എഡിറ്റര്‍
എഡിറ്റര്‍
‘പരീക്ഷ നടത്തിപ്പുപോലും നേരെ ചൊവ്വേ നടത്താന്‍ പറ്റാത്ത സര്‍ക്കാര്‍’: യു.ഡി.എഫ് സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ പഴയ എഫ്.ബി പോസ്റ്റ് വൈറലാവുന്നു
എഡിറ്റര്‍
Monday 27th March 2017 12:00pm

കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ വിദ്യാഭ്യാസ വകുപ്പിനുമേല്‍ കെടുകാര്യസ്ഥത ആരോപിക്കുന്ന പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. പിണറായി സര്‍ക്കാറിനു കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിന് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടര്‍ന്ന് എസ്.എസ്.എല്‍.സി കണക്കു പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് ആഘോഷിക്കപ്പെടുന്നത്.

 

അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന വേളയില്‍ 2016 ഫെബ്രുവരി 19ന് മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. പരീക്ഷയ്ക്കു ദിവസങ്ങള്‍ മുമ്പു തന്നെ ചോദ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പെന്‍ഡ്രൈവിലും ഡാറ്റാ കാര്‍ഡിലും പകര്‍ത്തി കൈമാറിയത് പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണമെന്നും പറഞ്ഞ് മുഖ്യമന്ത്രി അബ്ദുറബ്ബിന്റെ കാലത്തെ വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിക്കുന്നതാണ് പോസ്റ്റ്.

‘ചൊവ്വാഴ്ച ആരംഭിച്ച എസ്.എസ്.എല്‍.സി ഐ.ടി പൊതുപരീക്ഷയുടെ സോഫ്റ്റുവെയര്‍ ചോര്‍ന്നു എന്ന വാര്‍ത്ത ഗൗരവമുള്ളതാണ്. പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പു തന്നെ ചോദ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പെന്‍ഡ്രൈവിലും ഡാറ്റാ കാര്‍ഡിലും പകര്‍ത്തി കൈമാറിയത് പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണം. ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാര്‍ഥികളും അധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പുപോലും നേരെ ചൊവ്വേ നടത്താന്‍ പറ്റാത്ത സര്‍ക്കാര്‍ കുട്ടികളുടെ ഭാവികൊണ്ട് പന്താടുകയാണ്.’ എന്നാണ് പിണറായി വിജയന്റെ പഴയ പോസ്റ്റ്.


Also Read: രാജസ്ഥാനില്‍ റോഡ് നിര്‍മ്മിക്കാന്‍ മരംവെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു


എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭരണത്തിനു കീഴില്‍ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെയും വിദ്യാഭ്യാസ വകുപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നിരിക്കുകയാണ്.

എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് മലപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. മലപ്പുറം ആസ്ഥാനമായ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി ഈ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡല്‍ ചോദ്യപേപ്പറില്‍ നിന്ന് 13 ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലേക്കു കടന്നുകയറിയെന്നാണ് ആക്ഷേപമുയര്‍ന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കണക്കു പരീക്ഷ റദ്ദാക്കിയത്.


Must Read: മദ്രസാ അധ്യാപകന്റെ വധം: കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തില്‍ ബി.ജെ.പി എം.പിക്കെതിരെ അന്വേഷണം 


 

കണക്കുപരീക്ഷ റദ്ദാക്കിഈ സാഹചര്യത്തിലാണ് മുന്‍സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള പിണറായിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുന്നത്.

Advertisement