ഭോപ്പാലില്‍ റാലിയ്‌ക്കെത്തുന്ന മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ പ്രതിഷേധം; പോസ്റ്ററുകള്‍ കറുത്ത മഷിയൊഴിച്ച നിലയില്‍
National Politics
ഭോപ്പാലില്‍ റാലിയ്‌ക്കെത്തുന്ന മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ പ്രതിഷേധം; പോസ്റ്ററുകള്‍ കറുത്ത മഷിയൊഴിച്ച നിലയില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 25th September 2018, 2:03 pm

 

ഭോപ്പാല്‍: ഭോപ്പാലില്‍ റാലിയ്ക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും എതിരേറ്റ് കുത്തിവരച്ച പോസ്റ്ററുകളും ബാനറുകളും.

മോദിയും അമിത് ഷായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മധ്യപ്രദേശിലെ ബി.ജെ.പി അധ്യക്ഷന്‍ രാകേഷ് സിങ്ങുമുള്ള പോസ്റ്ററുകളില്‍ ഇവരുടെ മുഖത്ത് കറുത്തമഷികൊണ്ട് കുത്തിവരച്ച നിലയിലാണ്.

കഴിഞ്ഞദിവസം മുതലാണ് പോസ്റ്ററുകള്‍ കുത്തിവരച്ച നിലയില്‍ കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് രാത്രിക്കു രാത്രി തന്നെ പല പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തിട്ടുണ്ട്.

Also Read:തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല; വിശദാംശങ്ങള്‍ നോമിനേഷനില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും സുപ്രീം കോടതി

മൂന്ന് മണിക്കാണ് ഭോപ്പാലില്‍ മോദിയും അമിത് ഷായും പങ്കെടുക്കുന്ന റാലി നടക്കുക. റാലിയ്ക്കിടെ പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അടല്‍ മഹാകുംഭ് പരിസാര്‍ എന്നാണ് റാലി നടക്കുന്ന വേദിക്ക് പേരിട്ടിരിക്കുന്നത്. “നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി മതിയാ സുരക്ഷാ ക്രമീകരണങ്ങളാണ് ഞങ്ങള്‍ നടത്തിയിട്ടുള്ളത്. കേന്ദ്ര റിസര്‍വ് ഫോഴ്‌സുകളില്‍ നിന്നുള്ള 4000 പേരുള്‍പ്പെടെ 6000 പേരടങ്ങിയ സേനയെ വിന്യസിച്ചിട്ടുണ്ട്.” ഭോപ്പാല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജയദീപ് പ്രസാദ് പറയുന്നു.

സുരക്ഷാ വിശദാംശങ്ങള്‍ കോഡിനേറ്റ് ചെയ്യാന്‍ 22 മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.