എഡിറ്റര്‍
എഡിറ്റര്‍
സത്യം തെളിയിച്ച് കാണിച്ച കോടതിയോട്, എനിക്കൊപ്പം നിന്ന പാര്‍ട്ടിയോട്, സഖാക്കളോട് എല്ലാവരോടും നന്ദിമാത്രം: പിണറായിയുടെ പത്രസമ്മേളനത്തിന്റെ പൂര്‍ണരൂപം
എഡിറ്റര്‍
Wednesday 23rd August 2017 4:05pm

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സന്തോഷിക്കേണ്ട ഈ ഘട്ടത്തിലും ആത്യന്തികമായി സത്യം തെളിയിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന്പ്രവര്‍ത്തിച്ച എം.കെ ദാമോദരന്‍ ഒപ്പമില്ലല്ലോ എന്ന ദുഖമുണ്ടെന്നും പിണറായി പറഞ്ഞു. സഹോദര സ്‌നേഹത്തോടെ ബോധ്യപ്പെട്ട സത്യം തെളിയിക്കാനായി അദ്ദേഹം പൊരുതുകയായിരുന്നെന്നും പിണറായി ഓര്‍മ്മിച്ചു.

എല്ലാ ഘട്ടത്തിലും വേട്ടയാടലുകള്‍ നേരിട്ടിട്ടുണ്ട്. ആദ്യം യു.ഡി.എഫ് കാലത്ത് നടന്ന വിജിലന്‍സ് അന്വേഷണം. ആ അന്വേഷണത്തില്‍ പ്രതിയാക്കാന്‍ വേണ്ട ഒന്നും കണ്ടെത്താനാവുന്നില്ല എന്നായിരുന്നു തെളിഞ്ഞത്. രണ്ടാമത് കേസ് സി.ബി.ഐക്ക് വിട്ടതിന്റെ ഭാഗമായുള്ള സി.ബി.ഐയുടെ പരിശോധന. എല്ലാ ഫയലുകളും രേഖകളും പരിശോധിച്ച ശേഷം സി.ബി.ഐ കേസെടുക്കാന്‍ മാത്രം ഒന്നും കാണുന്നില്ലെന്ന നിഗമനത്തിലായിരുന്നു. അതും സത്യം തെളിയുന്നതിന്റെ ഭാഗമായിരുന്നു.


Dont Miss ലാവ്‌ലിന്‍ കേസ്; പാര്‍ട്ടി എടുത്ത നിലപാട് സാധൂകരിക്കപ്പെട്ടതില്‍ സന്തോഷമെന്ന് എസ്.ആര്‍.പി


പക്ഷേ രാഷ്ട്രീയപ്രേരിതമായി സി.ബി.ഐക്ക് മേലെ വന്ന സമ്മര്‍ദ്ദത്തിന്റ ഭാഗമായാണ് കേസ് ഉദയം ചെയ്തത്. കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലുള്ള കാര്യങ്ങള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. വലിയ തോതിലുള്ള വേട്ടയാടലുകളാണ് ഉയര്‍ന്നു വന്നത്. എന്നെ മുന്‍നിര്‍ത്തി സി.പി.ഐ.എം എന്ന പാര്‍ട്ടിയെ വേട്ടയാടുന്ന ചിത്രമായിരുന്നു കാണാന്‍ കഴിഞ്ഞത്. ആ സന്ദര്‍ഭത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ പലരുടേയും മനസില്‍ ഉണ്ടാകും.

എല്ലാ കാര്യങ്ങളും പരിശോധിച്ച കേന്ദ്രകമ്മിറ്റി കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്ന് അന്ന് വ്യക്തമാക്കുകയുണ്ടായി. പിന്നീട് സി.ബി.ഐ കോടതി കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഇത്തരമൊരു കേസ് ചാര്‍ജ്ജ് ചെയ്യേണ്ടതില്ല എന്ന വിധിച്ചപ്പോള്‍ ആ നിലപാട് കൂടുതല്‍ വസ്തുതാപരമാവുകയായിരുന്നു. അങ്ങനെ സത്യം തെളിയുന്ന നിരവധി ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്.

ഹൈക്കോടതി തന്നെ ഇപ്പോള്‍ സി.ബി.ഐ കോടതിവിധി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എന്റെ പേരിലുള്ള ആരോപണം നിലനില്‍ക്കുന്നതല്ല എന്ന് കണ്ടെത്തിയിരിക്കുന്നു. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അറിഞ്ഞിടത്തോളം വിവരങ്ങള്‍ വ്യക്തമാക്കുന്നത് പിണറായി വിജയനെ സി.ബി.ഐ തിരഞ്ഞുപിടിച്ച് ബലിയാടാക്കി എന്നാണ് ഹൈക്കോടതി പറഞ്ഞത്.

പല മന്ത്രിമാര്‍ വന്നിട്ടും ഒരാളെ മാത്രം തിരഞ്ഞുപിടിച്ച് ബലിയാടാക്കി എന്ന് പറഞ്ഞ് സി.ബി.ഐ പിണറായിയെ മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചെന്നും കോടതി പറഞ്ഞു. സി.ബി.ഐ ഇത്തരമൊരു നില ചെയ്യുന്നതിന് ഇടയായത് സിബി.ഐയുടെ മേലെ വന്ന രാഷ്ട്രീയസമ്മര്‍ദ്ദമാണ് എന്ന് എല്ലാവര്‍ക്കും അറിയാം.

ഏതായാലും എന്റെ പേരിലുള്ള ആരോപണം നിലനില്‍ക്കുന്നില്ലെന്ന് കണ്ടെത്തിയ ഈഘട്ടത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സത്യം തെളിഞ്ഞു എന്നതിന്റെ സന്തോഷം രേഖപ്പെടുത്തട്ടെ. സത്യത്തിന്റെ സ്ഥിരീകരണമാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ വിധി.

ജുഡീഷ്യറിയോട് ആദരവ് പുലര്‍ത്തിക്കൊണ്ട് തന്നെയാണ് പ്രവര്‍ത്തിച്ചത്. കോടതി സത്യം കണ്ടെത്തുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഹൈക്കോടതി വിധിയിലൂടെ അത് ദൃശ്യമായി. ജനങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞ സത്യമാണ്ഇത്. അത്തരമൊരു ഘട്ടത്തില്‍ ജനവിധി തേടാന്‍ ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ തന്ന വിധി അത് വ്യക്തമാക്കയിരുന്നു. എല്ലാം സമഗ്രമായി വിലയിരുത്തിയ ശേഷം ഹൈക്കാേടതിയും അംഗീകരിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്.

തുടക്കത്തിലേ ഞങ്ങള്‍ പറഞ്ഞ രാഷ്ട്രീയഗൂഢാലോചനയുടെ കാര്യം കൃത്യമായി കണ്ടെത്തി പുറത്തുകൊണ്ടു വന്നു എന്നതില്‍ സന്തോഷം. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണെന്ന് കേന്ദ്രകമ്മിറ്റി വ്യ്കതമാക്കിയതാണ്. ഹൈക്കോടതി അത് കൃത്യമാിയ വെളിവാക്കുന്നു എന്നതാണ് പ്രത്യേകത.

കേസ് വിധിപറയാന്‍ മാറ്റിവെച്ചതിനെ തുടര്‍ന്ന് ഊമക്കത്ത് വന്നു എന്ന് എടുത്ത് പറഞ്ഞ കോടതിക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടായിരുന്നു എന്ന് ബോധ്യപ്പെട്ടു. ഈ ദിവസം കാത്തിരുന്ന പലരും ഉണ്ട്.

പോസിറ്റീവായി കാണുന്നവര്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പിനെനേരിട്ടപ്പോള്‍ എനിക്ക് അനുകൂലമായി നല്‍കിയ വിധി മാത്രമല്ല. വലിയ വിഭാഗം ജനങ്ങള്‍ സത്യം നേരത്തെ തിരിച്ചറിഞ്ഞവാണ്. എങ്കിലും ചില നിഗൂഢ ശക്തികള്‍ വേട്ടയാടുന്നതിന് വേണ്ടി പിറകെ തന്നെ ഉണ്ടായിരുന്നു. അവര്‍ക്ക് ഈ വിധി നിരാശ ഉണ്ടാക്കും എന്ന് തന്നെയാണ് കാണേണ്ടത്.

ഓര്‍ക്കേണ്ട മറ്റൊരു കാര്യം സി.ബി.ഐ കോടതിയില്‍ നേരത്തെ കേസ് ചാര്‍ജ് ചെയ്ത ഘട്ടത്തില്‍ കോടതി തന്നെ ചോദിച്ചിരുന്നു ഇത് രാഷ്ട്രീയതാത്പര്യത്തോടെയാണോ എന്ന്. തിരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയാണോ എന്നും കോടതി ചോദിക്കുകയുണ്ടായി.

എന്തുതന്നെയായാലും ആത്യന്തികമായി സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ട്. സത്യത്തെ തെളിയിച്ച് കാണിച്ച് തന്ന എനിക്കൊപ്പം നിന്ന എന്റെ പാര്‍ട്ടിയോടും സഖാക്കളോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. കേരളത്തിന്റെ വികസന പദ്ധതികള്‍ കൂടുതല്‍ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകന്‍ ഹൈക്കോടതി വിധി ഊര്‍ജ്ജം നല്‍കുന്നു എന്നും പിണറായി പറഞ്ഞു.

Advertisement