ഫോണ്‍പേ സേവനം കിട്ടാതായോ? കാരണം ഇതാണ്
Tech
ഫോണ്‍പേ സേവനം കിട്ടാതായോ? കാരണം ഇതാണ്
ന്യൂസ് ഡെസ്‌ക്
Friday, 6th March 2020, 5:33 pm

രാജ്യത്ത് ഏറ്റവും വലിയ ഡിജിറ്റല്‍ പണം കൈമാറ്റം ചെയ്യപ്പെടുന്ന ഫോണ്‍ പേ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തിതിന് പിന്നില്‍ യെസ് ബാങ്ക്. യെസ് ബാങ്കിന് ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫോണ്‍പേ ആപ്പുകള്‍ വഴി പണ കൈമാറ്റം മുടങ്ങിയത്.

കഴിഞ്ഞ ദിവസം മുതലാണ് ഫോണ്‍പേയിലൂടെ പണം കൈമാറ്റം ചെയ്യാന്‍ കഴിയാതിരുന്ന കാര്യം ഉപയോക്താക്കളുടെ ശ്രദ്ധയില്‍ പെടുന്നത്. ഫോണ്‍പേയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ സമീര്‍ നിഗം തടസം നേരിടുന്നതിന്റെ കാരണം ട്വീറ്റ് ചെയ്ത് അറിയിക്കുകയായിരുന്നു.

‘ പ്രിയപ്പെട്ട ഫോണ്‍പേ ഉപയോക്താക്കളോട്, നീണ്ട തടസം നേരിട്ടതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായ ദുഃഖം രേഖപ്പെടുത്തുന്നു. ഞങ്ങളുടെ പാര്‍ട്ണറായ യെസ് ബാങ്കിന് ആര്‍.ബി.ഐ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. എത്രയും പെട്ടന്ന് തന്നെ സേവനം പഴയതുപടി ലഭ്യമാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ശരിയാവുമെന്നാണ് കരുതുന്നത്. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദിയുണ്ട്. പുതിയ വിവരങ്ങള്‍ക്ക് കാത്തിരിക്കുക,’ സമീര്‍ നിഗം ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം ആറുമണി മുതലാണ് ഫോണ്‍പേ സേവനങ്ങള്‍ക്ക് തടസം നേരിട്ട് തുടങ്ങിയത്. യെസ് ബാങ്കിന്റെ ഏറ്റവും വലിയ പേയ്‌മെന്റ് പാര്‍ട്ണര്‍ ആണ് ഫോണ്‍പേ.

 

ഏപ്രില്‍ 3 വരെയാണ് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 50,000 രൂപയാക്കി ചുരുക്കിയായിരുന്നു നടപടി.

വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അനുമതി നല്‍കുകയും ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതു വരെ ബാങ്കിന്റെ നിലവിലെ ബോര്‍ഡിനെ അസാധുവാക്കി മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി റിസര്‍വ്വ് ബാങ്ക് നിയമിച്ചു.