ഇച്ചാക്കയും ലാലും; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Film News
ഇച്ചാക്കയും ലാലും; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th August 2022, 10:37 pm

യൂത്തന്മാര്‍ നിരവധി വന്നിട്ടും മലയാള സിനിമയെ ഇന്നും ഭരിക്കുന്നത് മോഹന്‍ലാലും മമ്മൂട്ടിയുമാണ്. ഇരുവരുടെയും പേരില്‍ ഫാന്‍ഫൈറ്റുകള്‍ സ്ഥിരമാണെങ്കിലും ഇവര്‍ തമ്മിലുള്ള സൗഹൃദം മലയാള സിനിമാ ലോകത്ത് പരസ്യമാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. മോഹന്‍ലാലിന്റെ പുതിയ വീട്ടില്‍ മമ്മൂട്ടി എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണിത്.

മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇച്ചാക്ക എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ലാലിന്റെ പുതിയ വീട് എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. ഇരുവരുടെയും മറ്റ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.


നിസാം ബഷീറിന്റെ റൊഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ എന്നിവയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങിയ സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

വൈശാഖിന്റെ മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ റാം എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ പ്രോജക്റ്റുകള്‍. അതേസമയം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ എമ്പുരാനും ഷൂട്ടിനൊരുങ്ങുകയാണ്. തിരക്കഥകൃത്ത് മുരളി ഗോപിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചെത്തിയ വീഡിയോയിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്.

എം.ടി വാസുദേവന്‍നായരുടെ പത്ത് തിരക്കഥകള്‍ സിനിമകളാകുന്ന ആന്തോളജിയിലും ഇരുവരും ഭാഗമാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുമ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗന്നാവ ഒരു യാത്ര എന്ന ചിത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്.

Content Highlight: Pictures of Mammootty and Mohanlal together are now going viral on social media