എഡിറ്റര്‍
എഡിറ്റര്‍
‘നേട്ടത്തിന്റെ ഒരു പങ്ക് ഞങ്ങള്‍ക്കും വേണം’; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ബി.സി.സി.ഐയ്‌ക്കെതിരെ ധോണിയുടേയും കോഹ്‌ലിയുടേയും നേതൃത്വത്തില്‍ താരങ്ങള്‍
എഡിറ്റര്‍
Tuesday 28th November 2017 8:22pm

ന്യൂദല്‍ഹി: താരങ്ങള്‍ക്കുളള ശമ്പളത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് വിരാടും സംഘവും. ഇന്ത്യന്‍ ക്രിക്കറ്റ് നാള്‍ക്കുനാള്‍ വളര്‍ന്നു വരികയാണെന്നും ഇതിന്റെ പങ്ക് താരങ്ങള്‍ക്കും ലഭിക്കണമെന്നാണ് താരങ്ങള്‍ ആവശ്യപ്പെടുന്നത്. നേരത്തെ മുന്‍നിര ക്രിക്കറ്റ് താരങ്ങളുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം 3 ലക്ഷം ഡോളര്‍ (ഏകദേശം 2 കോടി രൂപ) ആക്കി ഉയര്‍ത്തിയിരുന്നു.

വെളളിയാഴ്ച ബി.സി.സി.ഐയുമായി വിരാടിന്റേയും ധോണിയുടേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ ശമ്പളം വേണമെന്ന് താരങ്ങള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. 2018 മുതല്‍ 2022 വരെയുളള ഐ.പി.എല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം റൂബര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ ചാനലിന് ബി.സി.സി.ഐ നല്‍കിയിരുന്നു. ഈയിനത്തില്‍ 2.5 ബില്യണ്‍ ഡോളറാണ് ബി.സി.സി.ഐയ്ക്ക് ലഭിക്കുക. ഇതൊക്കെ ചൂണ്ടിക്കാണിച്ചാണ് താരങ്ങള്‍ ശമ്പളം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടത്.

സെപ്റ്റംബര്‍ 30ന് കളിക്കാരുമായുളള കരാര്‍ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ പുതിയ കരാറില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടത്. പരിശീലകന്‍ രവിശാസ്ത്രി, മഹേന്ദ്ര സിങ് ധോണി എന്നിവരും പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ മൂന്ന് പ്രതിഫല നിരക്കാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുളളത്. ഇതില്‍ ഏറ്റവും മുകളിലത്തെ നിരയിലാണ് വിരാട് കോഹ്ലിയുളളത്. പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി താരങ്ങള്‍ ബി.സി.സി.ഐ അഡ്മിനിസ്‌ട്രേറ്റര്‍ വിനോദ് റായിയുമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്തും. പ്രതിഫലക്കാര്യവും മത്സരങ്ങളുടെ ഷെഡ്യൂള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തും.

Advertisement