എഡിറ്റര്‍
എഡിറ്റര്‍
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും; മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി
എഡിറ്റര്‍
Wednesday 25th May 2016 10:08am

pinarayi668

തിരുവനന്തപുരം: സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ എല്‍.ഡി.എഫ് മന്ത്രിസഭ ഇന്ന് വൈകുന്നേരും നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. സെക്രട്ടേറിയറ്റിന്റെ തൊട്ടുപിറകിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാണ് അധികാരമേല്‍ക്കുന്നത്.

ഇതിനു മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്നരയ്ക്കകം സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെന്നു ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അറിയിച്ചു. 3.50നു പിണറായിയും മന്ത്രിമാരും വേദിയിലെത്തും. ഇവരെ ചീഫ് സെക്രട്ടറി സ്വീകരിക്കും.

3.55നു ഗവര്‍ണര്‍ വേദിയില്‍ പ്രവേശിക്കും. തുടര്‍ന്നു ദേശീയഗാനാലാപനത്തിനു ശേഷം സത്യപ്രതിജ്ഞ. തുടര്‍ന്നു രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസല്‍ക്കാരത്തിനു ശേഷമാവും പുതിയ മന്ത്രിസഭയുടെ ആദ്യയോഗം.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സി.പി.എമ്മില്‍ നിന്ന് ഡോ. തോമസ് ഐസക്, ഇ.പി. ജയരാജന്‍, ജി. സുധാകരന്‍, എ.കെ. ബാലന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍ എന്നിവരും സി.പി.ഐയില്‍ നിന്ന് ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നിവരും

മാത്യു ടി. തോമസ് (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), കടന്നപ്പളളി രാമചന്ദ്രന്‍(കോണ്‍ഗ്രസ്എസ്) എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

പുതുമുഖങ്ങള്‍ ഏറെയുള്ള മന്ത്രിസഭയില്‍ മുമ്പ് മന്ത്രിമാരായിരുന്നവര്‍ ആറുപേര്‍ മാത്രമാണ്. സി.പി.എമ്മിലെ എട്ടുപേരും സി.പി.ഐയിലെ നാലു പേരും എന്‍.സി.പിയിലെ എ.കെ. ശശീന്ദ്രനും പുതുമുഖങ്ങളാണ്.

സി.പി.ഐ.എം നേതൃത്വത്തിലുള്ള ആറാമതു മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. 14ാമതു നിയമസഭ ചേരാന്‍ പോകുമ്പോള്‍ പിണറായി വിജയന്‍ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. മുന്‍ പ്രധാനമന്ത്രി ദേവെഗൗഡ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകും.

വേദിയിലും പുറത്തും സുരക്ഷക്കും ഗതാഗത ക്രമീകരണത്തിനുമായി 2000ത്തിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് തന്നെ പ്രഖ്യാപിക്കും. ഗവര്‍ണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കുക.

Advertisement