ന്യൂദല്‍ഹി: രാജസ്ഥാനില്‍ നിയമസഭാസമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സച്ചിന് പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.
എല്ലാം വേഗത്തില്‍ പിടിച്ചെടുക്കുകയെന്നതാണ് സച്ചിന്റെയും സിന്ധ്യയുടേയും മനോഭാവമെന്നും പറഞ്ഞ ചൗധരി മാധവറാവു സിന്ധ്യയുടെയും രാജേഷ് പൈലറ്റിന്റെയും മക്കളാണെന്നതാണ് ഇരുവരുടേയും സ്വത്വമെന്നും പറഞ്ഞു. മാധവറാവു സിന്ധ്യയും രാജേഷ് പൈലറ്റും മരിച്ച ശേഷം മാത്രമാണ് സച്ചിന് പൈലറ്റിനേയും ജോതിരാദിത്യ സിന്ധ്യയേയും ജനങ്ങള്‍ അറിഞ്ഞുതുടങ്ങിയതെന്നും ചൗധരി പറഞ്ഞു.
പടികള്‍ ചവിട്ടാതെ പത്ത് നില കെട്ടിടത്തില്‍ ലിഫ്റ്റില്‍ കയറി എത്താനാണ് സച്ചിനും ജോതിരാദിത്യ സിന്ധ്യയും ശ്രമിക്കുന്നതെന്നും ചൗധരി പറഞ്ഞു.
”എല്ലാം വേഗത്തില്‍ പിടിച്ചെടുക്കുക എന്നതാണ് അവരുടെ മനോഭാവം. കോണ്‍ഗ്രസില്‍ വിദ്യാസമ്പന്നരായ ആളുകള്‍ക്ക് ഒരു ക്ഷാമവുമില്ല… വാസ്തവത്തില്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍, ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരായ ആളുകളുള്ളത് കോണ്‍ഗ്രസിലാണ്. പാര്‍ട്ടി സിന്ധ്യയെയും പൈലറ്റിനെയും നേതാക്കളാക്കി; അവര്‍ ജാലവിദ്യക്കാരല്ല. മാധവറാവു സിന്ധ്യയുടെ മരണത്തിന് മുമ്പ് ആരാണ് ജ്യോതിരാദിത്യ സിന്ധ്യയെ തിരിച്ചറിഞ്ഞത്? രാജേഷ് പൈലറ്റിന്റെ മരണത്തിന് മുമ്പ് ആരും സച്ചിനെ തിരിച്ചറിഞ്ഞിരുന്നില്ല. അവരുടെ ഐഡന്റിറ്റി എന്താണ്? അവര്‍ മാധവറാവു സിന്ധ്യയുടെയും രാജേഷ് പൈലറ്റിന്റെയും മക്കളാണെന്ന്,” ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോരാടുമ്പോള്‍ സച്ചിനും സിന്ധ്യയും ഓക്സ്ഫോര്‍ഡിലും സ്റ്റാന്‍ഫോര്‍ഡിലും പഠിക്കുകയായിരുന്നെന്നും അവര്‍ക്ക് ടിക്കറ്റ് ലഭിച്ചപ്പോള്‍, ധാരാളം മുതിര്‍ന്നവര്‍ ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞില്ലെന്നും ചൗധരി പറഞ്ഞു.