മോഹന്‍ലാലിന്റെ ഛായയുള്ള കുട്ടി വലുതാവുമ്പോള്‍ മമ്മൂട്ടിയായ കാലമൊക്കെ പോയി; രൂപ സാദൃശ്യത്തില്‍ അത്ഭുതപ്പെടുത്തിയ കാസ്റ്റിങ്ങുകള്‍
Film News
മോഹന്‍ലാലിന്റെ ഛായയുള്ള കുട്ടി വലുതാവുമ്പോള്‍ മമ്മൂട്ടിയായ കാലമൊക്കെ പോയി; രൂപ സാദൃശ്യത്തില്‍ അത്ഭുതപ്പെടുത്തിയ കാസ്റ്റിങ്ങുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th December 2022, 11:31 am

തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ദര്‍ശന രാജേന്ദ്രന്‍ നായികയായ ജയ ജയ ജയ ജയ ഹേ ഒ.ടി.ടി റിലീസ് ചെയ്തിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത് മുതല്‍ പല ചര്‍ച്ചകളാണ് ചിത്രത്തെ പറ്റി ഉയരുന്നത്.

‘മോഹന്‍ലാലിന്റെ ഛായയുണ്ടായിരുന്ന കുട്ടി വലുതാവുമ്പോള്‍ മമ്മൂട്ടിയായി മാറിയിരുന്ന കാലമൊക്കെ പോയി,’ എന്ന ക്യാപ്ഷനോടെ ജയ ഹേയില്‍ ദര്‍ശനയുടെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരത്തിന്റെ ചിത്രമാണ് ഒരു പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ഇരുവരും തമ്മില്‍ നല്ല സാദൃശ്യം. ഒറ്റനോട്ടത്തില്‍ ദര്‍ശനയുടെ ചെറുപ്പമാണെന്ന് തന്നെ പറയും. രൂപത്തില്‍ ഒരു സാദൃശ്യവുമില്ലാത്ത നായകന്റെയോ നായികയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്ന ബാലതാരം രീതിക്ക് സമീപകാലത്ത് മലയാള സിനിമയില്‍ വലിയ മാറ്റം സംഭവിച്ചിരുന്നു.

അത്തരത്തില്‍ പെര്‍ഫെക്റ്റ് കാസ്റ്റിങ് നടന്ന ചില ചിത്രങ്ങള്‍ നോക്കാം. കഥാപാത്രത്തിന്റെ ചെറുപ്പകാലം കാണിക്കുന്ന കാസ്റ്റിങ് ഒരു അത്ഭുതമായി തോന്നിയത് ഉസ്താദ് ഹോട്ടലിലെ കരീമിക്കയുടേതാണ്. തിലകന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടനെ കണ്ട് സാക്ഷാല്‍ തിലകന്‍ തന്നെ ഭൂതകാലത്തില്‍ നിന്നും ഇറങ്ങിവന്നതാണോ എന്ന് വിചാരിച്ചാലും അത്ഭുതമില്ല. ജഗന്‍ രജു എന്ന നടനാണ് ചിത്രത്തില്‍ തിലകന്റെ യൗവ്വനകാലം അവതരിപ്പിച്ചത്.

കമ്മട്ടിപാടം എന്ന ചിത്രത്തിലെയും കാസ്റ്റിങും ഇതുപോലെ പെര്‍ഫെക്റ്റാക്കിയിരുന്നു. ദുല്‍ഖറിന്റെ കൃഷ്ണന്‍, വിനായകന്റെ ഗംഗ, ഷോണ്‍ റോമയുടെ അനിത എന്നീ കഥാപാത്രങ്ങളുടെ കൗമാരവും ബാല്യകാലവും ചിത്രത്തില്‍ കാണിച്ചിരുന്നു. ഈ രണ്ട് കാലഘട്ടവും അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത കഥാപാത്രങ്ങളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുമായി നല്ല മുഖസാദൃശ്യമുള്ളവരായിരുന്നു.

അതുപോലെ പെര്‍ഫെക്റ്റ് കാസ്റ്റിങ് വന്ന ഒരു ചിത്രമാണ് ഒരേ മുഖം. ചിത്രത്തിന്റെ പേര് പോലെ തന്നെ കോളേജ് കാലഘട്ടവും മുതിര്‍ന്ന കാലഘട്ടവും അവതരിപ്പിച്ച പല താരങ്ങള്‍ക്കും ഒരേ മുഖമായിരുന്നു. ഇതില്‍ ഏറ്റവും മികച്ച് നിന്നത് അയ്യപ്പദാസ് എന്ന കഥാപാത്രത്തിന്റേതായിരുന്നു. അയ്യപ്പദാസിന്റെ കോളേജ് കാലഘട്ടം അവതരിപ്പിച്ചത് അജു വര്‍ഗീസും മുതിര്‍ന്ന കാലഘട്ടം ചെയ്തത് മണിയന്‍ പിള്ള രാജുവുമായിരുന്നു. അതുപോലെ പ്രകാശന്‍ എന്ന കഥാപാത്രത്തിന്റെ കേളേജ് കാലഘട്ടം അവതരിപ്പിച്ച ദീപക് പാറമ്പോലും മുതിര്‍ന്ന കാലഘട്ടം അവതരിപ്പിച്ച രണ്‍ജി പണിക്കരും മികച്ചുനിന്നു.

ഉയരെയിലെ പാര്‍വതിയുടെ കുട്ടികാലം അവതരിപ്പിച്ചത് ഇവലിന്‍ എന്ന ബാലതാരമായിരുന്നു. തൃശ്ശിവപ്പേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തില്‍ ബാബുരാജിന്റേയും ചെമ്പന്‍ വിനോദിന്റെയും കൗമാരകാലം അവതരിപ്പിച്ച താരങ്ങളും മുഖസാദൃശ്യമുള്ളവരായിരുന്നു. കൂടെ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സുബിന്‍ എന്‍. ഒരു മികച്ച കാസ്റ്റിങ്ങായിരുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ ശാന്തികൃഷ്ണയുടെ യൗവ്വനകാലം അവതരിപ്പിച്ച നടി മീനു രേഷ്മയും കാണാന്‍ ഒരുപോലെയായിരുന്നു. പ്രേമത്തില്‍ മഡോണയുടെയുെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെയും രൂപസാദൃശ്യം വലിയ ചര്‍ച്ചയായിരുന്നു.

അടുത്തിടെ ഇറങ്ങിയ സൗദി വെള്ളക്കയിലും ഒരു പെര്‍ഫെക്ട് കാസ്റ്റിങ് നടന്നിരുന്നു. ലുക്മാന്‍ അവറാന്‍ അവതരിപ്പിച്ച കുഞ്ഞുമോന്റെ ബാല്യകാലം അവതരിപ്പിച്ചത് യൂട്യൂബറായ ശങ്കരനായിരുന്നു. ശങ്കരന്റെ ഫോട്ടോ കണ്ട് ചെറുപ്പത്തില്‍ താന്‍ ഇങ്ങനെ തന്നെയായിരുന്നു എന്നാണ് ലുക്മാന്‍ തന്നെ പറഞ്ഞത്.

മലയാളത്തിന് പുറത്തേക്കും ചില ഉദാഹരണങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ദില്‍സേയില്‍ മനീഷ കൊയ്‌രാളയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രിയ പാരുലേക്കര്‍ എന്ന താരമായിരുന്നു. മനീഷ കൊയ്‌രാള ചെറുപ്പമായി വന്നാല്‍ ഇത്ര സാദൃശ്യം വരുമോയെന്ന് സംശയം വരും.

അതുപോലെ ഡാര്‍ക്ക് സീരിസിലെ കഥാപാത്രങ്ങളുടെ വിവിധ കാലഘട്ടങ്ങള്‍ നോക്കുക. ഒരേ ആള്‍ തന്നെ പല പ്രായത്തില്‍ വന്ന് അഭിനയിച്ചതാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ വിശ്വസിച്ച് പോകും. പ്രശസ്ത സീരിസായ ഹൗസ് ഓഫ് ദി ഡ്രാഗണിലും അമ്പരപ്പിക്കുന്ന മുഖ സാദൃശ്യമാണ് കേന്ദ്രകഥാപാത്രങ്ങളുടെ കൗമാരകാലവും യൗവ്വനവും അവതരിപ്പിച്ച താരങ്ങള്‍ തമ്മിലുള്ളത്.

Content Highlight: perfect casting of heroe’s and heroin’s childhood