പാര്‍വതി, മലയാള സിനിമയുടെ നിലപാടിന്റെ പേര്
അന്ന കീർത്തി ജോർജ്

അഭിപ്രായങ്ങളും നിലപാടുകളുമുള്ള, അത് തുറന്നുപറയുന്ന, അതിന്റെ പേരിലുണ്ടാകുന്ന ഏത് പ്രത്യാഘാതങ്ങളെയും ആ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് നേരിടുന്ന സ്ത്രീകളെ അത്ര എളുപ്പത്തില്‍ അംഗീകരിക്കാന്‍ കഴിയുന്ന ഒരു നിലയിലല്ല ഇന്നും കേരളം, പ്രത്യേകിച്ച് മലയാള സിനിമാലോകം. താരരാജക്കന്മാരുടെയും പുരുഷാധിപത്യത്തിന്റെയും വിളനിലമായ ഈ മേഖലയില്‍ ഉറച്ച കാല്‍വെയ്പ്പുകളോടെ ഉയര്‍ന്നുവരുന്ന ഒരു കൂട്ടം സ്ത്രീകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന, മാറ്റങ്ങളുടെ ഈ വിപ്ലവത്തിന്റെ ഒരു പേരാണ് പാര്‍വതി തിരുവോത്ത്.

2006ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ സിനിമയിലേക്കെത്തിയ പാര്‍വതി പിന്നീട് മലയാള സിനിമയില്‍ സജീവമാകുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതിനകം തന്നെ പൂ എന്ന സിനിമയിലൂടെ തമിഴിലും മികച്ച പുതുമുഖങ്ങളിലൊരാളായി മാറിയിരുന്നു പാര്‍വതി. 2011ല്‍ സിറ്റി ഓഫ് ഗോഡിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി. കൃത്യതയോടെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന, വ്യത്യസ്തമായ റോളുകളിലൂടെ തന്റെ സാന്നിധ്യം വ്യക്തമായി രേഖപ്പെടുത്തുന്ന പാര്‍വതിയെ മലയാളികള്‍ അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു.

2017ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍വെച്ച് സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പാര്‍വതി നടത്തിയ ഒരു പ്രസ്താവനയോടെയാണ് അവര്‍ വിവാദങ്ങളുടെ ഭാഗമാകുന്നത്. മമ്മൂട്ടി എന്ന സൂപ്പര്‍താരം അഭിനയിച്ച കസബ സിനിമയിലെ ഒരു രംഗം മലയാള സിനിമ കാലങ്ങളായി തുടര്‍ന്നുപോരുന്ന, തികച്ചും സ്വാഭാവികമായി കരുതി ആഘോഷിച്ചിരുന്ന സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് പാര്‍വതി തുറന്നു പറഞ്ഞു.

വ്യക്തിഹത്യയല്ല, സമൂഹത്തിലെ സ്ത്രീവിരുദ്ധത എങ്ങനെയാണ് സിനിമകള്‍ ആഘോഷിക്കുന്നതെന്നും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് താന്‍ പറയുന്നതെന്ന് വ്യക്തമായ ഭാഷയില്‍ ആവര്‍ത്തിച്ചു.

പിന്നീട് സമീപകാലത്തൊന്നും കാണാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമായിരുന്നു പാര്‍വതി നേരിട്ടത്. മമ്മൂട്ടിയുടെയും ‘മലയാള സിനിമയുടെയും’ ആരാധകരെന്ന പേരില്‍, അഭിപ്രായങ്ങളുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ മടിയുള്ള മലയാളി പൊതുബോധം അതിന്റെ ഏറ്റവും വൃത്തികെട്ട രൂപം കാണിച്ച സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്. മമ്മൂട്ടിയെ പറയാന്‍ മാത്രം നീ ആരാണ്, ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം, ഇന്നലെ മുളച്ച നീയൊക്കെ മലയാള സിനിമയെക്കുറിച്ച് പറയാന്‍ മാത്രമായോ തുടങ്ങി അശ്ലീലതയുടെ അറ്റം കാണുന്ന കമന്റുകള്‍ കൊണ്ട് പാര്‍വതിയുടെ ഫേസ്ബുക്ക് നിറഞ്ഞു. അവരെ ബലാത്സംഗം ചെയ്യുമെന്നും വകവരുത്തുമെന്നും വരെ മമ്മൂട്ടി ഫാന്‍സ് ആക്രോശിച്ചു.

എന്നിട്ടും അവര്‍ തന്റെ നിലപാട് കൂടുതല്‍ വ്യക്തതയോടെ പറഞ്ഞുക്കൊണ്ടിരുന്നു. ഇക്കഴിഞ്ഞ മാസം പുറത്തുവന്ന അഭിമുഖത്തിലും അതിനു മുന്‍പേ ഫിലിം കമ്പാനിയനില്‍ വന്ന റൗണ്ട് ദ ടേബിളിലുമൊക്കെ സിനിമയിലെ സ്ത്രീവരുദ്ധതയെക്കുറിച്ചും താന്‍ സ്ത്രീവിരുദ്ധത ഹീറോയിസമാക്കുന്ന അത്തരം സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍വതി വ്യക്തമാക്കി. ‘ഒരു നടിയെന്നനിലയില്‍ ഇത്തരമൊരു സിനിമ ചെയ്യുന്നതില്‍നിന്ന് എനിക്ക് സംവിധായകനെ തടയാന്‍ കഴിയില്ല. പക്ഷേ, അതിന്റെ ഭാഗമാകാതിരിക്കാനുള്ള തീരുമാനം എനിക്കെടുക്കാന്‍ കഴിയും’ പാര്‍വതി ഫിലിം കമ്പാനിയനില്‍ പറഞ്ഞിരുന്നു.

ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ടും സമാനമായ നിലപാട് തന്നെയാണ് പാര്‍വതി സ്വീകരിച്ചത്. തന്റെ പല സിനിമകളിലും ഇസ് ലാമോഫോബിയ കടന്നുവന്നിട്ടുണ്ടെന്നും ഇനി അത്തരം സിനിമകളുടെ ഭാഗമാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സമൂഹത്തിലെ വ്യത്യസ് മേഖലകളിലെ സ്ത്രീകള്‍ അവര്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുടെ ഭാഗമായി ‘മീടൂ മൂവ്മെന്റ്’ ആരംഭിച്ചപ്പോള്‍ പിന്തുണയുമായി പാര്‍വതി രംഗത്ത് വന്നു.

സ്ത്രീവിരുദ്ധതയും പൊളിറ്റക്കല്‍ കറക്ടനസ്സുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന നിലയിലേക്ക് പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പാര്‍വതി തീര്‍ച്ചയായും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. മലയാളി ആഘോഷിച്ച ചിത്രങ്ങളിലെ സ്ത്രീവിരുദ്ധത ട്രോളുകളായി വരെ ചൂണ്ടിക്കാണിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്ന നിലയിലേക്കുള്ള മാറ്റങ്ങള്‍ ഇപ്പോള്‍ സംഭവിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മലയാള സിനിമയില്‍ രൂപപ്പെട്ട വിപ്ലവത്തിന്റെ ഒരു പേര് കൂടിയാണ് പാര്‍വതി തിരുവോത്ത്. സംഭവത്തിന് പിന്നാലെ രൂപീകരിക്കപ്പെട്ട വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രധാനികളിലൊരാള്‍. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും തുല്യതക്കുമായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിച്ച ഡബ്ല്യു.സി.സിയും പാര്‍വതിയും നടിയെ ആക്രമിച്ച കേസിന്റെ ഓരോ ഘട്ടത്തിലും അവള്‍ക്കൊപ്പം തന്നെ നിന്നു. ഒപ്പമുണ്ടായിരുന്ന പലരും കൈവിട്ടിട്ടും സാക്ഷികള്‍ കൂറുമാറിയിട്ടും ഡബ്ല്യു.സി.സി ശക്തമായി നിലകൊണ്ടു.

അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് അസാധാരണമായ എന്തോ ഒന്നാണെന്ന് ഇനിമേല്‍ കരുതാത്ത ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിന് ഡ.ബ്ല്യു.സി.സിയുടെ രൂപീകരണം സഹായിച്ചിട്ടുണ്ടെന്ന് നിരവധി പ്രമുഖര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിന് പാര്‍വതിയുടെ തുറന്ന് പറച്ചിലുകള്‍ വലിയ ഊര്‍ജമായിട്ടുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നുള്ള തന്റെ രാജി പുറത്താക്കലല്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞപ്പോള്‍ ഒറ്റവാക്ക് പ്രതികരണത്തിലൂടെ മുഴുവന്‍ സ്ത്രീകളുടെയും രോഷം തുറന്നുകാട്ടുകയായിരുന്നു പാര്‍വതി.

നടിയെന്നതിലുപരി സിനിമക്കുള്ളിലെ പുരുഷാധിപത്യ പ്രവണതകളോട് പാര്‍വതി നിരന്തരം കലഹിച്ചു. സിനിമകളിലെ അവസരങ്ങളെക്കാള്‍ നിലപാടുകളാണ് പ്രധാനമെന്ന് പാര്‍വതി വിളിച്ചുപറഞ്ഞു. സിനിമാലോകത്ത് നിന്നും പറഞ്ഞും പറയാതെയുമുള്ള വിലക്കുകള്‍ വന്നപ്പോഴും സിനിമകള്‍ക്കെതിരെ ഹേറ്റ് ക്യാംപെയ്നുകള്‍ പൊട്ടിപ്പുറപ്പെട്ടോഴുമെല്ലാം അവര്‍ നിലപാടില്‍ വെള്ളം ചേര്‍ത്തില്ല.

ഇന്ത്യയിലെ മറ്റ് നായികാ നടിമാര്‍ പലരും ഫെമിനിസമെന്ന വാക്ക് അവരുടെ ശക്തി ചോര്‍ത്തുമെന്നും സിനിമാലോകത്ത് അവരെ അപ്രസക്തമാക്കിക്കളയുമെന്നും കരുതുമ്പോള്‍ പാര്‍വതി സ്വയം ഫെമിനിസ്റ്റെന്ന് ഉറക്കെ വിളിച്ചു പറയുന്നു. ഫെമിനിച്ചി എന്ന അധിക്ഷേപങ്ങളോട് യെസ് ഐ ആം എ പ്രൌഡ് ഫെമിനിച്ചി എന്ന് ചിരിച്ചുക്കൊണ്ട് മറുപടി പറയുന്നു.

ഇതിനിടയിലൊരിക്കല്‍ സിനിമയിലെ സ്ത്രീവിരുദ്ധതയെ ബൈ പോളാര്‍ ഡിസീസിനോട് ഉപമിച്ചുക്കൊണ്ട് താന്‍ എഴുതിയ പോസ്റ്റിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് തിരുത്തലുമായി പാര്‍വതി ഉടന്‍ രംഗത്തെത്തിയിരുന്നു. സംവിധായകയായ വിധു വിന്‍സെന്റ് പാര്‍വതിയോടും ഡബ്ല്യു.സി.സിയോടുമുള്ള എതിര്‍പ്പുകളുമായി രംഗത്തെത്തിയപ്പോഴും തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അവര്‍ പ്രതികരിച്ചു. തന്റെ ഓരോ നിലപാടിലും അത്രമേല്‍ ശ്രദ്ധാലുവായ അതേസമയം തിരുത്തലുകള്‍ക്ക് ഇടം നല്‍കുന്ന പാര്‍വതി ഇതുകൊണ്ടു കൂടിയാണ് വ്യത്യസ്തയാകുന്നത്.

ഒടുവില്‍ കഴിഞ്ഞ ദിവസം അമ്മ എന്ന മലയാള നടന്മാരുടെ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ നടന്ന അതിക്രമത്തെ തുടര്‍ന്ന് രാജിവെച്ച നടിയെ മരിച്ചവര്‍ക്ക് തുല്യയെന്ന് പറഞ്ഞ് അധിക്ഷേപിച്ചപ്പോള്‍ പാര്‍വതി പ്രതികരിച്ചത് തന്റെ രാജിയിലൂടെയാണ്. സമരപ്രഖ്യാപനത്തിന് തുല്യമായിരുന്നു ആ രാജി പ്രസ്താവനയിലെ വാക്കുകള്‍.


2018 ല്‍ എന്റെ സുഹൃത്തുക്കള്‍ എ.എം.എം.എയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു പാര്‍വതിയുടെ രാജി. ഇടവേള ബാബുവിന്റെ രാജിയും പാര്‍വതി ഒപ്പം ആവശ്യപ്പെട്ടു.

ഈ സമയത്തൊന്നും അഭിനയിച്ച സിനിമകള്‍ പാര്‍വതി മോശമാക്കിയില്ല. ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി, ടേക്ക് ഓഫ്, ഉയരെ, വൈറസ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍. ബോളിവുഡില്‍ ഖരീബ് ഖരീബ് സിംഗിളേ എന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനൊപ്പം മികച്ച പ്രകടനം നടത്തി. മലയാളത്തിലെ പ്രധാന അഭിനേതാക്കളുടെ കൂട്ടത്തില്‍ പാര്‍വതി സ്ഥാനമുറപ്പിച്ചു.

പല തവണ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിന് ശേഷം ഉയരെ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്ന സമയത്ത് തന്നെയാണ് പാര്‍വതി, മലയാള സിനിമയുടെ അധികാരലോബിയോട് പടവെട്ടിക്കൊണ്ട് രാജി വെച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളെയും പോലെ മികച്ച തൊഴിലിടവും അന്തരീക്ഷവും സിനിമയിലും ആവശ്യപ്പെടുന്നത്. നീതിയും തുല്യതയും ആവശ്യപ്പെടുന്നത്.

ജോമിത് ജോസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയ ചില വരികള്‍ ഇങ്ങനെയാണ്. ‘ പാര്‍വതി കയ്യടി വാങ്ങാന്‍ അഭിപ്രായം പറയുന്നയാളാണെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. കരിയര്‍ കുട്ടിച്ചോറാക്കാന്‍ കെല്‍പുള്ള വലിയൊരു സംഘടിത ഏട്ടന്‍പടയോടാണ് അവര്‍ ബൈ പറഞ്ഞിരിക്കുന്നത്. ഇനി സിനിമ ചെയ്യാന്‍ ആ അന്നം മുടക്കികളെ പേടിച്ച് ആരെങ്കിലും പാര്‍വതിയെ വിളിക്കുമോ? ഒരു ഉറപ്പുമില്ല. മുന്നോട്ടുള്ള ദിനങ്ങള്‍ കടന്നുവന്നതിനേക്കാള്‍ ദുഷ്‌കരമായിരിക്കും എന്നുറപ്പാണ്. അത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ടിട്ടും പക്വമായ നിലപാട് പറയാന്‍, കൂടെയുള്ളവളെ ചേര്‍ത്തു നിര്‍ത്താന്‍ ഒരു നടി സന്നദ്ധത കാട്ടിയിട്ടുണ്ടെങ്കില്‍ അതിനെ സത്യസന്ധത എന്ന് വിളിക്കും.’

സിനിമാ നിരൂപകന്‍ സുധിര്‍ ശ്രീനിവാസന്‍ ദ പ്രിന്റിനോട് ഒരിക്കല്‍ പറഞ്ഞിരുന്നു. ‘പാര്‍വതിയെപ്പോലെ മികച്ച അഭിനേതാക്കള്‍ നമുക്കുണ്ട്, പക്ഷേ, അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ കാര്യങ്ങള്‍ തുറന്നുപറയുന്നവരും വിവേകമുള്ളവരുമായിട്ടുള്ളു.’

നിങ്ങള്‍ക്ക് പാര്‍വതിയുടെ കഥാപാത്രങ്ങളെയോ അവരുടെ അഭിനയശേഷിയെയോ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷെ അവര്‍ സ്വീകരിക്കുന്ന നിലപാടുകളെ, ആണ്‍ക്കോയ്മ കൊടികുത്തി വാഴുന്ന ഒരു വ്യവസ്ഥിതിക്കെതിരെ ഉറച്ച ശബ്ദത്തില്‍ ആ നിലപാടുകള്‍ തുറന്നുപറയാന്‍  കാണിക്കുന്ന ധീരതയെ അംഗീകരിച്ചേ മതിയാകൂ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Parvathy Thiruvoth and her Political Statements explained in the backdrop of her resignation from AMMA

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.