എഡിറ്റര്‍
എഡിറ്റര്‍
ഇന്ധനവില കുത്തനെ കൂട്ടി; 70 കടന്ന് പെട്രോള്‍
എഡിറ്റര്‍
Friday 16th December 2016 10:27pm

petrol


പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന്  1 രൂപ 79 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.


ന്യൂദല്‍ഹി: നോട്ട് നിരോധം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് മേല്‍ അധികഭാരമായി പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവ്. പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന്  1 രൂപ 79 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

വിലവര്‍ധിപ്പിച്ചതോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 70 രൂപ കവിയും. കഴിഞ്ഞ മാസം 30ന് വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വ്യതിയാനം മൂലമാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിനം 12 ലക്ഷം ബാരലിന്റെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനം എടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടായത്.

ഈ തീരുമാനത്തിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അസംസ്‌കൃത എണ്ണ വിലയില്‍ 15 ശതമാനം വര്‍ദ്ധനവാണുണ്ടായത്.

ആഗോള എണ്ണ വിലയനുസരിച്ച് വിലയില്‍ മാറ്റം വരുത്താനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുന്ന സാഹചര്യത്തിലാണ്  അവലോകന യോഗത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

Advertisement