എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും തട്ടിപ്പ് സംഘവുമായി ബന്ധം: പി.സി ജോര്‍ജ്
എഡിറ്റര്‍
Thursday 20th June 2013 1:11pm

p.c-george.

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിതയും ബിജു രാധാകൃഷ്ണനും കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് തന്നെ സജീവമായിരുന്നെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

തട്ടിപ്പില്‍ ഇടത് നേതാക്കളും പങ്കാളികളാണെന്ന് പറയുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവിന്റെ സെക്യൂരിറ്റി ഓഫീസര്‍മാരിലൊരാളായ സിജു എന്ന പോലീസുകാരന്‍ തട്ടിപ്പ് സംഘത്തില്‍ ഉണ്ടായിരുന്നു. പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ഒരു എ.ഡി.ജി.പിക്കും തട്ടിപ്പില്‍ ബന്ധമുണ്ട്.

2006 ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓഫീസില്‍ സരിത എസ് നായര്‍ പോയിട്ടുണ്ട്. ഇതൊക്കെ അന്വേഷിക്കേണ്ടതാണ്.

അന്ന് ബിജു രാധാകൃഷ്ണന്റെ ഭാര്യയായ രശ്മിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും പറഞ്ഞിട്ടും അന്നത്തെ സര്‍ക്കാര്‍ അത് ചെയ്തില്ല.

Ads By Google

പിന്നീട് കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് അറസ്റ്റ് ഉണ്ടാകുന്നത്. അന്ന് ഇടത് സര്‍ക്കാര്‍ വേണ്ടത് ചെയ്തിരുന്നെങ്കില്‍ ഒരു മനുഷ്യജീവനും കുറേ പണവും സംരക്ഷിക്കാമായിരുന്നു.

ഇടത് സര്‍ക്കാറിന്റെ കാലത്ത് വഴുതക്കാട് സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് ക്രെഡിറ്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തിയിട്ടുണ്ട്. പി.സി ജോര്‍ജ് പറഞ്ഞു.

ചന്തയില്‍ പോലും ഉപയോഗിക്കാത്ത വാക്കുകളാണ് പ്രതിപക്ഷ നേതാക്കള്‍ നിയമസഭയില്‍ ഉപയോഗിക്കുന്നത്. ജനാധിപത്യ മര്യാദ പാലിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം.

ഇത്തരത്തില്‍ ഭീഷണികളും ഗുണ്ടായിസവും നടത്തുന്നത് അണികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കൊള്ളയ്‌ക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഈ തട്ടിപ്പ് അവര്‍ ഉദ്ദേശിച്ച രീതിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ കേരളം മുഴുവന്‍ തട്ടിപ്പിനിരയാകുമായിരുന്നു. ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. 5 കോടി തട്ടിപ്പാണെന്നാണ് പറയുന്നതെങ്കിലും അതിലും എത്രയോ കോടിയുടെ തട്ടിപ്പാണ്  നടന്നത്.

പലരും അഭിമാനം ഭയന്ന് തട്ടിപ്പിനിരയായത് പുറത്ത് പറയാതിരിക്കുകയാണെന്നും പി.സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisement