'പ്ലാവില കാണിച്ചാല്‍ നാക്കുംനീട്ടി പോകുന്ന ആട്ടിന്‍കുട്ടികളെപ്പോലെ'; കോണ്‍ഗ്രസുകാരെ വിശേഷിപ്പിക്കാന്‍ ശരിയായ വാക്കുണ്ട്, അത് താന്‍ പറയുന്നില്ലെന്നും പിണറായി വിജയന്‍
Kerala
'പ്ലാവില കാണിച്ചാല്‍ നാക്കുംനീട്ടി പോകുന്ന ആട്ടിന്‍കുട്ടികളെപ്പോലെ'; കോണ്‍ഗ്രസുകാരെ വിശേഷിപ്പിക്കാന്‍ ശരിയായ വാക്കുണ്ട്, അത് താന്‍ പറയുന്നില്ലെന്നും പിണറായി വിജയന്‍
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 12:16 pm

 

തിരുവനന്തപുരം: ബി.ജെ.പിക്കൊപ്പം പോകുന്ന കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാവില കാണിച്ചാല്‍ നാക്കുംനീട്ടി പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെയാണ് കോണ്‍ഗ്രസുകാരെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. പി.എസ്.സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലയെന്ന് ഞങ്ങള്‍ ആദ്യമേ പറയുന്നുണ്ട്. ആരെക്കുറിച്ചും, എപ്പോഴാണ് അങ്ങോട്ട് പോകുകയെന്ന് പറയാന്‍ പറ്റില്ലയെന്ന്. അതല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. പ്ലാവില ഇങ്ങനെ കാണിച്ചാല്‍ നാക്കുംനീട്ടി പോകുന്ന ആട്ടിന്‍കൂട്ടിയെപ്പോലെ പോകാന്‍ കുറേ…. ശരിയായ വാക്കുണ്ട്, അത് ഞാന്‍ പറയുന്നില്ല. ഡേഷ് എന്നിട്ടാല്‍ മതി നിങ്ങള്‍. ആ ആളുകള് കോണ്‍ഗ്രസിന്റെ നേതാക്കന്മാരെന്ന് പറഞ്ഞിരിക്കുന്നു. അതല്ലേ വസ്തുത. ‘ എന്നാണ് അദ്ദേഹം പറഞ്ഞത്.

ബി.ജെ.പിക്ക് ആളെക്കൊടുക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്ന് സി.പി.ഐ.എം നേരത്തെ പറഞ്ഞതാണ്. കോണ്‍ഗ്രസിന്റെ ഈ അപചയത്തില്‍ സഹതാപമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രാജ്യം ഇത്തരത്തില്‍ സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താന്‍ പാടുണ്ടോ? ജയിച്ചാല്‍ വിജയമേറ്റെടുക്കാന്‍ മാത്രമുള്ളതല്ല, കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം’ എന്നും പിണറായി പറഞ്ഞു.