എഡിറ്റര്‍
എഡിറ്റര്‍
മലയാളിയുടെ അസുഖപ്പേടിയില്‍ വിപണി കീഴടക്കിയ പാഷന്‍ ഫ്രൂട്ട്
എഡിറ്റര്‍
Wednesday 22nd November 2017 4:13pm

 

ഇടുക്കി തേക്കടിയിലെ സനൂപ് സക്കറിയ എന്ന യുവ കര്‍ഷകന്‍ ഒരു കൊല്ലമായി പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ട്. തന്റെ കൃഷിയിടത്തിലെ അര ഏക്കര്‍ ഇതിനായി മാറ്റി വെക്കുകയും ചെയ്തു. ഏലം, കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകള്‍ കൃഷി ചെയ്തിരുന്ന സനൂപ് പാഷന്‍ ഫ്രൂട്ട് വാണിജ്യം ലക്ഷ്യമിട്ടാണ് കൃഷി ചെയ്യാന്‍ ആരംഭിച്ചത്.

ആറ് വ്യത്യസ്ത ഇനങ്ങളാണ് സനൂപിന്റെ കയ്യിലുള്ളത്. പഴത്തേക്കാള്‍ കൂടുതല്‍ തൈകളുടെ ഉത്പാദനത്തിലും വിപണനത്തിലുമാണ് ഈ തേക്കടിക്കാരന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സനൂപ് മാത്രമല്ല നിരവധി കര്‍ഷകരാണ് കേരളത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ ആരംഭിച്ചത്. മറ്റു വിളകള്‍ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ പാഷന്‍ ഫ്രൂട്ട് ഇടവിളയായും അല്ലാതെയും കൃഷി ചെയ്യാന്‍ തുടങ്ങി.

കുറച്ച് കാലം മുന്നെ വരെ വിപണി ഇല്ലാതിരുന്ന പാഷന്‍ഫ്രൂട്ടിന് ഇന്ന് മികച്ച ഒരു വിപണിയുണ്ട്. സാധാരണ മാര്‍ക്കറ്റുകളില്‍ 120 മുതല്‍ 150 രൂപ വരേയും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും 250 മുതല്‍ 300 രൂപ വരേയും വിലവരുന്ന കാര്‍ഷിക ഉല്‍പ്പന്നമായി പാഷന്‍ഫ്രൂട്ട് മാറിയെന്ന് സനൂപ് പറയുന്നു.

ഇന്ത്യയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി വാണിജ്യാടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്തുവരുന്നുണ്ട്. തെക്കേ അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. തെക്കേ അമേരിക്കയില്‍ ഉത്ഭവിച്ച് ലോകം മുഴുവന്‍ വ്യാപിച്ച ഫല സസ്യമായ പാഷന്‍ ഫ്രൂട്ടിന് എങ്ങനെയാണ് പെട്ടെന്നൊരു ദിവസം കേരളത്തില്‍ വലിയ വിപണി രൂപപ്പെട്ടത്?

 

ഈ ചോദ്യത്തിന് യുവകര്‍ഷകന്‍ സനൂപ് നല്‍കുന്ന മറുപടി ഇതാണ്: ‘ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച അവസരത്തില്‍ ആളുകള്‍ പാഷന്‍ ഫ്രൂട്ടിനെ ആശ്രയിച്ചു. പഴവര്‍ഗങ്ങള്‍ കഴിച്ച് രോഗങ്ങളെ എങ്ങനെ ചെറുക്കാം എന്നുമാണ് ആളുകള്‍ നോക്കുന്നത്. പഴം വാങ്ങിക്കുന്നതിനൊപ്പം സ്വന്തമായി വീട്ടില്‍ വളര്‍ത്താനുള്ള ഒരുക്കങ്ങളും തുടങ്ങി. അതുകൊണ്ട് തന്നെ തൈകള്‍ക്കും ധാരാളം ആവശ്യക്കാര്‍ വന്നു തുടങ്ങി. മുമ്പ് ഇതൊരു കൃഷിയായി അവലംഭിച്ചിരുന്നില്ല.’

ആരോഗ്യ കേരളത്തിന്റെ പുതിയ പ്രവണതയാണ് രോഗശമനത്തിന് പഴങ്ങളേയും ചെടികളേയും കണ്ടെത്തി അവയെ ആശ്രയിക്കുകയും അതിന് പ്രചാരം നല്‍കുകയും ചെയ്യുക എന്നത്. ഇന്ന് ഇത്തരത്തില്‍ നിരവധി സന്ദേശങ്ങള്‍ പല അസുഖത്തിനും പ്രതിവിധിയായി പല പഴങ്ങളും ഇലകളും പ്രചരിക്കപ്പെടുന്നുമുണ്ട്. പപ്പായയും മുള്ളാത്തയും തുടങ്ങി കഞ്ചാവ് വരെ ലിസ്റ്റിലുണ്ട്.

ക്രമാതീതമായി കുറയുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിയുകയും ജലദോഷം, പനി, ശ്വാസംമുട്ടല്‍ തുടങ്ങി ദഹന പ്രക്രിയ സുഗമമാക്കാനും ശരീരഭാരം കുറക്കാനും പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാനും ആസ്ത്മ, മൈഗ്രേന്‍ എന്നിവയുടെ ചികിത്സക്കും പാഷന്‍ ഫ്രൂട്ട് ഫലപ്രദമാണെന്നും പ്രധിവിധിയാണെന്നും പ്രചരണമുണ്ടായി. വാര്‍ത്ത വേഗത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം നേടുകയും വൈറലാവുകയും ചെയ്തു.

 

ഡെങ്കിപ്പനി ബാധിച്ചവരില്‍ രക്തത്തിലെ പ്ലേറ്റലറ്റുകളുടെ എണ്ണം ക്രമാതീതമായ കുറയുന്നതാണ് രോഗത്തിനെ വില്ലനാക്കുന്നത്. എന്നാല്‍ ക്രമാതീതമായി കുറയുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം കൂട്ടാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും എന്ന വാര്‍ത്ത പരന്നതോടെ വിപണിയില്‍ ഡിമാന്റ് കൂടൂകയും ചെയ്തു. ‘ഒരു തൈ ആവശ്യപ്പെട്ട് വന്നിരുന്നവരില്‍ നിന്നും മാറി 30ഉം 50ഉം തൈകള്‍ വരെ കൊണ്ട് പോകുന്ന സ്ഥിതിയിലേക്ക് ആളുകള്‍ മാറുകയും ചെയ്തു. ‘ സനൂപ് പറയുന്നു.

പാഷന്‍ ഫ്രൂട്ടിന്റെ മൂന്ന് മാസം പ്രായമായ തൈകള്‍ക്ക് 60 രൂപ മുതല്‍ 100 രൂപ വരെയാണ് വിപണിയില്‍ വില. സോഷ്യല്‍ മീഡിയ വഴി പ്രചാരം നേടിയ പാഷന്‍ ഫ്രൂട്ടിനെ സനൂപ് കച്ചവടമാക്കിയതും സോഷ്യല്‍ മീഡിയയിലൂടെയാണ്. അതിപ്രചാരം നേടിയ പാഷന്‍ ഫ്രൂട്ടിന്റെ പഴത്തില്‍ മാത്രം ഒതുങ്ങാതെ പുതിയ വിപണിസാധ്യതകളും വന്നു എന്നും കുരുവില്‍ നിന്ന് എണ്ണ എടുക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി എന്നും സനൂപ് സക്കറിയ പറയുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയ വഴിയുളള ഇത്തരം പ്രചരണങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

‘ഡെങ്കിപ്പനി ബാധിതരില്‍ സാധാരണയായി ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുകയും പിന്നീട് സ്വാഭാവികമായും കൃമാതീതമായി പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂടുകയും ചെയ്യും. അതിഗുരുതരമായി പ്ലേറ്റ്ലെറ്റുകളുടെ എണ്ണം രക്തത്തില്‍ കുറയുന്ന സമയത്താണ് മരണം സംഭവിക്കുന്നത്. സാധാരണപോലെ ആരോഗ്യത്തിന് വേണ്ടി പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ നിര്‍ദേശം നല്‍കുക എന്നല്ലാതെ പാഷന്‍ ഫ്രൂട്ടിന് പ്രത്യേകത ഇല്ല’ എന്ന് ഡോക്ടര്‍ എം.എസ് ശ്രീകുമാര്‍ പറയുന്നു.

Image result for passion fruit tree

 

പാലക്കാട് ജില്ലയിലെ കൊപ്പം പബ്ലിക്ക് ഹെല്‍ത്ത് സെന്ററിലെ അസിസ്റ്റന്റ് സര്‍ജനും ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറുമാണ് എം.എസ് ശ്രീകുമാര്‍.

ആദ്യകാലങ്ങളില്‍ കേരളത്തില്‍ സുലഭമായിരുന്നു പാഷന്‍ ഫ്രൂട്ട്. എന്നാല്‍ വിപണിയുണ്ടായത് ഫാഷന്‍ ഫ്രൂട്ടുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ചൂടുപിടിച്ചതിനുശേഷമാണെന്നു മാത്രം.

അടുത്തിടെ കേരളത്തില്‍ ഡെങ്കിപ്പനി മരണങ്ങള്‍ വളരെയേറെ റിപ്പോര്‍ട്ടു ചെയ്തിുന്നു. വളരെ പെട്ടെന്നാണ് ആളുകളില്‍ രോഗം പടര്‍ന്നത്. ഇത് ആളുകളില്‍ ഭയം പടരുന്നതിന് കാരണമായി. ഈ ഭയത്തിനെ മുതലെടുത്താണ് പാഷന്‍ ഫ്രൂട്ട് ശമനിയായി കടന്ന് വരുന്നത്.

പാഷന്‍ ഫ്രൂട്ടിന് ഡെങ്കി പോലുള്ള അസുഖങ്ങള്‍ ചെറുക്കാന്‍ കഴിയുമോ? ഇപ്പോള്‍ പാഷന്‍ ഫ്രൂട്ട് നേടിയ അതിപ്രചാരം ഏതെങ്കിലും ശാസ്ത്രീയ അടിത്തറയുടെ ബലത്തിലാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. ‘പാഷന്‍ ഫ്രൂട്ട് ഡെങ്കിപ്പനി പോലുള്ള അസുഖങ്ങളെ ചെറുക്കും എന്ന വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. ചികിത്സ തേടി വന്നവരില്‍ പാഷന്‍ ഫ്രൂട്ട് കഴിച്ചവരെയും കഴിക്കാത്തവരെയും നിരീക്ഷിച്ചു. പ്രത്യേകിച്ച് ഒരു മാറ്റവും കണ്ടെത്താനായില്ല.’ ഡോക്ടര്‍ എം.എസ് ശ്രീകുമാര്‍ പറയുന്നു.

ആരോഗ്യപരമായി ജീവനെ നിലനിര്‍ത്താന്‍ മനുഷ്യന്‍, പ്രത്യേകിച്ച് മലയാളി കാണിക്കുന്ന വെപ്രാളത്തെ പല വിധത്തില്‍ ചൂഷണം ചെയ്യാന്‍ നിരവധി സംഘങ്ങള്‍ സജീവമാണ്. ആളുകളുടെ ഭയത്തെ ചൂഷണം ചെയ്ത് കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഒന്നാണോ ഇത്തരത്തിലുള്ള അതിപ്രചാരങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

Related imageഫാഷന്‍ ഫ്രൂട്ടിന്റെ കാര്യത്തില്‍ അലോപ്പതി രംഗത്തുള്ളവരുടെ നിലപാട് തന്നെയാണ് ഹോമിയോപ്പതി രംഗത്തുമുള്ളത്.

‘പാഷന്‍ ഫ്രൂട്ട് നല്ലൊരു പഴമാണ്. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ പടരുന്നതും പ്രചരിപ്പിക്കുന്നതും വസ്തുതയില്ലാത്ത കാര്യങ്ങളാണ്. അടുത്തകാലത്തായി പാഷന്‍ ഫ്രൂട്ടിന് വിപണിയില്‍ വില കൂടിയിട്ടുണ്ട്’ എന്ന് ഹോമിയോ ഡോക്ടര്‍ ഫെബിന വി.പി തുറന്ന് സമ്മതിക്കുന്നു.

‘ഹോമിയോപ്പതിയില്‍ പാഷന്‍ ഫ്രൂട്ടിനെ മരുന്നായി കാണുന്നുണ്ട്. അത് ഡെങ്കിപ്പനിക്കോ മറ്റോ അല്ല. സാധാരണയായി ആളുകളില്‍ കണ്ടുവരുന്ന ഉറക്കമില്ലായ്മ പരിഹരിക്കാനും അസുഖങ്ങള്‍ കൊണ്ടോ അല്ലാതെയോ ഉണ്ടാകുന്ന ക്ഷീണം അകറ്റാനും വേണ്ടിയാണ്. അല്ലാതെ ഡെങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ക്ക് പ്രതിവിധി ആയല്ല. ഓറഞ്ച്, ആപ്പിള്‍, മുന്തിരി തുടങ്ങി എല്ലാ പഴങ്ങളിലും അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്‍സിന്റെ അളവ് പാഷന്‍ ഫ്രൂട്ടില്‍ കുറച്ച് കൂടുതലാണ് എന്നല്ലാതെ മറ്റൊരു പ്രത്യേകതയും ഇല്ല. ഡെങ്കിയെ ചെറുക്കാന്‍ കഴിയുമെന്ന പറയുന്നത് പൊള്ളയായ വാദങ്ങള്‍ മാത്രമാണ്’. ബി.എച്ച.് എം.എസ് ഹോം കണ്‍സല്‍ട്ടന്റാണ് ഡോക്ടര്‍ ഫെബിന.വി.പി

വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, മുസ്സോളിക്കായ്, മുസ്സോളിങ്ങ, ബോഞ്ചിക്ക, സര്‍ബത്തും കായ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാഷന്‍ ഫ്രൂട്ട് തെക്കേ അമേരിക്കയിലാണ് ഉത്ഭവിച്ചതെന്ന് പറയുന്നു. ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് പാഷന്‍ ഫ്രൂട്ട് നന്നായി വളരുന്നത്. മഞ്ഞ, പര്‍പ്പിള്‍ നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.

Image result for പാഷന്‍ ഫ്രൂട്ട്

 

ജ്യൂസ്, സിറപ്പ്, വൈന്‍, സ്‌ക്വാഷ്, ജെല്ലി തുടങ്ങിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും പുറം തൊണ്ട് കൊണ്ട് അച്ചാറുണ്ടാക്കാനും, ചമ്മന്തിയുണ്ടാക്കാനും പഴച്ചാറുകള്‍ക്ക് മണവും നിറവും നല്‍കാനും തുടങ്ങി ഒരു സസ്യഫലത്തിന്റെ സ്വാഭാവിക ഗുണങ്ങള്‍ക്കപ്പുറം പാഷന്‍ ഫ്രൂട്ടിന് നായക പരിവേഷം വന്നു. ഒരു വര്‍ഷത്തിനിപ്പുറം അതിവേഗമാണ് പാഷന്‍ ഫ്രൂട്ട് കേരളത്തിലെ വീടുകളില്‍ പടര്‍ന്ന് കയറിയത്. വീട്ടുമുറ്റത്തും തൊടിയിലും മാത്രമല്ല വാണിജ്യാടിസ്ഥാനത്തില്‍ വലിയ തോതില്‍ കൃഷിയും ആരംഭിച്ചു.

സേവകളെയും മന്ത്രവാദങ്ങളെയും ആഭിചാരക്രിയകളെയും രോഗശമനത്തിനായി ആശ്രയിക്കുന്ന കാലത്തുനിന്നും കേരളം ഏറെ മുന്നോട്ടുപോയി എന്ന് അവകാശപ്പെടുന്ന ഒരു തലമുറ തന്നെയാണ് വ്യാജവാര്‍ത്തകളെ വിശ്വസിച്ച് ഇത്തരം ‘സ്വയം ചികിത്സകള്‍ക്ക്’ പിന്നാലെ പോകുന്നത്.

ഇത്തരം വ്യാജ സന്ദേശങ്ങളെ ഏറ്റുപിടിക്കുന്നത് ട്രെന്റായി മാറുകയും ചെയ്യുന്നുണ്ട്. ശാസ്ത്രം അത്യുന്നതിയിലേക്ക് കുതിച്ച് സര്‍വ്വ മേഖലകളിലും പുരോഗതി നേടി മുന്നോട്ട് പോകുമ്പോഴും പിറകോട്ട് തന്നെ സഞ്ചരിക്കുന്ന കേരള ജനതെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. പാഷന്‍ ഫ്രൂട്ടിന്റെ ഹൈപ്പിലേക്ക് നമ്മള്‍ എത്തുന്നതും ഒരു വിപണി രൂപപ്പെടുന്നതും ഇങ്ങനെയാണ്. ഈ വിപണി വിശ്വസിച്ച് കൃഷി ആരംഭിച്ചവര്‍ വാനിലയെ ഓര്‍ത്താല്‍ നല്ലതാണ്.

Advertisement