തിരുവനന്തപുരം: കോവളം കൊട്ടാരത്തോട് അനുബന്ധിച്ചുള്ള 16 ഹെക്ടര്‍ സ്ഥലം പോക്കുവരവ് നടത്താന്‍ കോടതിയുടെ നിയമോപദേശം.സ്ഥലം പോക്ക് വരവ് നടത്താന്‍ ഇനി തടസ്സമില്ലെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ.ജലീലാണ് അറിയിച്ചത്.[]
കൊട്ടാരവും വസ്തുക്കളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന വാദം ഹൈക്കോടതിയില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കവെയാണ് ഈ നിയമോപദേശം.
ഏപ്രില്‍ 23നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീല്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്. കോവളം കൊട്ടാരത്തോട് അനുബന്ധിച്ചുള്ള 16 ഹെക്ടര്‍ സ്ഥലം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പോക്കുവരവ് ചെയ്തു നല്‍കുന്നതില്‍ തടസ്സമില്ലെന്നാണ് കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്.
കോവളം കൊട്ടാരവും അനുബന്ധ വസ്തുക്കളും എന്ന നിര്‍വചനത്തില്‍ ഈ വസ്തു ഉള്‍പ്പെടുന്നില്ല. കൊട്ടാരത്തോട് അനുബന്ധിച്ച് നാലു ഹെക്ടര്‍ സ്ഥലം മാത്രമേ നിയമപരമായുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൊട്ടാരവും വസ്തുക്കളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന കേരള സര്‍ക്കാരിന്റെ നിലപാടിന് ഘടകവിരുദ്ധമാണ് നിലവിലെ നിയമോപദേശം. ഇത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ ദുര്‍ബലപ്പെടുത്തും.
നേരത്തെ ഐ.റ്റി.ഡി.സിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോവളം കൊട്ടാരവും വസ്തുവകകളും സ്വകാര്യ സ്ഥാപനത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശാരദാ മുരളീധരനെതിരെ വിജിലന്‍സ് കേസുണ്ടായിരുന്നു. ഈ കേസ് അടുത്തിടെ സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഇത്തരമൊരു നിയമോപദേശം വന്നിരിക്കുന്നത്.
