Administrator
Administrator
പരാതി നല്‍കിയത് പൗരനെന്ന നിലയില്‍: പി.സി ജോര്‍ജ്
Administrator
Monday 12th September 2011 1:00pm

കൊച്ചി: പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരായി പരാതി അയച്ചത് പൗരനെന്ന് നിലയിലാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കോടതിയോട് തനിക്ക് ഏറെ ബഹുമാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിക്കെതിരെ നല്‍കിയ പരാതി വിവാദമായതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പദവിയുടെ അടിസ്ഥാനത്തിലല്ല താന്‍ രാഷ്ട്രപതിയ്‌ക്കോ മറ്റുള്ളവര്‍ക്കോ കത്ത് അയച്ചത്. തന്റെ പരാതി ജഡ്ജിയെയോ കോടതിയെയോ അപമാനിക്കുന്ന തരത്തിലുള്ളതുമല്ല. പരാതി വായിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. താന്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കാം. അതില്‍ കോടതിയെ അവഹേളിക്കുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയാല്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാമെന്നും ആരും പിന്തുണച്ചില്ലെങ്കിലും പരാതിയുമായി മുന്നോട്ടുപോകുമെന്നും ജോര്‍ജ് പറഞ്ഞു.

ആരുടേയും പരാതിയില്ലാതെയാണ് പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്ന വിധി ജഡ്ജി പുറപ്പെടുവിച്ചത്. കുറ്റപത്രത്തില്‍ പ്രതിയായ ആള്‍ സാക്ഷിയാണെന്നും മറിച്ചും തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ട്. എന്നാല്‍ ഒരു പരാതിയുമില്ലാതെ ഒരാള്‍ക്കെതിരെ അന്വേഷണത്തിനുത്തരവിടുന്നത് നിയമവിധേയമല്ല.

വിജിലന്‍സ് കോടതി വിധി വന്നശേഷം ഇന്ത്യന്‍ ന്യായവ്യവസ്ഥയുടെ കുലപതി എന്നുവിശേഷിപ്പുക്കുന്ന വി.ആര്‍ കൃഷ്ണയ്യറെ താന്‍ കണ്ടിരുന്നു. ഈ വിധി തെറ്റാണ്. ഇത് ചോദ്യം ചെയ്യാന്‍ ഇന്ത്യയിലാരുമില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. ഏത് കാര്യത്തിലും അഭിപ്രായം പറയുന്ന അഡ്വ. കാളീശ്വരന്‍രാജും ഈ വിധി തെറ്റാണെന്ന അഭിപ്രായമാണ് പറഞ്ഞത്. ഈ വിധി തെറ്റാണെന്ന് തനിക്ക് പലരില്‍ നിന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. വി.എസ് അച്യുതാനന്ദന് നിയമോപദേശം നല്‍കുന്നതില്‍ വിവരമുണ്ടെന്ന് ഞാന്‍ കരുതുന്ന ചിലരും ഈ അഭിപ്രായം തന്നെയാണ് പറഞ്ഞത്.

രാഷ്ട്രീയക്കാരുടെ അഭിപ്രായം ആരാഞ്ഞല്ല പരാതി നല്‍കിയത്. ജഡ്ജിയെ അപമാനിച്ചിട്ടില്ല. എന്നിട്ടും കോടതീയലക്ഷ്യ നടപടികള്‍ നേരിടുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതീയലക്ഷ്യത്തിന് തനിക്കിതുവരെ നോട്ടീസ് കിട്ടിയിട്ടില്ല. സി.പി.ഐ.എമ്മിനോട് അനുഭാവമുള്ള ചില അഭിഭാഷക സംഘടനകളാണ് തനിക്കെതിരെ നോട്ടീസ് അയച്ചതെന്നാണ് കേള്‍ക്കുന്നത്.

താന്‍ നല്‍കിയ പരാതി വായിച്ചു നോക്കിയിട്ടുവേണം അച്യുതാനന്ദന്‍ കാരണവരും പിണറായി മുതലാളിയും അഭിപ്രായം പറയാന്‍. ഇംഗ്ലീഷില്‍ നല്‍കിയ പരാതി വി.എസിന് വായിച്ച് മനസ്സിലാക്കാനാവാത്തത് പള്ളികൂടത്തില്‍ പോവാത്തതുകൊണ്ടായിരിക്കും. പരാതി നല്‍കുമ്പോള്‍ പരാതിക്കാരന്‍ ആരാണെന്ന് അതില്‍ വ്യക്തമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ഉള്ളതിനാലാണ് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തന്നെ പരാതി നല്‍കിയത്. തനിക്കെതിരെ നടപടി വരുമെന്ന് ഭയന്നാണ് എം.എല്‍.എയാണെന്നും ചീഫ് വിപ്പാണെന്നും പരാതിയില്‍ വ്യക്തമാക്കിയത്.

വി.എസ് അച്യുതാനന്ദന്‍ പറയുമ്പോള്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാന്‍ എനിക്ക് സൗകര്യമില്ല. പരാതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. അതിന് ഒരു രാഷ്ട്രീയക്കാരന്റെയും പിന്തുണ വേണ്ട. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ മാത്രമേ സാധിക്കൂ. റഊഫ് പറഞ്ഞതുമുഴുവന്‍ ശരിയാണെന്ന് പറഞ്ഞ് ചുമന്നുകൊണ്ട് നടക്കുന്ന വി.എസിന് വിവരമില്ല. വി.എസ്.തന്നെ പഠിപ്പിക്കാന്‍ വരേണ്ട. റഊഫ് പറഞ്ഞത് വിശ്വസിക്കുന്നുണ്ടെങ്കില്‍ വി.എസിന്റെ മകനെതിരെ സന്തോഷ് മാധവന്റെ ആരോപണങ്ങളും വിശ്വസിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശുദ്ധനും മനുഷ്യസ്‌നേഹിയുമാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Advertisement