വിമാനം ശക്തമായി കുലുങ്ങി; സീറ്റില്‍ നിന്നും ഉയര്‍ന്നുപൊങ്ങി തല മുകളില്‍ ഇടിച്ചു; വിമാനത്തിനുള്ളില്‍ ആളുകള്‍ പറക്കുകയായിരുന്നു; എയര്‍കാനഡ വിമാന അപകടത്തെ കുറിച്ച് യാത്രക്കാര്‍
World
വിമാനം ശക്തമായി കുലുങ്ങി; സീറ്റില്‍ നിന്നും ഉയര്‍ന്നുപൊങ്ങി തല മുകളില്‍ ഇടിച്ചു; വിമാനത്തിനുള്ളില്‍ ആളുകള്‍ പറക്കുകയായിരുന്നു; എയര്‍കാനഡ വിമാന അപകടത്തെ കുറിച്ച് യാത്രക്കാര്‍
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 12:20 pm

കാനഡ: സിഡ്‌നിയിലേക്ക് പുറപ്പെട്ട എയര്‍കാനഡ വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച വാന്‍കൂവറില്‍ നിന്നും പറന്നുയര്‍ന്ന എയര്‍കാനഡയുടെ ബോയിംഗ് 777-200 വിമാനമാണ് ആകാശചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടത്.

10,973 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങിയത്.

269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരില്‍ മിക്കവരും സീറ്റില്‍ നിന്ന് ഉയര്‍ന്ന് സീലിംഗിലേക്ക് തലയിടിച്ചെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

” സ്വാഭാവിമായ യാത്ര തന്നെയായിരുന്നു. എന്നാല്‍ പൊടുന്നനെ വിമാനം അതിശക്തമായി കുലുങ്ങി തുടങ്ങി. പലരും സീറ്റുന് മുകളില്‍ നിന്നും പറക്കുകയായിരുന്നു. മുകളില്‍ വെച്ചിരുന്ന എല്ലാ സാധനങ്ങളും താഴേക്കുവീണു. വിമാനത്തിന്റെ മേല്‍ത്തട്ടില്‍ ഇടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഭയന്ന് വിളിക്കുകയായിരുന്നു എല്ലാവരും”- ഓസ്‌ട്രേലിയയില്‍ നിന്നുള്ള യാത്രക്കാരനായ മിഷേല്‍ ബെയ്‌ലി പറഞ്ഞു.

വിമാനത്തിന്റെ സീലിംഗില്‍ തല ഇടിച്ച് 35 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മിക്കവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് മറ്റൊരു യാത്രക്കാരന്റെ പ്രതികരണം.

വിമാനം ശക്തിയായി കുലുങ്ങിതുടങ്ങിയതോടെ അടിയന്തരമായി ഹൊനോലുലു വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്കെല്ലാം അടിയന്തര വൈദ്യസഹായം നല്‍കി.