Administrator
Administrator
‘ആരോപണമുന്നയിക്കുന്നവരുടെ മാനസികനില പരിശോധിക്കണം’
Administrator
Saturday 13th August 2011 11:28am

പാര്‍ട്ടിയില്‍ അടുത്തിടെയുണ്ടായ വിവാദങ്ങള്‍ക്കും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിശദമായ മറുപടി. ഏറെക്കാലത്തിന് ശേഷം പിണറായി കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം വിശദമായ മറുപടി നല്‍കുകയും ചെയ്തു.

പാര്‍ട്ടിയിലെ ചില വാര്‍ത്തകള്‍ ചോരുന്നുണ്ടെന്നും അത് സി.പി.ഐ.എം പോലുള്ള പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി. ഇത് മാധ്യമങ്ങളുടെ മികവ് മാത്രമാണെന്ന് കരുതുന്നില്ല. അതിന് പിന്നില്‍ മറ്റ് ചിലരും കാണും. ഇക്കാര്യം പാര്‍ട്ടി പരിശോധിച്ച് വരികയാണ്. പാര്‍ട്ടി ഇത് അന്വേഷിക്കുന്നത് ചിലരെ വേവലാതിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

‘ പാര്‍ട്ടിയിലെ ചില വാര്‍ത്തകള്‍ ചോരുന്നുണ്ട്. ഇത് അപമാനകരമാണ്. വാര്‍ത്ത ചോരുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴത്തെ മാധ്യമരംഗത്ത് മികവുറ്റ മാധ്യമപ്രവര്‍ത്തകരുണ്ട്. എന്നാല്‍ അവരുടെ മികവ് കൊണ്ട് മാത്രമാണ് വാര്‍ത്ത ചോരുന്നതെന്ന് കരുതാനാവില്ല. അതിന് പിന്നില്‍ മറ്റ് ചിലരും കാണാം. അത് എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഞങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇത് ചിലരെ വേവലാതിപ്പെടുത്തിയിട്ടുണ്ട്’- പിണറായി വ്യക്തമാക്കി.

ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഉന്നയിച്ച വിമര്‍ശനത്തോടും അദ്ദേഹം പ്രതികരിച്ചു. ‘ അത്തരക്കാര്‍ സംസാരിക്കുന്നത് സാമാന്യ മനോലയിലാണോയെന്ന് പരിശോധിക്കണം. കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസില്‍ ഒരു ചെറുപ്പക്കാരന്‍ വന്നിരുന്നു. കാണാന്‍ നല്ല നിലയിലുള്ള ചെറുപ്പക്കാരനായിരുന്നു. തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് അയാള്‍ ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ കയറിയിരുന്ന് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞയാളെപ്പോലുള്ളവരാണിത്. നാട്ടില്‍ അങ്ങിനെ പലരുമുണ്ടാകും. അതൊന്നും പാര്‍ട്ടി ഗൗരവമായെടുക്കാറില്ല.

എനിക്കെതിരെ കുറെക്കാലമായി വാര്‍ത്തകള്‍ വരുന്നുണ്ട്. അത് എന്നുമുതലാണ് തുടങ്ങിയതെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ ശത്രുക്കളില്‍ നിന്ന് വലിയ ശാരീരിക ഭീഷണി നേരിട്ടിരുന്നു. അന്നൊന്നും മാധ്യമങ്ങളുടെ എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നെ ഞാന്‍ പ്രവര്‍ത്തനം സംസ്ഥാന കമ്മിറ്റിയിലേക്ക് മാറ്റി. അന്നും എതിര്‍പ്പുണ്ടായിരുന്നില്ല.

പിന്നെ ഞാന്‍ എതിര്‍ക്കപ്പെടേണ്ട ഘട്ടം മന്ത്രിയായിരുന്നപ്പോഴാണ്. അന്നും എതിര്‍പ്പുണ്ടായില്ല. ഞാന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ശരിയായില്ലെന്ന് പറഞ്ഞ മാധ്യമങ്ങളുണ്ട്. അന്നത്തെ പത്രമൊക്കെ എന്റെ കൈവശമുണ്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയതോടെ ചിത്രം മാറി. ഇത് വിജയന്‍ എന്ന വ്യക്തിക്കെതിരെയുള്ള എതിര്‍പ്പായല്ല ഞാന്‍ കാണുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ നേതൃത്വത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ് ആദ്യം വേണ്ടതെന്ന് എതിര്‍ക്കുന്നവര്‍ക്കറിയാം. അത് മനസ്സിലാക്കാനുള്ള ധാരണയൊക്കെ എനിക്കുണ്ട്.

വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.’ ഇത്തരം പോസ്റ്ററുകള്‍ വരുന്നത് പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ ഭാഗമായല്ല. ഇവിടത്തെ ഓഫീസിനടുത്തും പോസ്റ്ററുകള്‍ വന്നിരുന്നു. പല പോസ്റ്ററുകളും പലയിടത്തും വരുന്നുണ്ട്. ഇത് പാര്‍ട്ടി ചര്‍ച്ച ചെയ്യാറില്ല’ -പിണറായി വ്യക്തമാക്കി.

വി.എസിനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയെന്ന വാര്‍ത്തയും പിണറായി നിഷേധിച്ചു. നിങ്ങള്‍ അടിസ്ഥാനമില്ലാതെ വാര്‍ത്ത കൊടുത്തു. പിന്നീട് മാധ്യമങ്ങള്‍ എല്ലാ സംവിധാനങ്ങളുമായി കൊല്‍ക്കൊത്തയിലേക്ക് പോയി. കൊല്‍ക്കൊത്തയില്‍ കേരളത്തിലെ മാധ്യമങ്ങളുടെ നല്ല സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ അവിടെ ഒന്നും സംഭവിച്ചില്ല. മാധ്യമങ്ങളുടെ കഥ വസ്തുതയല്ലാതായതോടെ അത് ന്യായീകരിക്കാന്‍ വേണ്ടിയായി പിന്നീട് ശ്രമം. സംസ്ഥാന സെക്രട്ടറി വരാതിരുന്നത് കൊണ്ടാണ് പരാതി ചര്‍ച്ച ചെയ്യാതിരുന്നതെന്നായി പിന്നീടത്തെ വാര്‍ത്ത. ഇതെല്ലാം അടിസ്ഥാന രഹിതമാണ്- പിണറായി വ്യക്തമാക്കി.

പാമൊലിന്‍, തരുണ്‍ദാസ്: സി.പി.ഐ.എം പ്രക്ഷോഭത്തിന്

Advertisement