'യൂറോപ്പിലെ പോലെയാണോ സൗദിയില്‍, അവിടെ റോണോ വളരെ ഹാപ്പിയല്ലേ'; റൊണാള്‍ഡോയുമായി നടത്തിയ സംഭാഷണം പങ്കുവെച്ച് പിയേഴ്‌സ് മോര്‍ഗന്‍
Football
'യൂറോപ്പിലെ പോലെയാണോ സൗദിയില്‍, അവിടെ റോണോ വളരെ ഹാപ്പിയല്ലേ'; റൊണാള്‍ഡോയുമായി നടത്തിയ സംഭാഷണം പങ്കുവെച്ച് പിയേഴ്‌സ് മോര്‍ഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th January 2023, 9:17 am

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയിരുന്നു. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് റോണോ മിഡില്‍ ഈസ്റ്റിലേക്ക് പോയത് ഞെട്ടലോടെയാണ് ആരാധകര്‍ നോക്കിക്കണ്ടത്.

റൊണാള്‍ഡോ സൗദി അറേബ്യയില്‍ അതീവ സന്തോഷവാനാണെന്നും ഗ്രൗണ്ടിനകത്തും പുറത്തുമുള്ള അന്തരീക്ഷം അദ്ദേഹം ഒത്തിരി ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന്‍.

റൊണാള്‍ഡോയുമായി സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നെന്നും തീര്‍ച്ചയായും റോണോ ഹാപ്പിയാണെന്നും മോര്‍ഗന്‍ പറഞ്ഞു. ടാട്‌ലറിന് നല്‍കിയ അഭിമുഖത്തിലാണ് മോര്‍ഗന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ അഭിമുഖത്തിലൂടെയാണ് പിയേഴ്‌സ് മോര്‍ഗനെ കൂടുതല്‍ ആളുകള്‍ അറിയപ്പെടുന്നത്. ടോക് ഷോ എന്ന മോര്‍ഗന്റെ ടെലിവിഷന്‍ അഭിമുഖത്തിലൂടെയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആളുകളെയറിയിച്ചത്.

അഭിമുഖത്തില്‍ താന്‍ യുണൈറ്റഡില്‍ സംതൃപ്തനല്ലെന്നും കോച്ച് എറിക് ടെന്‍ ഹാഗുമായി രമ്യതയിലല്ലെന്നും വെളിപ്പെടുത്തിയിരുന്നു. വലിയ രീതിയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ അഭിമുഖത്തിന് ശേഷമാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങുന്നത്.

യുണൈറ്റഡ് വിട്ട് സൗദിയിലെത്തിയ റൊണാള്‍ഡോക്ക് റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടാനായെങ്കിലും അല്‍ നസറിന്റെ അരങ്ങേറ്റ മത്സരത്തിലും സൗദി സൂപ്പര്‍ കപ്പില്‍ തുടര്‍ന്ന് നടന്ന കളിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. തുടര്‍ന്ന് അല്‍ നസര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.

അല്‍ നസറിലെ റൊണാള്‍ഡോയുടെ നിലനില്‍പ്പിന് ഇനിയുള്ള മത്സരങ്ങള്‍ ജയിക്കേണ്ടത് അനിവാര്യമാണ്.

Content Highlights: Piers Morgan says Cristiano Ronaldo is very happy in Saudi Arabia