എഡിറ്റര്‍
എഡിറ്റര്‍
വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്പ്പെടുത്തിക്കളയാം എന്ന് സംഘപരിവാര്‍ കരുതേണ്ട; കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ പിണറായി
എഡിറ്റര്‍
Monday 2nd October 2017 11:30pm


തിരുവനന്തപുരം: കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആര്‍.എസ്.എസിന്റെ വര്‍ഗീയ രാഷ്ട്രീയവും മൂടിവെക്കാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി കേന്ദ്ര മന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ സംസാരിച്ചത്.


Also Read: ഒരു സെന്റ് ഭൂമിയില്ലാത്ത കായികതാരങ്ങളുണ്ട്; പി.ടി ഉഷക്ക് ഭൂമി നല്‍കേണ്ടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍


അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തുന്ന ജാഥ ആരംഭിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നാണെന്ന് പറഞ്ഞ പിണറായി സമാധാനപരമായ ജനജീവിതം നിലനിന്ന അവിടെ ഡി.വൈ.എഫ്.ഐ നേതാവും സി.പി.ഐ.എം പ്രവര്‍ത്തകനുമായ സിവി ധനരാജിനെ രാത്രി വീട്ടില്‍ വെട്ടി കൊലപ്പെടുത്തിയതെന്തിനായിരുന്നു എന്ന് അമിത്ഷായും നേതാക്കളും സ്വന്തം അനുയായികളോട് ചോദിക്കണമെന്ന് പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയിലും കേരളത്തിലും നടത്തിയ അക്രമസംഭവങ്ങള്‍ വിവരിച്ച് കൊണ്ടാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്പ്പെടുത്തിക്കളയാം എന്ന് സംഘപരിവാര്‍ കരുതേണ്ടതില്ലെന്നും സമാധാനം കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്നും പിണറായി പോസ്റ്റിലൂടെ പറയുന്നു.

ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു ജാഥാ പ്രഹസനം നടത്തുന്നതിന് പകരം സ്വന്തം അണികളെ അടക്കി നിര്‍ത്തി സമാധാനം നിലനിര്‍ത്താനുള്ള മുന്‍കൈയാണ് കേന്ദ്ര മന്ത്രിയില്‍ നിന്നും കേന്ദ്ര ഭരണകക്ഷി നേതൃത്വത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പറയുന്ന പിണറായി കേരളത്തെ ലക്ഷ്യമിട്ടു നടത്തുന്ന അഭ്യാസങ്ങള്‍ കേരളവും മലയാളികളും നെഞ്ചോട് ചേര്‍ത്തു വെച്ച മത നിരപേക്ഷതയും ശരിയായ രാഷ്ട്രീയവും സംഘപരിവാറിനെ എത്രയേറെ അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണെന്നും പറഞ്ഞു.


Dont Miss: അവാര്‍ഡുകള്‍ തിരിച്ച് നല്‍കുമെന്ന് പറഞ്ഞിട്ടില്ല; മോദിക്കെതിരായ പ്രസംഗത്തില്‍ വിശദീകരണവുമായി പ്രകാശ് രാജ്


ഇതിന്റെ അലോസരവും അസ്വസ്ഥതയുമാണ് ശ്രീ ജാവ്‌ദേക്കറിന്റെയും മോഹന്‍ ഭാഗവതിന്റെയും വാക്കുകളില്‍ പ്രകടമാകുന്നതെന്നും അമിത്ഷായുടെ ജാഥയും അതിന്റെ പ്രതിഫലനമാണെന്നും പറഞ്ഞാണ് പിണറായി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ആര്‍ എസ് എസും കേന്ദ്ര മന്ത്രിമാരും പിന്മാറണം. ഫെഡറല്‍ തത്വങ്ങള്‍ മറന്നു കേരളത്തിനെതിരെ നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്.

കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആര്‍.എസ്.എസിന്റെ അക്രമ- വര്‍ഗീയ രാഷ്ട്രീയവും മൂടിവെക്കാനുള്ള ദുര്‍ബലമായ തന്ത്രമാണ്.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തുന്ന ജാഥ ആരംഭിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നാണ്.

സമാധാനപരമായ ജനജീവിതം നിലനിന്ന അവിടെ ഡി.വൈ.എഫ്.ഐ നേതാവും സി.പി.ഐ.എം പ്രവര്‍ത്തകനുമായ സിവി ധനരാജിനെ 2016 ജൂലൈ 11 ന് രാത്രി വീട്ടില്‍ വെട്ടി കൊലപ്പെടുത്തിയതെന്തിനായിരുന്നു എന്ന് അമിത്ഷായും നേതാക്കളും സ്വന്തം അനുയായികളോട് ചോദിക്കണം.

ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ധര്‍മ്മടം മണ്ഡലത്തില്‍ മെയ് 19 നു തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ എല്‍ ഡി എഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ നടന്ന ആര്‍ എസ് എസ് ആക്രമണത്തിലാണ് ചേരിക്കലിലെ സി വി രവീന്ദ്രന്‍ എന്ന തൊഴിലാളി സഖാവിനെ കൊലപ്പെടുത്തിയത്. രവീന്ദ്രന്റെ മകന്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കാണ് അന്ന് ബോംബേറില്‍ പരിക്കേറ്റത്. ആ കുടുംബത്തെ കുറിച്ചും മേഖലയില്‍ അശാന്തി വിതച്ച ആ കൊലപാതകത്തെ കുറിച്ചും അമിത് ഷായും ജാഥ നടത്തുന്ന ഇതര ബിജെപി നേതാക്കളും അന്വേഷിക്കണം.

ഈ ഒക്ടോബര്‍ 10 കെ മോഹനന്റെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് സി പി ഐ എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും കള്ള് ഷാപ്പ് തൊഴിലാളിയുമായ കെ മോഹനനെ ജോലിക്കിടയില്‍ ഷാപ്പില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. വാളാങ്കിച്ചാല്‍ എ.കെ.ജി സ്മാരക വായനശാല പ്രസിഡണ്ടായിരുന്ന ആ സര്‍വസ്വീകാര്യനായ പൊതു പ്രവര്‍ത്തകനെ എന്തിനായിരുന്നു കൊന്നതെന്ന് അനുയായികളോട് അന്വേഷിക്കാനും അമിത്ഷായും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറും തയാറാകണം.

2017 ജൂലൈ മൂന്നിനാണ് സി പി ഐ എം പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ശ്രീജന്‍ ബാബുവിനെ തലശ്ശേരി നായനാര്‍ റോഡില്‍ വെച്ച് പകല്‍ സമയത്തു ആര്‍.എസ്.എസുകാര്‍ വെട്ടി ഭീകരമായി പരിക്കേല്‍പ്പിച്ചത്. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് രമ്യയുടെ ഭര്‍ത്താവ് കൂടിയായ ശ്രീജന്‍ ബാബുവിന്റെ ജീവന്‍ ബാക്കിയുണ്ട് എന്നേയുള്ളൂ.

കണ്ണൂരില്‍ നടന്ന എല്ലാ സമാധാന ശ്രമങ്ങളെയും ധിക്കരിച്ചു, സ്വന്തം നേതാക്കള്‍ പങ്കെടുത്തു നടത്തിയ സമാധാന ചര്‍ച്ചയെ പോലും അവഗണിച്ചു ആര്‍ എസ് എസ് കണ്ണൂരില്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അമിത് ഷാ അന്വേഷിക്കും എന്നാണു കരുതുന്നത്.
അതിനു ശ്രീ പ്രകാശ് ജാവ്ദേക്കര്‍ മുന്‍കൈ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്‌പ്പെടുത്തിക്കളയാം എന്ന് സംഘപരിവാര്‍ കരുതേണ്ടതില്ല. സമാധാനം കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതു. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു ജാഥാ പ്രഹസനം നടത്തുന്നതിന് പകരം സ്വന്തം അണികളെ അടക്കി നിര്‍ത്തി സമാധാനം നിലനിര്‍ത്താനുള്ള മുന്‍കൈയാണ് കേന്ദ്ര മന്ത്രിയില്‍ നിന്നും കേന്ദ്ര ഭരണകക്ഷി നേതൃത്വത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

തെറ്റായ പ്രചാര വേല തുടര്‍ച്ചയായും സംഘടിതമായും സംഘടിപ്പിക്കുക, തെരുവ് നാടകത്തിലെ രംഗം പോലും ‘കേരളത്തിലെ കൊലപാതക’മായി പ്രചരിപ്പിക്കാന്‍ ചില മാധ്യമങ്ങളെ ഉപയോഗിക്കുക, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉയര്‍ത്തി മാധ്യമ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക- കേരളത്തെ ലക്ഷ്യമിട്ടു നടത്തുന്ന ഈ അഭ്യാസങ്ങള്‍ കേരളവും മലയാളികളും നെഞ്ചോട് ചേര്‍ത്തു വെച്ച മത നിരപേക്ഷതയും ശരിയായ രാഷ്ട്രീയവും സംഘപരിവാറിനെ എത്രയേറെ അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ്. ആ അലോസരവും അസ്വസ്ഥതയുമാണ് ശ്രീ ജാവ്‌ദേക്കറിന്റെയും മോഹന്‍ ഭാഗവതിന്റെയും വാക്കുകളില്‍ പ്രകടമാകുന്നത്. അമിത്ഷായുടെ ജാഥയും അതിന്റെ പ്രതിഫലനമാണ്.’

Advertisement