Administrator
Administrator
പാമൊലിന്‍, തരുണ്‍ദാസ്: സി.പി.ഐ.എം പ്രക്ഷോഭത്തിന്
Administrator
Saturday 13th August 2011 11:00am

കണ്ണൂര്‍: നിയമവ്യവസ്ഥ അംഗീകരിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂരില്‍ സി.പി.ഐ.എം സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയെ മാനിക്കുകയും വിധിയെ അംഗീകരിക്കുകയും ചെയ്യുന്നു. അതു കൊണ്ട് വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിയുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ അതുമാത്രം പോര. വിജിലന്‍സ് വകുപ്പ് മാത്രം ഒഴിയുന്നതുകൊണ്ട് പ്രശ്‌നം ഇല്ലാതാകുന്നില്ല. ഈ വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് പൊതുഭരണം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. തന്നെയുമല്ല സംസ്ഥാനത്തെ എല്ലാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ചുമതലയുള്ള ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ കീഴിലാണ്. അങ്ങനെയിരിക്കെ കോടതിവിധി അംഗീകരിക്കുന്നുവെങ്കില്‍, നിയമവ്യവസ്ഥയെ അംഗീകരിക്കുന്നുവെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്റെ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കുകയാണ് ചെയ്യേണ്ടത്.

മുഖ്യമന്ത്രിതന്നെ തനിക്കെതിരേയുള്ള കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത് ശരിയല്ല. എന്നിട്ടും രാജിയില്ലെന്ന സമീപനത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് ശരിയല്ല. എത്രയും പെട്ടെന്ന് രാജി വെച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ ജനാധിപത്യ സമ്മര്‍ദ്ദം വേണ്ടിവരും. അതിന്റെ ഭാഗമായി ഈ വരുന്ന 23 ന് എല്‍.ഡി.എഫ് ഒരു മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ മണ്ഡലങ്ങളുമായി ചേര്‍ന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ അതേ ദിവസംതന്നെ കളക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. അതിനുശേഷവും മുഖ്യമന്ത്രി തല്‍സ്ഥാനത്തു തുടരുകയാണെങ്കില്‍ അതിനെതിരെ ഞങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ പ്രതിഷേധം നടത്തേണ്ടിവരും.

തരുണ്‍ദാസിനെ ആസൂത്രണ കമ്മീഷന്‍ അംഗമായി നിയമിച്ചതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. സംസ്ഥാനത്തിന് യോജിച്ച ഒരു നിയമനമല്ല തരുണ്‍ദാസിന്റെ കാര്യത്തില്‍ സംഭവിച്ചത്. കോര്‍പ്പറേറ്റുകളുടെ പ്രതിനിധിയാണ് തരുണ്‍ദാസ്. ഒട്ടേറെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു സംസ്ഥാനമാണ് കേരളം. തരുണ്‍ദാസിനെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ ആസൂത്രണ കമ്മീഷനില്‍ വന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടും. അയാള്‍ ഏതു ഉപദേഷ്ടാവായാലും ഇത് സംഭവിക്കും.

രാജ്യത്ത് ആരു മന്ത്രിയാവണം എന്ന് തീരുമാനിക്കാന്‍ അദ്ദേഹം ശ്രമം നടത്തിയതിന്റെ തെളിവുകളാണ്  നീരാ റാഡിയ ടേപ്പ് വിവാദം. പണ്ട് അദ്ദേഹം എന്തു ചെയ്തു എന്നല്ല, ഇപ്പോള്‍ എന്തു ചെയ്യുന്നു എന്നും തൊട്ടുമുമ്പ് എന്തു ചെയ്തു എന്നുമാണ്‌ നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ആസൂത്രണ കമ്മീഷനില്‍ അംഗമാകാന്‍ അദ്ദേഹത്തിന് യാതൊരു യോഗ്യതയുമില്ല.

അതുപോലെത്തന്നെ  കാസര്‍കോഡ്‌ വെടിവെയ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്വീകരിച്ച നിലപാടും ശരിയല്ല. എല്‍.ഡി.എഫ് അധികാരത്തിലിരുന്ന സമയത്ത് സംഭവിച്ച കാസര്‍കോഡ്‌ വെടിവെയ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയിരുന്നു. അധികാരമാറ്റമുണ്ടായപ്പോള്‍ ഒരു ഘട്ടത്തിലെത്തിയ അന്വേഷണം അട്ടിമറിക്കപ്പെടുന്നതായാണ് കണ്ടത്. അന്ന് ലീഗിന്റെ സമ്മേളനം നടക്കുന്ന സമയത്താണ് പ്രക്ഷോഭമുണ്ടാകുന്നത്. സമ്മേളനങ്ങള്‍ പ്രകോപനപരമാകുന്നത് സ്വാഭാവികമാണ്. പക്ഷേ ലീഗിന്റെ കാര്യത്തില്‍ സമ്മേളനം ആരംഭിച്ചപ്പോള്‍തന്നെ പ്രകോപനത്തിലേക്ക് തിരിയുന്നതാണ് കണ്ടത്.

കാസര്‍കോഡ്‌ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ലീഗ് ശ്രമിച്ചുവെന്ന് അന്വേഷണം നടത്തിയ നിസാര്‍ കമ്മീഷന്റെ മുമ്പാകെ നല്‍കിയ മൊഴിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഗീയ കലാപമുണ്ടാക്കാന്‍ ലീഗിന്  ഗൂഢോദ്ദേശ്യമുണ്ടായിരുന്നു എന്ന മൊഴി ലീഗ് നേതാക്കള്‍ പറയുന്നതുപോലെ പടച്ചു വിട്ടതല്ല. നിസാരമായി തള്ളേണ്ടതല്ല ഈ സംഭവങ്ങള്‍. എന്നാല്‍ ഇതിനെ വളരെ നിസാരമാക്കിയാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. മാത്രമല്ല, അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ സംഭവമാണ് കേസന്വേഷണം നടത്തിയ ജസ്റ്റിസ് നിസാറിന്റെ വീടാക്രമണം. ഒരു പക്ഷേ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം നടക്കുന്നത്. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നതിന് തെളിവായിട്ടേ ഇതിനെ കാണാനാവു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയല്ല. എന്‍ഡോസള്‍ഫാന്‍ ജനിതകവൈകല്യങ്ങള്‍ക്കു കാരണമാകുന്നുണ്ട്. നിരവധിപേര്‍ മരണപ്പെടുന്നു. മരണപ്പെടുന്നു എന്നതിനേക്കാള്‍ ഇതിന്റെ ഭാഗമായി കൊല്ലപ്പെടുന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിനെതിരെ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ശുഷ്‌കാന്തിയോടെ സ്വീകരിച്ച നടപടികളില്‍നിന്നും യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതായാണ് കണ്ടത്. എല്‍ഡിഎഫ് സ്വീകരിച്ച നടപടികളെല്ലാം ഫലത്തില്‍ അട്ടിമറിക്കുന്നതായാണ് കണ്ടത്. ഈ വിഷയത്തില്‍ കൂടുതല്‍ മനുഷ്യത്വപരമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം. എന്‍ഡോസള്‍ഫാനെ കീടനാശിനിയായല്ല, മനുഷ്യനാശിനിയായിത്തന്നെ കാണണം. ദുരിതം അനുഭവിക്കുന്നവരുടെ സംരക്ഷണത്തിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയും അങ്ങേയറ്റം അപമാനകരമാണ്.

ബസ് ചാര്‍ജ് വര്‍ധനയിലെ അപാകത പരിഹരിക്കാന്‍ സമഗ്രമായ തിരുത്തല്‍ നടപടി ഉണ്ടാകണം. സംസ്ഥാനത്തെ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ഇല്ലെങ്കില്‍ പ്രാദേശികമായ തലത്തില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും.

‘ആരോപണമുന്നയിക്കുന്നവരുടെ മാനസികനില പരിശോധിക്കണം’

Advertisement