എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും പണി കിട്ടി; ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും പോസ്റ്ററുകളും ഇനി പൊതുനിരത്തില്‍ സ്ഥാപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
എഡിറ്റര്‍
Wednesday 25th October 2017 10:00am

ചെന്നൈ: ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും പോസ്റ്ററുകളും പൊതുനിരത്തില്‍ സ്ഥാപിക്കുന്നത് നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കാന്‍ അധികാരികളുടെ അനുമതി ഉണ്ടെങ്കില്‍ പോലും അത് സാധ്യമല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ആളുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തരത്തിലുള്ള ബാനറുകളും ഇനി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെതിരായ ഹരജി തീര്‍പ്പാക്കവെയാണ് ജസ്റ്റിസ് വൈദ്യനാഥന്റെ ഉത്തരവ്.


Dont Miss ഒരു കോടി രൂപ കോഴ വാഗ്ദാനം; ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റിനെതിരെ കേസ് ഫയല്‍ ചെയ്ത് നരേന്ദ്ര പട്ടേല്‍


സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപവും പൊതു നിരത്തുകളിലും വീടുകള്‍ക്ക് സമീപവുമെല്ലാം പോസ്റ്ററുകളും കട്ടൗട്ടറുകളും സ്ഥാപിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശുചിത്വമായ നഗരാന്തരീക്ഷം സൃഷ്ടിയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരവെന്നും ഇത് നടപ്പിലാകുന്നുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇനി അഥവാ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കാന്‍ അധികാരികള്‍ അനുമതി നല്‍കിയാല്‍ തന്നെ അവയില്‍ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ജസ്റ്റിസ്എസ്. വൈദ്യനാഥന്‍ പറഞ്ഞു.

തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനുവാദമില്ലാതെ പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെതിരെ അണ്ണാ നഗറിലെ ബി. തിരുലോചന കുമാരി നല്‍കിയ ഹരജിയിലാണ് കോടതി വിധി. കട്ടൌട്ടറുകള്‍ സ്ഥാപിച്ചതിനാല്‍ വീട്ടിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും ഇതു മാറ്റാന്‍ പൊലിസിനും കോര്‍പറേഷനും നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. കേസില്‍ വാദം കേള്‍ക്കെ, കട്ടൌട്ടറുകള്‍ നീക്കം ചെയ്തതായും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് അനാവശ്യ ബാനറുകള്‍ നിരോധിക്കുന്നതിന് 1959ല്‍ കൊണ്ടുവന്ന നിയമം ഭേദഗതി ചെയ്യാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയുംചെയ്തിട്ടുണ്ട്.

Advertisement