എഡിറ്റര്‍
എഡിറ്റര്‍
പത്മാവതിയുടെ റിലീസ് തിയതി മാറ്റി; പുതിയ റിലീസ് തിയതിയെ കുറിച്ച് വ്യക്തതയില്ല
എഡിറ്റര്‍
Sunday 19th November 2017 3:43pm

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവതി’യുടെ റിലീസ് തീയതി മാറ്റി. ഡിസംബര്‍ ഒന്നിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ റിലീസ് മാറ്റുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സിനിമ ചരിത്രം വളച്ചൊടിച്ചുള്ളതാണെന്നും റാണി പത്മാവതിയുടെ ജീവിതകഥയില്‍ അനാവശ്യ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയുള്ളതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ തലയറുക്കാനും സംവിധായകനെ വധിക്കാനും ആഹ്വാനം ചെയ്ത് കര്‍ണിസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.


Dont Miss ലോകസുന്ദരി മത്സരത്തില്‍ കുമ്മനടിച്ച് മോദി; വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ വേദിയില്‍ നിന്ന് മോദിയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയുമായി സംഘപരിവാര്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


അനിവാര്യമായ മാറ്റങ്ങള്‍ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു വസുന്ധരയുടെ പക്ഷം.

രജ്പുത് വിഭാഗത്തിലുള്ളവരെയും ചലച്ചിത്ര മേഖലയിലെ വിദഗ്ദ്ധരെയും ചരിത്രകാരന്‍മാരെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഇവര്‍ സിനിമ കണ്ടതിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ ചിത്രത്തിന് വരുത്തട്ടെയെന്നും സ്മൃതിക്ക് അയച്ച കത്തില്‍ രാജെ പറഞ്ഞിരുന്നു.

നേരത്തെ പത്മാവതിയുടെ റിലീസിന് യാതൊരു തടസവുമുണ്ടാവില്ലെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസങ്ങള്‍ സൃഷ്ടിക്കില്ലെന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിക്കൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.

Advertisement