ലൗ ജിഹാദില്‍ കേരള-കേന്ദ്രസര്‍ക്കാര്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു, യാഥാര്‍ത്ഥ്യമാണെന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കണം: പോള്‍ തേലക്കാട്ട്
Love Jihad
ലൗ ജിഹാദില്‍ കേരള-കേന്ദ്രസര്‍ക്കാര്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു, യാഥാര്‍ത്ഥ്യമാണെന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കണം: പോള്‍ തേലക്കാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th June 2021, 5:18 pm

കോഴിക്കോട്: ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കണമെന്ന് സീറോ മലബാര്‍ സഭാ ബിഷപ്പ് സിനഡ് മുന്‍ വക്താവ് പോള്‍ തേലക്കാട്ട്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൗ ജിഹാദ് കെട്ടുകഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പറയേണ്ടത് പൊലീസും സര്‍ക്കാരുമാണ്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതു പറഞ്ഞു കഴിഞ്ഞു. ഇനി വല്ലവരുടെയും കയ്യില്‍ ഇതിന് തെളിവുണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കാന്‍ ഇവിടെ ആര്‍ക്കും കഴിയും,’ പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇതൊന്നും ചെയ്യാതെ അങ്ങനെയൊന്നിനെക്കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നത് മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തിയാണ് ഇതിനോട് പ്രതികരിക്കേണ്ടതെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.

ക്രൈസ്തവരെയും മുസ്‌ലീങ്ങളെയും പരസ്പരം അകറ്റാന്‍ ശ്രമിക്കുന്നവര്‍ മതങ്ങളെ രാഷ്ട്രീയ ആയുധമാക്കി ലാഭമുണ്ടാക്കാനാണ് അത് ചെയ്യുന്നത്. അത് വിജയിപ്പിക്കാതിരിക്കാന്‍ സൗഹൃദവും പരസ്പര ബഹുമാനവും സഹകരണവും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങള്‍ക്കുപരിയായി നാമെല്ലാവരും ഒരു നാട്ടുകാരും സുഹൃത്തുക്കളുമായി ജീവിക്കാന്‍ ശ്രമിക്കണമെന്നും അപരനെ നിശബ്ദനാക്കുന്നതാണ് ഏറ്റവും വലിയ അധാര്‍മ്മികതയെന്നും പോള്‍ തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ‘ക്രിസ്തീയ യുവത്വമേ ഇതിലേ’ എന്ന പേരില്‍ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ ആശയത്തിലും അദ്ദേഹം പ്രതികരിച്ചു.

മനുഷ്യ സാഹോദര്യത്തില്‍ വിഷം ചേര്‍ത്ത് ചിലയാളുകള്‍ ഭാവിയുടെ മേല്‍ ഇരുട്ട് പരത്തുന്നുണ്ടെന്നും ഇത് വിവേകത്തോടെ തിരിച്ചറിയുന്ന ഒരു സാംസ്‌കാരിക നിലവാരം ജനങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോള്‍ തേലക്കാട്ടിന്റെ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Paul Thelakkatt on Love Jihad DoolNews Interview