ആളുകള്‍ ഒഴുകിയെത്തുകയാണ്, ജാഥയില്‍ ആരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കേണ്ട ആവശ്യമില്ല: എം.വി.ഗോവിന്ദന്‍
Kerala News
ആളുകള്‍ ഒഴുകിയെത്തുകയാണ്, ജാഥയില്‍ ആരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കേണ്ട ആവശ്യമില്ല: എം.വി.ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2023, 11:48 am

കണ്ണൂര്‍: സി.പി.ഐ.എമ്മിന് ആരെയും ഭീഷണിപ്പെടുത്തി ജാഥയില്‍ പങ്കെടുപ്പിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം നടത്തുന്ന ജാഥയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ശ്രമമെന്ന ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഞങ്ങള്‍ക്ക് ആരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കേണ്ട ആവശ്യമില്ല. ജാഥയില്‍ ആളുകളെ സംഘടിപ്പിക്കാനുള്ള പ്രയാസം ഈ ജാഥാ സ്വീകരണ പരിപാടിക്ക് ഉണ്ടായിട്ടില്ല. ആളുകള്‍ ഒഴുകി വരികയാണ്. അതിനിടയില്‍ ഒറ്റപ്പെട്ട സംഭവങ്ങളെടുത്ത് പര്‍വതീകരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ജാഥയിലേക്ക് ജനങ്ങളുടെ ഒഴുക്ക് നിങ്ങള്‍ കാണുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം ജാഥയിലേക്ക് വന്‍ ജനാവലിയാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ മയ്യിലില്‍ നടക്കുന്ന ജാഥയില്‍ നിന്ന് ആരും ഒഴിഞ്ഞു പോകരുതെന്ന് പറഞ്ഞ് സി.പി.എം പഞ്ചായത്ത് മെമ്പര്‍ വാട്‌സ് അപ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതായി ആരോപണങ്ങള്‍ വന്നിരുന്നു. അതിനെതിരെയായിരുന്നു എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നേരെയെടുക്കുന്ന തെറ്റായ സമീപനങ്ങള്‍ക്കെതിരെയും വര്‍ഗീയതക്കെതിരെയുംസി.പി.ഐ.എമ്മിന്റെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനകീയ പ്രതിരോധ ജാഥ നടന്ന് കൊണ്ടിരിക്കുകയാണ്.

കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ജനമധ്യത്തിലെത്തിക്കുകയെന്നതും ജാഥാ ലക്ഷ്യമാണെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

കേരളം പോലൊരു സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക അവകാശം കേന്ദ്രം നല്‍കുന്നില്ലെന്നും കേന്ദ്രം കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും കേരളം നിലനില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 18 വരെ നടക്കുന്ന ജാഥ നിലവില്‍ കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്.

content highlight: People are pouring in, no need to intimidate anyone and participate in the march: MV Govindan