എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജുവിന്റെ 25 ലക്ഷം, തെളിവായി ഫോട്ടോ പുറത്ത്
എഡിറ്റര്‍
Sunday 16th June 2013 12:53pm

solar-photo

ഫോട്ടോ കടപ്പാട്: ഇന്ത്യാവിഷന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജു രാധാകൃഷ്ണന്‍ 25 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവ് വ്യക്തമാക്കി ഫോട്ടോ പുറത്ത്.
ഇന്ത്യാവിഷന്‍ ചാനലാണ് തെളിവ് വ്യക്തമാക്കുന്ന ഫോട്ടോ പുറത്ത് വിട്ടത്.
Ads By Google

മുഖ്യമന്ത്രിയും, ടീം സോളാര്‍ പ്രതിനിധികളും ഒരുമിച്ചുള്ള ഫോട്ടോയാണ് അന്വേഷണ സംഘത്തിന്  ലഭിച്ചത്.  നിക്ഷേപകരെ  ബിജു രാധാകൃഷ്ണന്‍ പിന്നീട് ഈ ഫോട്ടോ ഉപയോഗിച്ച് കബളിപ്പിക്കുകയായിരുന്നു.

നേരത്തെ ടീം സോളാര്‍ കമ്പനിയുടെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും സോളാര്‍ പ്രതിനിധികളും ഒരുമിച്ചുള്ള ഫോട്ടോ അന്വേഷണ സംഘത്തിന് ലഭിച്ചത്.  ഇതോടെ മുഖ്യമന്ത്രിക്ക് സോളാര്‍ പാനല്‍ കേസില്‍ പങ്കുള്ളതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.

സോളാര്‍ കമ്പനിയുടെ തിരുവനന്തപുരം, കൊച്ചി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.   എന്നാല്‍ തട്ടിപ്പു കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ല. ബിജുവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ സോളാര്‍ പാനല്‍ കേസിലെ കുറ്റാരോപിതനായ ബിജുവിന്റേയും,  സജാദിന്റേയും ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി. സോളാര്‍ പാനലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ചത്. ഇന്ത്യാവിഷന്‍ ചാനലാണ് ഫോണ്‍ സംഭാഷണവും പുറത്ത് വിട്ടത്.

അതിനിടെ സരിത തന്നെയും പറ്റിച്ചെന്ന് ബിജു രാധാകൃഷ്ണന്റെ അമ്മ രജമ്മാള്‍ ആരോപിച്ചു. തന്നെ പറ്റിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായും അവര്‍ വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ് നായരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം പുറത്ത് വന്നത് കേരളത്തെ ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞിരുന്നു.

പുതിയ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.   രാജിവെച്ച് മുഖ്യമന്ത്രി അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം രാജിവെപ്പിക്കാന്‍ വേറെ വഴി നോക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊള്ളയടി സംഘത്തിന്റെ സംഘാടകനും സഹായിയുമാണെന്നും വി.എസ്  വ്യക്തമാക്കി.

Advertisement