പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഉത്തരവ് മരവിപ്പിക്കും, സര്‍ക്കാര്‍ പിന്നോട്ട്
Kerala News
പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഉത്തരവ് മരവിപ്പിക്കും, സര്‍ക്കാര്‍ പിന്നോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd November 2022, 11:44 am

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താനുള്ള ധനവകുപ്പ് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിക്കും. ഇടതുപക്ഷ യുവജന സംഘടനകളടക്കം സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ വേണ്ടെന്ന മന്ത്രിസഭായോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി.

കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിക്കാനുള്ള ഉത്തരവ് വന്നത്. നിലവില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വ്യത്യസ്ത വിരമിക്കല്‍ പ്രായപരിധിയാണുള്ളത്. ഇതെല്ലാം ഏകീകരിച്ച് 60 വയസാക്കിയായിരുന്നു ധനവകുപ്പ് ഉത്തരവ്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായ വര്‍ധനയെ എതിര്‍ത്ത് ഇടതു യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കും എന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.

Content Highlight: Pension age will not be raised; The order will be frozen, Government Back outs