ബഹിഷ്‌കരണ സംഘത്തിനേറ്റ അടി; റെക്കോര്‍ഡുകള്‍ തകര്‍ത്ത് പത്താന്‍
Entertainment news
ബഹിഷ്‌കരണ സംഘത്തിനേറ്റ അടി; റെക്കോര്‍ഡുകള്‍ തകര്‍ത്ത് പത്താന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 11:42 am

ഷാരൂഖ് ഖാന്‍ നായകനായ പുതിയ ചിത്രം പത്താന്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരൂഖിന്റെ തിരിച്ചുവരവാണ് പത്താനെന്നും പ്രേക്ഷക പ്രതികരണമുണ്ട്. കേരളത്തിലും ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ പത്താന്‍ കാണാന്‍ നിരവധി പ്രേക്ഷകരാണ് തിയേറ്ററിലേക്ക് എത്തിയത്.

ചിത്രം ആദ്യ ദിവസം തന്നെ കേരളത്തില്‍ 1.91 ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് സിനിമാ ട്രാക്കേഴ്‌സായ ഫോറം കേരളം ട്വീറ്റ് ചെയ്യുന്നത്. ആദ്യ ദിനം തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയെന്നും ചില ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.

ആദ്യ ദിനത്തിലെ പത്താന്റെ ബോക്സ് ഓഫീസ് പ്രകടനം ബോളിവുഡിന്റെ തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ചിത്രം 2 ദിവസത്തിനുള്ളില്‍ 100 കോടി നേടാനും സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലീസിന് മുമ്പ് ബേഷാരംഗ് എന്ന പാട്ട് പുറത്തു വന്നതു മുതല്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു ചിത്രം സാക്ഷ്യം വഹിച്ചത്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ ബോയ്‌കോട്ട് ആഹ്വാനങ്ങളും ഭീഷണിയും വരെ നടത്തിയിരുന്നു.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാന്‍ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. സാറ്റലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ജവാന്‍ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നായികയായ നയന്‍താരയുടെ കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്റെ’ റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

content highlight: pathan movie breaks bollywood collection records