മച്ചാന് ഇതും വശമുണ്ടോ? പെര്‍ഫക്ട് ഓകെ ഡാന്‍സുമായി നൈസല്‍
Entertainment news
മച്ചാന് ഇതും വശമുണ്ടോ? പെര്‍ഫക്ട് ഓകെ ഡാന്‍സുമായി നൈസല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th June 2021, 8:51 pm

കോഴിക്കോട്: പെര്‍ഫക്ട് ഓകെ എന്ന വാക്ക് മലയാളികള്‍ക്ക് സുപരിചിതമായത് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ്. കോഴിക്കോട്ടെ പയ്യാനക്കല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നൈസല്‍ ബാബു ക്വാറന്റീന്‍ കാലത്ത് കൂട്ടുകാരനയച്ച ഒരു വീഡിയോ സന്ദേശമാണ് പിന്നീട് മലയാളികള്‍ ഏറ്റെടുത്തത്.

പിന്നീട് അശ്വിന്‍ ഭാസ്‌കറെന്ന യുവസംഗീതജ്ഞന്‍ ഇതിനെ റീമിക്‌സ് ചെയ്ത് പാട്ടുമാക്കി. ഇപ്പോഴിതാ പെര്‍ഫ്ക്ട് ഓകെ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നൈസല്‍. വെറൈറ്റി മീഡിയ എന്ന എന്‍ര്‍ടെയ്ന്‍മെന്റ് പേജിന്റെ യൂട്യൂബ് ചാനലിലാണ് നൈസലിന്റെ പെര്‍ഫക്ട് ഓകെ ഡാന്‍സ് എത്തിയിരിക്കുന്നത്.

പ്രജിന്‍ പ്രതാപാണ് ഗാനത്തിന് കോറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്. നൈസലിനൊപ്പം ദിയ, ദിവ്യ, ശ്രിജിന്‍ പ്രതാപ്, ശ്രുതിന്‍ പ്രതാപ് എന്നിവരാണ് വീഡിയോയിലെത്തുന്നത്.

കൂട്ടുകാരന് കൊവിഡ് ബാധിച്ചപ്പോഴാണ് നൈസലും ക്വാറന്റീനില്‍ ഇരിക്കേണ്ടിവന്നത്. ‘ആകെ പേടിയാവുന്നു, എന്തെങ്കിലുമൊക്കെ വീഡിയോ അയയ്ക്കണേ’ എന്ന് കൂട്ടുകാരന്‍ പറഞ്ഞപ്പോഴാണ് നൈസല്‍ വിഡിയോ ഷൂട്ട് ചെയ്ത് വാട്‌സാപ്പ് ചെയ്തത്.

ക്വാറന്റീനില്‍ ഇരിക്കാന്‍ പേടിക്കണ്ട, കൃത്യസമയത്ത് ഭക്ഷണം കിട്ടുമെന്ന് വിവരിച്ചുകൊണ്ടാണ് നൈസല്‍ സെല്‍ഫി ഷൂട്ട് ചെയ്തത്.