ബീഹാര്‍ തെരഞ്ഞെടുപ്പ്: ദളിത്, മുന്നാക്ക-പിന്നാക്ക വിഭാഗക്കാര്‍ ഒന്നിച്ചു ചേര്‍ന്നുള്ള സര്‍ക്കാരാണ് ലക്ഷ്യമെന്ന് തേജസ്വി യാദവ്
national news
ബീഹാര്‍ തെരഞ്ഞെടുപ്പ്: ദളിത്, മുന്നാക്ക-പിന്നാക്ക വിഭാഗക്കാര്‍ ഒന്നിച്ചു ചേര്‍ന്നുള്ള സര്‍ക്കാരാണ് ലക്ഷ്യമെന്ന് തേജസ്വി യാദവ്
ന്യൂസ് ഡെസ്‌ക്
Thursday, 5th November 2020, 11:28 am

പട്‌ന: ബീഹാറില്‍ ആര്‍.ജെ.ഡി സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ ജാതി മതസ്ഥരും ഒന്നിച്ചുനില്‍ക്കണമെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്.

‘സര്‍ക്കാരുണ്ടാക്കാന്‍ എല്ലാ ജാതിക്കാരും മുന്നോട്ടുവരണം. ദളിത്, മഹാദളിത്, പിന്നാക്കവിഭാഗം, മുന്നാക്ക വിഭാഗം, തുടങ്ങി എല്ലാവരും ഒന്നിക്കണം. ഞാന്‍ എല്ലാവരെയും ഒരുപോലെ മാത്രമേ പരിഗണിക്കുകയുള്ളു. എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് രൂപീകരിക്കുന്ന സര്‍ക്കാരാണ് ഞങ്ങളുടെ ലക്ഷ്യം- തേജസ്വി പറഞ്ഞു. വ്യാഴാഴ്ച സഹര്‍സയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു തേജസ്വിയുടെ പരാമര്‍ശം.

നിതീഷ് കുമാറിന്റെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ദുരിതം മാത്രമേ സമ്മാനിച്ചുള്ളുവെന്നും തേജസ്വി പറഞ്ഞു. ജനങ്ങള്‍ക്കായി യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് നിതീഷിന്റേതെന്നും തേജസ്വി പറഞ്ഞു.

അതേസമയം മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ബീഹാറില്‍ ചൂടുപിടിക്കുന്നതിനിടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്‌പോര് ചര്‍ച്ചയാവുകയാണ്.

കഴിഞ്ഞ ദിവസം പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യോഗി നടത്തിയ പ്രസ്താവനയാണ് നിതീഷിനെ ചൊടിപ്പിച്ചത്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് ഇപ്പോള്‍.

‘ആരാണ് ഇത്തരം അസംബന്ധം പറയുന്നത്? എന്തിനാണ് ഇങ്ങനെ ദുഷ്പ്രചരണം നടത്തുന്നത്? ആരാണ് ആളുകളെ പുറത്താക്കുന്നത്? എല്ലാവരും ഈ രാജ്യത്തെ പൗരന്‍മാരാണ്. ആരെയും പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ല’ നിതീഷ് പറഞ്ഞു.

രാജ്യത്തെ സാഹോദര്യവും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രദ്ധ നല്‍കേണ്ടതെന്നും അതിനിടെ ഭിന്നതയുണ്ടാക്കാന്‍ നോക്കുകയാണ് ചിലരെന്നും നിതീഷ് പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ മതഭിന്നത സൃഷ്ടിക്കാനാണ് ഇത്തരം ആളുകള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ക്കൊന്നും വേറൊരു പണിയുമില്ലെന്നും നിതീഷ് പറഞ്ഞു. യോഗിയുടെ പേരെടുത്തുപറയാതെയായിരുന്നു നിതീഷിന്റെ വിമര്‍ശനം.

നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിതീഷ് രംഗത്തെത്തിയിരുന്നു. എന്‍.ആര്‍.സി നിയമങ്ങള്‍ അസമില്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്നും രാജ്യവ്യാപകമായി ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും നിതീഷ് പറഞ്ഞിരുന്നു.

അതോടൊപ്പം ജമ്മുകശ്മീരിന്റെ പ്രത്യേകപദവിയെടുത്തു മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയും നിതീഷ് പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമഭേദഗതിയെ അംഗീകരിക്കുന്ന നിലപാടാണ് നിതീഷ് സ്വീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Tejaswi yadav Bihar polls