എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ കാണാതായ പയ്യന്നൂര്‍ സ്വദേശിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.
എഡിറ്റര്‍
Thursday 19th October 2017 12:11pm

റിയാദ്: നാല് മാസം മുന്‍പ് റിയാദില്‍ കാണാതായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെ.കെ.ജയേഷിന്റെ (39) മൃതദേഹം ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി. സഹോദരനും കേളി ജീവകാരുണ്യ പ്രവര്‍ത്തകരും ചൊവ്വാഴ്ച മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. റിയാദിലെ റീട്ടെയില്‍ വേള്‍ഡ് ട്രേഡിങ്-ഡൈസോ ജപ്പാന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ജൂണ്‍ 23 വെള്ളിയാഴ്ച രാവിലെ മുതല്‍ നസീമിലെ താമസസ്ഥലത്തു നിന്നും അപ്രത്യക്ഷനായ ജയേഷിനെ കുറിച്ച് അന്വേഷിക്കാന്‍ ജിദ്ദയിലുള്ള സഹോദരന്‍ റിയാദ് കേളിയുടെ സഹായം തേടുകയായിരുന്നു. കേളി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു സമഗ്രമായ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ശുമൈസി മോര്‍ച്ചറിയിലുള്‍പ്പെടെ ഈ കാലയളവില്‍ അന്വേഷണം നടത്തിയിരുന്നു. യഥാര്‍ത്ഥ പേരും ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) യിലെ അറബിയിലുള്ള പേരും തമ്മിലുള്ള വ്യത്യാസമാണ് അന്ന് അന്വേഷണത്തിന് വിഘാതമായതെന്ന് കേളി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ കിഷോര്‍ ഇ നിസാം പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിയാദ് മന്‍ഫുഅ പൊലീസ് സ്‌റ്റേഷന്‍ അധികൃതര്‍ മൃതദേഹത്തെ കുറിച്ച് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ്ങിനെ അറിയിച്ചത്. മൂന്നുമാസത്തില്‍ കൂടുതല്‍ പഴക്കമുള്ള മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന്റൈ ഭാഗമായാണ് പൊലീസ് എംബസിയെ ബന്ധപ്പെട്ടത്. എംബസിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഷോര്‍ ഇ. നിസാമും ജയേഷിന്റെ മൂത്ത സഹോദരനും ജിദ്ദ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗവുമായ കെ.കെ സുരേഷും ചൊവ്വാഴ്ച മോര്‍ച്ചറിയില്‍ പോയി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ജയേഷിനെ കാണാതായ ഉടനെ കമ്പനി പാസ്‌പോര്‍ട്ട് വിഭാഗത്തിന് വിവരം നല്‍കി ഒളിച്ചോടിയവരുടെ പട്ടികയില്‍ പെടുത്തി ‘ഹുറൂബാ’ക്കിയിരുന്നു. ഈ നിയമകുരുക്കഴിച്ചാല്‍ മാത്രമേ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാന്‍ കഴിയൂ. കേളി പ്രവര്‍ത്തകര്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

കേളി രക്ഷാധികാരി സമിതി അംഗം ബി പി രാജീവന്‍, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുരാജ്, അനില്‍ അറയ്ക്കല്‍ എന്നിവര്‍ രംഗത്തുണ്ട്. 10 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തിരുന്ന ജയേഷ് കാണാതാവുന്നതിന് നാല് ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനാല്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. കാണാതായ ദിവസം തന്നെ മരിച്ചതായാണ് പൊലീസ്, മെഡിക്കല്‍ രേഖകളിലുള്ളത്. രാത്രി 9.45ഓടെ മരണം സംഭവിച്ചതായി രേഖകള്‍ പറയുന്നു. മന്‍ഫുഅ പൊലീസ് അതിര്‍ത്തിയിലെ ഒരു കൃഷിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്വാഭാവിക മരണമെന്നാണ് നിഗമനം. ബാലന്‍, നളിനി ദമ്പതികളുടെ മകനാണ്. സുരേഷിനെ കൂടാതെ സബിത എന്ന സഹോദരിയുമുണ്ട്. സിന്ധുവാണ് ഭാര്യ. കുട്ടികളില്ല.

Advertisement