കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോള്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ശബ്ദിക്കണം: മുഖ്യമന്ത്രി
Kerala News
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോള്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ശബ്ദിക്കണം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th July 2023, 1:07 pm

തിരുവനന്തപുരം: കേരളത്തിന്റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലില്‍ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എം.പിമാരെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.

ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങള്‍ ഇതുവരെ ജി.എസ്.ടി കൗണ്‍സില്‍ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ സംസ്ഥാനത്തിനുള്ള വിഹിതം കിട്ടാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് എം.പിമാര്‍ പറഞ്ഞതായി സി.പി.ഐ.എം കേരളയുടെ ഔദ്യഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രം നടത്തുന്ന നിയമനിര്‍മാണ നടപടികളെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കണം. 2023 ഓഗസ്റ്റ് 15 മുതല്‍ സെപ്തബര്‍ 15 വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയില്‍ അമിതമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഈ വിഷയം കേന്ദ്രവ്യോമയാന മന്ത്രിക്ക് അയച്ച കത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. യാത്ര സുഗമമാക്കാന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിന്‍മേല്‍ അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള പോയിന്റ് ഓഫ് കോള്‍ അംഗീകാരം ലഭ്യമാക്കാനാവണം. കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള ഭൂമി ഒരു മാസത്തിനകം ഏറ്റെടുത്ത് നല്‍കും.
റെയില്‍വേ ട്രാക്കിന് കുറുകെ ഇ.എച്ച്.ടി ലൈനുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അനുമതി ലഭിക്കേണ്ടതുണ്ട്.

തലശേരി – മൈസൂര്‍, നിലമ്പൂര്‍ – നഞ്ചങ്കോട് റെയില്‍ പദ്ധതികളുടെ പുതുക്കിയ അലൈന്‍മെന്റില്‍ വിശദമായ സര്‍വ്വേ നടത്തി ഡി.പി.ആര്‍ തയ്യറാക്കുന്നതിന് കര്‍ണാടക സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാകാനുണ്ട്. അത് വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ടതുണ്ട്. അങ്കമാലി – ശബരി റെയില്‍പദ്ധതിയുടെ എസ്റ്റിമേറ്റ്, ഡി.പി.ആര്‍ എന്നിവ അംഗീകരിക്കുന്നതിനും മതിയായ തുക അനുവദിക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്തണം. കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍ പാതയുടെ കാര്യത്തിലും ഇടപെടല്‍ ഉണ്ടാവണം.

കെ.എസ്.ഐ.ഡി.സിയും ശ്രിചിത്രയും ചേര്‍ന്ന് നടപ്പാക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നടത്തിപ്പിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിന് ശ്രീചിത്ര തിരുനാള്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളിജിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിലവില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ കിടക്കുകയാണ്.

ഇത് എത്രയും വേഗത്തില്‍ ലഭ്യമാക്കണം. എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുള്ള തടസം നീക്കണം. പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിനെ സംസ്ഥാനസര്‍ക്കാരിന് കൈമാറാനുള്ള നടപടികളുമുണ്ടാകണം. കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ 123 ഏക്കര്‍ സ്ഥലത്താണ് കമ്പനി സ്ഥിതി ചെയ്യുന്നത്,’ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Pinarayi Vijayan MPs should raise their voices in Parliament when the Center is squeezing Kerala economically