എഡിറ്റര്‍
എഡിറ്റര്‍
ജൂലൈയ്ക്കുശേഷം പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ് ആറു രൂപയുടേത്: ഇപ്പോഴത്തേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില
എഡിറ്റര്‍
Monday 28th August 2017 7:44am

ന്യൂദല്‍ഹി: ജൂലൈയ്ക്കുശേഷം പെട്രോള്‍ വിലയിലുണ്ടായത് ലിറ്ററിന് ആറുരൂപയുടെ വര്‍ധനവ്. മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്.

ഡീസല്‍ വിലയില്‍ 3.67 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിതെന്ന് സംസ്ഥാന ഓയില്‍ കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപയിലേറെയാണ് വില. 2014 ആഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

എല്ലാമാസവും ഒന്നാം തിയ്യതിയും പതിനാറാം തിയ്യതിയും വില പുനപരിശോധിക്കുന്ന രീതിമാറ്റി ദിവസവും വില പുതുക്കുന്ന രീതി അടുത്തിടെ പെട്രോള്‍ കമ്പനികള്‍ കൊണ്ടുവന്നിരുന്നു. ജൂണ്‍ 16 മുതല്‍ നിത്യവുമാണ് പെട്രോള്‍ വില പുനപരിശോധിക്കുന്നത്. അന്ന് പെട്രോള്‍ വില 65.48 രൂപയായിരുന്നു. ജൂലൈ രണ്ടോടെ ഇത് 63.06 ആയി കുറഞ്ഞു. എന്നാല്‍ അതിനുശേഷം ഓരോ ദിവസവും വില ഉയരുകയാണ്. ഒന്നോ രണ്ടോ ദിവസം രണ്ടു മുതല്‍ ഒമ്പതു പൈസയുടെ കുറവ് ഉണ്ടായതൊഴിച്ചാല്‍.

ഡീസലിന്റെ കാര്യത്തിലും സ്ഥിതി ഇതാണ്. ജൂണ്‍ 16ന് ഡീസലിന് 54.49 രൂപയായിരുന്നു. ജൂലൈ രണ്ടിന് ഇത് 53.36 ആയി കുറഞ്ഞു. അതിനുശേഷം വില ഉയരുക മാത്രമാണ് ചെയ്തത്.

നേരത്തെ രണ്ടും മൂന്നും രൂപയുടെ വര്‍ധനവുണ്ടാകുന്നത് എളുപ്പം ശ്രദ്ധിക്കപ്പെടുമായിരുന്നു. എന്നാലിപ്പോള്‍ ദിവസം പത്തും പതിനഞ്ചും പൈസയുടെ വര്‍ധനവുണ്ടാകുന്നതിനാല്‍ വിലയില്‍ വലിയ വ്യത്യാസം വരുന്നത് ശ്രദ്ധിക്കാതെ പോകുന്ന സ്ഥിതിയാണ്.

Advertisement