിടത്തും ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പിനുശേഷം എന്‍.എസ്.എസിന്റെ നിലപാട് സുകുമാരന്‍ നായര്‍ പരസ്യമായി പറഞ്ഞുവെന്ന് മാത്രമെയുള്ളു. എല്‍.ഡി.എഫിനോടുള്ള എസ്.എന്‍.ഡി.പിയുടെ നിലപാട് കാപട്യമാണ്. ഇത്തരം ജാതി സംഘടനകളുടെ വിചാരം അവരുടെ പിന്തുണയോടെയാണ് രാഷ്ട്രീയ കക്ഷികള്‍ നിലനില്‍ക്കുന്നതെന്നാണ്. അങ്ങനെ കരുതുന്നുവെങ്കില്‍ ചങ്ങനാശേരി മണ്ഡലത്തിലെ വോട്ടിംഗ് നില എന്‍.എസ്.എസ് പരിശോധിക്കണം. അവിടെ എന്‍.എസ്.എസുകാര്‍ പോലും എല്‍.ഡി.എഫിനാണ് വോട്ടു ചെയ്ത്.

യു.ഡി.എഫ് വന്‍ തോതില്‍ പണമൊഴുക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു വോട്ടിന് പതിനായിരം പൂപവരെ ചിലയിടങ്ങളില്‍ നല്‍കിയിരുന്നുവെന്നാണ് കേള്‍ക്കുന്നത്. . വിജയിക്കുമെന്ന് കരുതിയ സീറ്റുകളിലെ പരാജയത്തെക്കുറിച്ച് ഗൗരവമായി പരിശോധിക്കുമെന്നും പിണറായി പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Advertisement