കശ്മീര്‍ പത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ച സംഭവം; ജമ്മു കശ്മീര്‍ സര്‍ക്കാറിന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്
national news
കശ്മീര്‍ പത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ച സംഭവം; ജമ്മു കശ്മീര്‍ സര്‍ക്കാറിന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 6:43 pm

ശ്രീനഗര്‍: കാശ്മീരിലെ പ്രധാനപ്പെട്ട രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്ക് വിശദീകരണം പോലും നല്‍കാതെ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച സര്‍ക്കാറിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നത്. സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്ന് കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ഇത്തരം നടപടികള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇത് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും പ്രസ് കൗണ്‍സില്‍ നിരീക്ഷിക്കുന്നു.

ഫെബ്രുവരി 22ുതല്‍ ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെയായിരുന്നു മാര്‍ച്ച് 10ലെ സംസ്ഥാനത്തെ ഉര്‍ദു ഇംഗ്ലീഷ് പത്രങ്ങളുടെ പ്രസിദ്ധീകരിച്ചത്.

“വിശദീകരണം നല്‍കാതെ ഗ്രേറ്റര്‍ കാശ്മീരിനും കശ്മീര്‍ റീഡറിനും സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിക്കുന്നു”- എന്ന് മാത്രമായിരുന്നു കശ്മീര്‍ എഡിറ്റേഴ്സ് ഗില്‍ഡിന്റെ പത്രത്തിന്റെ ആദ്യ പേജില്‍ അച്ചടിച്ചത്

നിലവില്‍ പരസ്യം നിഷേധിക്കപ്പെട്ട രണ്ടു പത്രങ്ങള്‍ക്ക് പുറമെ രണ്ടു ഡസണോളം പത്രങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും ഒരു പത്രത്തിന്റെ എഡിറ്റര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

രാജ്യത്തെ ഏറ്റവും കലുഷിതമായ സംസ്ഥാനങ്ങളിലൊന്നില്‍ മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ് കൗണ്‍സിലിന് നേരത്തെ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ജീവന് ഭീഷണിയുണ്ടായിട്ടു പോലും നിഷ്പക്ഷവും പ്രഫഷനലുമായ മാധ്യമപ്രവര്‍ത്തനമാണ് കശ്മീരിലേതെന്നും, അതിനിയും തുടരുക തന്നെ ചെയ്യുമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞിരുന്നു.

മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. സന്ദേശവാഹകനെ കൊല ചെയ്യുകയെന്നതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ഗ്രേറ്റര്‍ കശ്മീരിന് പരസ്യങ്ങള്‍ നിഷേധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇത് മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് എന്നായിരുന്നു ഒമര്‍ ട്വിറ്ററില്‍ കുറിച്ചത്.

നിലവില്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് ജമ്മു കശ്മീര്‍