നൗഷാദും ആദര്‍ശും നാടിന്റെ മാതൃക; അഭിനന്ദനവുമായി മുഖ്യമന്ത്രി
kERALA NEWS
നൗഷാദും ആദര്‍ശും നാടിന്റെ മാതൃക; അഭിനന്ദനവുമായി മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Monday, 12th August 2019, 11:25 pm

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തിയ നൗഷാദിനെയും ആദര്‍ശിനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതാശ്വാസ ക്യാമ്പിലേക്ക് ചാക്കില്‍ നിറയെ തന്റെ കടയില്‍ നിന്ന് പുതിയ വസ്ത്രങ്ങള്‍ നല്‍കിയ മാലിപ്പുറത്തെ തുണികച്ചവടക്കാരനാണ് നൗഷാദ്. പുതുവസ്ത്രങ്ങള്‍ ചാക്കിനുളളില്‍ കെട്ടിയാണ് നടന്‍ രാജേഷ് ശര്‍മയുള്‍പ്പെടെയുള്ളവര്‍ നൗഷാദിന്റെ കടയില്‍ നിന്ന് ഇറങ്ങിയതെന്നും ഇവരെപോലുള്ളവരുടെ മനസ്സിന്റെ നന്മയും കരുണയും മനുഷ്യ സ്‌നേഹവും നമ്മുടെ നാടിന്റെ അഭിമാനകരമായ സവിശേഷത തന്നെയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് ആര്‍.എ ആണ് ഈ നന്മയുടെ മറ്റൊരുദാഹരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൗഷാദും ആദര്‍ശും നമ്മുടെ നാടിന്റെ മാതൃകകളാണെന്നും എല്ലാ ദുഷ്പ്രചാരണങ്ങള്‍ക്കും ഇടങ്കോലിടലുകള്‍ക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങളെന്നും ഇത് ഒറ്റപ്പെട്ടതല്ല. ഇതു പോലെ അനേകം സുമനസ്സുകള്‍ ഈ നാടിന് കാവലായുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.