കയ്യേറ്റങ്ങളും മലിനീകരണവും മൂലം നശിച്ച പാര്‍വതി പുത്തനാറിന്റെ വീണ്ടെടുപ്പ് തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട്; പുനരുദ്ധാരണ പദ്ധതികള്‍ കടലാസിലൊതുങ്ങുന്നു
Environment
കയ്യേറ്റങ്ങളും മലിനീകരണവും മൂലം നശിച്ച പാര്‍വതി പുത്തനാറിന്റെ വീണ്ടെടുപ്പ് തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട്; പുനരുദ്ധാരണ പദ്ധതികള്‍ കടലാസിലൊതുങ്ങുന്നു
ജംഷീന മുല്ലപ്പാട്ട്
Saturday, 29th December 2018, 11:55 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ ജല ഗതാഗതത്തിനു വേണ്ടി 1824ല്‍ നിര്‍മിച്ച പാര്‍വതി പുത്തനാര്‍ ഉപയോഗ ശൂന്യമായി മാറിയിട്ട് കാലങ്ങളായി. മലിനീകരണവും കയ്യേറ്റവും പാര്‍വതി പുത്തനാറിനെ പൂര്‍ണമായും നശിപ്പിച്ചു. 1998 മുതല്‍ പാര്‍വതി പുത്തനാറിനെ വീണ്ടെടുക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ പല പദ്ധതികളും ആവിഷ്‌ക്കരിച്ചു. എന്നാല്‍ ഇപ്പോഴും പാര്‍വതി പുത്തനാര്‍ വീണ്ടെടുക്കാതെ പഴയപടിയില്‍ തുടരുകയാണ്.

നിര്‍ദിഷ്ട കോവളം-കാസര്‍കോട് ജലപാതയുടെ തുടക്കമാണ് പാര്‍വതി പുത്തനാര്‍. കൂടാതെ കോവളത്ത് തുടങ്ങി ഭാരതപ്പുഴ വരെ വിവിധ നദികളേയും കായലുകളേയും ബന്ധിപ്പിച്ചുള്ള ടി.എസ് കനാലിന്റെ തുടക്കവും പാര്‍വതി പുത്തനാറാണ്. കേരളത്തിലെ എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന ഈ ജലഗതാഗത പദ്ധതി ഇടതു സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ്. കോവളം മുതല്‍ ആക്കുളം കായല്‍ വരെ നീളുന്ന 16 കിലോമീറ്ററാണ് പാര്‍വതി പുത്തനാറായി അറിയപ്പെടുന്നത്. നിലവില്‍ പുത്തനാറിലൂടെ കറുത്ത നിറത്തിലുള്ള ജലമാണ് ഒഴുകുന്നത്. അത്രയും മലിനമാണ് ഈ ജലപാത. ഈ വര്‍ഷം ജൂലൈയില്‍ പാര്‍വതി പുത്തനാറിന്റെ വീണ്ടെടുപ്പ് സര്‍ക്കാര്‍ വീണ്ടും തുടങ്ങിയിരുന്നു. മന്ത്രി മാത്യു ടി.തോമസായിരുന്നു ശുചീകരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. അഞ്ച് കിലോമീറ്റര്‍ ശുചീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു.

മൂന്ന് മാസം കൊണ്ട് ശുചീകരണ പൂര്‍ത്തിയാക്കാനാണ് മന്ത്രി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് അതിന്റെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. വലിയ മരത്തടികളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്ന സ്ഥിതിയിലായിരുന്നു പുത്തനാര്‍. ശുചീകരണം പൂര്‍ത്തിയാക്കിയാല്‍, ജലത്തിനടിയില്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ അടിഞ്ഞുകിടക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കലായിരുന്നു അടുത്ത ലക്ഷ്യം. ഇതിനു വേണ്ടി യന്ത്രങ്ങളും വാങ്ങിച്ചിരുന്നു. 1.80 കോടി ചെലവ് വരുന്ന യന്ത്രം ജലപാത നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപികരിച്ച ക്വില്‍ (കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ്) എന്ന സ്ഥാപനമാണ് വാങ്ങിയിരുന്നത്.

ആശുപത്രികളും വ്യവസായ സ്ഥാപനങ്ങളും വന്‍കിട കെട്ടിടങ്ങളും അടക്കമുള്ളവര്‍ മാലിന്യം പാര്‍വതി പുത്തനാറിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കൂടാതെ വീടുകളില്‍ നിന്നുള്ള മാലിന്യവും ഒഴുക്കുന്നത് പുത്തനാറിലേയ്ക്കാണ്. പാര്‍വതി പുത്തനാറിലേക്കു തുറന്നുവിട്ടിട്ടുള്ള മാലിന്യക്കുഴലുകള്‍ കണ്ടെത്തി മാറ്റാനുള്ള നടപടിയെടുക്കുമെന്നും സെപറ്റിക് ടാങ്കുകള്‍ ഇല്ലാത്ത വീടുകള്‍ക്ക് അവ നിര്‍മ്മിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. പുത്തനാറിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത് തടയാന്‍ വിശദമായ പദ്ധതി ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

പാര്‍വതി പുത്തനാര്‍ കടന്നു പോകുന്ന തിരുവല്ലം, മുട്ടത്തറയിലെ രണ്ടിടങ്ങള്‍, പൂന്തുറ എസ്.എം ലോക്ക്, വള്ളക്കടവ് ബോട്ടുപുര, പനത്തുറ പൊഴി തുടങ്ങിയവ അടക്കമുള്ള ഒന്‍പതിടങ്ങളില്‍ നിന്നു ശേഖരിച്ച വെള്ളത്തില്‍ കാല്‍സ്യം, മഗ്‌നീഷ്യം, ക്ലോറൈഡ്, ആല്‍ക്കലി, ഇരുമ്പ്, സള്‍ഫേറ്റ്, നൈട്രേറ്റ് എന്നീ മൂലകങ്ങളുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. നൈട്രേറ്റിന്റെ അംശം 61.0 മുതല്‍ 497.0 വരെയുണ്ട്. വെള്ളത്തില്‍ ഓക്‌സിജന്റെ അളവും താരതമ്യേന കുറഞ്ഞിട്ടുണ്ട്. കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുടെ അളവും ഇ-കോളി ബാക്ടീരിയകളുടെ അളവും അപകടരമായ അവസ്ഥയിലാണ്.

നൈട്രേറ്റുകളടക്കമുള്ള രാസവസ്തുക്കളുടെ സാന്നിധ്യം പാര്‍വതി പുത്തനാറിലെ മീനുകളുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. അമ്ലാംശവും ആല്‍ക്കലിയും കൂടി വെള്ളത്തിന്റെ കാഠിന്യം കൂടിയതാണ് അതിനുള്ള കാരണം. പാര്‍വതി പുത്തനാറില്‍ സുലഭമായിരുന്ന തിലോപ്പിയ, വരാല്‍, ആറ്റുകൊഞ്ച്, കുരുട്ട് വ്‌ളാങ്ക് മുതലായ മത്സ്യങ്ങള്‍ കനാലില്‍ നിന്നും പൂര്‍ണ്ണമായി ഇല്ലാതായി. ഈ പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. കയര്‍ ഉണ്ടാക്കാനാവശ്യമായ തൊണ്ട് ചീയാനായി ഈ ജലപാതയില്‍ താഴ്ത്തിയിടുന്നതാണ് പുത്തനാര്‍ മലിനമാകാനുള്ള മറ്റൊരു കാരണം.

പാര്‍വതി പുത്തനാര്‍ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികള്‍

1998ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആറിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി ലോകാരോഗ്യ സംഘടനയില്‍ നിന്ന് നൂറ് കോടി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. എന്നാല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പകരം മണല്‍ കടത്താണ് പാര്‍വതീ പുത്തനാറില്‍ നടന്നത്. നിയമാനുസൃതമുള്ള പാസ് പ്രകാരം ലോഡൊന്നിന് ആയിരം രൂപ പ്രകാരമായിരുന്നു മണലൂറ്റല്‍. അനുവദനീയമായ ഒന്നര മീറ്റര്‍ താഴ്ചയേക്കാള്‍ ആറ് മീറ്ററിലധികം ആഴത്തിലാണ് മണല്‍ ഖനനം നടത്തിയത്.

പഴയ പാര്‍വതി പുത്തനാര്‍

പന്ത്രണ്ടാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് ഉപയോഗിച്ച് കൊല്ലം കോട്ടപ്പുറം ജലപാത നിര്‍മാണത്തിനായി 2007ല്‍ നവീകര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 15 കോടിയുടെ പദ്ധതിയായിരുന്നു. പല മേഖലകളായി തിരിച്ച് അഞ്ച് കരാരുകാറാണ് നവീകരണ പണികള്‍ ഏറ്റെടുത്തത്. എന്നാല്‍ പണി തുടങ്ങിയതോടെ വീണ്ടും മണല്‍കടത്ത് തുടങ്ങി. ചെളിമാറ്റുന്നതിന്റേയും ആഴം കൂട്ടുന്നതിന്റേയും മറവില്‍ കരാറുകാര്‍ വ്യവസ്ഥകളെല്ലാം ലംഘിച്ച് ദിവസേന നൂറുകണക്കിന് ലോഡ് മണല്‍ കടത്തി.

ഇതിനുപുറമേ ഇരുപതടിയോളം ഉയരത്തില്‍ പുറമ്പോക്ക് ഭൂമി ഇടിച്ചുനിരത്തി മണ്ണ് കൊള്ളയടിച്ചെന്നും റവന്യു അധികൃതര്‍ കണ്ടെത്തി. 14മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ 70സെന്റീമീറ്റര്‍ ആഴത്തിലും ആറ് വൃത്തിയാക്കണമെന്ന കരാര്‍വ്യവസ്ഥ ലംഘിക്കപ്പെട്ടതോടെ ആറിന്റെ ആഴം പലയിടങ്ങളിലും അഞ്ചു മീറ്ററിലധികമായി. വീതി 30 മീറ്ററും. ഇതിന്റെ ഇരകളായതാകട്ടെ സ്‌കൂള്‍ കുട്ടികളാണ്. 2011ല്‍ പുത്തനാറിലേക്ക് ബസ് മറിഞ്ഞ് 17 കുട്ടികളും അവരുടെ ആയയും മരിച്ചു. മണലെടുത്ത കുഴികളായിരുന്നു ദുരന്തത്തിനു ആക്കം കൂട്ടിയത്. ഈ ദുരന്തത്തിനും 6 മാസം മുമ്പ് സമാനമായ മറ്റൊരു അപകടത്തില്‍ 6 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

2015 ജൂലൈ ആറിനു പാര്‍വതി പുത്തനാര്‍ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്ന ബൃഹദ് പദ്ധതിക്ക് അന്നത്തെ ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍ തുടക്കമിട്ടിരുന്നു. മൂന്നുമാസത്തിലൊരിക്കലെന്ന ക്രമത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ശുചീകരണ പരിപാടിയായിരുന്നു അത്. അതിന്
വേണ്ടി 4.25 കോടി രൂപ അനുവദിക്കുകയും ചെയ്തു. പക്ഷേ പദ്ധതി എവിടേയും എത്തിയില്ല.

2017 ഫെബ്രുവരിയില്‍ പാര്‍വതി പുത്തനാര്‍ നവീകരിക്കാനുള്ള സര്‍വേ നടപടികള്‍ നടത്താന്‍ അന്നത്തെ കലക്ടര്‍ എസ്. വെങ്കടേസപതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ പദ്ധതിയും എവിടേയും എത്തിയില്ല.

കയ്യേറ്റങ്ങള്‍

ജലപാതയില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റങ്ങളുള്ള ഭാഗങ്ങളിലൊന്നാണ് പാര്‍വതി പുത്തനാര്‍. പാര്‍വതി പുത്തനാറിന്റെ ഇരുകരകളിലുമായി 2718 കയ്യേറ്റങ്ങളാണ് റവന്യൂ സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. ഭൂരിഭാഗവും വീടുകളും വ്യവസായ സ്ഥാപനങ്ങളുമാണ്. ഏതാനും കച്ചവട സ്ഥാപനങ്ങളും കയ്യേറ്റ സ്ഥലത്ത് നിര്‍മിച്ചിട്ടുണ്ട്. ലുലു മാള്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിന് പിന്നിലുള്ള സര്‍വെ നമ്പര്‍ 1890ല്‍ പെട്ട പാര്‍വതി പുത്തനാറില്‍ ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന വിവരം സര്‍ക്കാര്‍ രേഖയിലുണ്ട്. നിഗുഞ്ചം ബില്‍ഡേഴ്‌സിന്റെ കെട്ടിടങ്ങളും ആറ് കയ്യേറി നിര്‍മിച്ചിട്ടുണ്ട്.

മുട്ടത്തറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖകള്‍ പ്രകാരം പാര്‍വതി പുത്തനാറിന് 100 മീറ്ററിലേറെ വീതിയുണ്ട്. പക്ഷേ, കയ്യേറ്റങ്ങള്‍ മൂലം പലയിടത്തും ഇത് 20 മീറ്ററില്‍ താഴെയായി ചുരുങ്ങിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ പ്രകാരം പാര്‍വതി പുത്തനാറിന്റെ ശരാശരി വീതി 20 മീറ്ററാണ്. എന്നാല്‍ ജലപാതയ്ക്ക് ചുരുങ്ങിയത് 25 മീറ്ററെങ്കിലും വീതി വേണ്ടിവരും. 2.2 മീറ്റര്‍ ആഴവും വേണം. മാലിന്യം നിറഞ്ഞു പലയിടത്തും ഒരു മീറ്ററില്‍ താഴെയാണ് ആഴം. കയ്യേറ്റക്കാരില്‍ 90% പേര്‍ക്കും സ്വന്തം ഭൂമിയോ വീടോ ഇല്ലെന്നാണു റവന്യു വകുപ്പിന്റെ പ്രാഥമിക നിഗമനം.

ലുലു മാള്‍ നിര്‍മിക്കാന്‍ പാര്‍വതി പുത്തനാര്‍ കയ്യേറിയിരിക്കുന്നു

ചരിത്രം

തിരുവനന്തപുരത്തെ കല്‍പാക്കടവ് മുതല്‍ വര്‍ക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി നിര്‍മ്മിച്ച ജലപാതയാണ് പാര്‍വതി പുത്തനാര്‍. തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാര്‍വതി ഭായിയാണ് ഈ ചാല്‍ നിര്‍മ്മിച്ചത്. വേളി കായലിനേയും കഠിനംകുളം കായലിനേയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ജലപാതയുടെ നിര്‍മ്മാണം. വളരെ വീതിയില്‍ കെട്ടുവള്ളങ്ങള്‍ക്കും ചരക്കു വള്ളങ്ങള്‍ക്കുമൊക്കെ സഞ്ചരിക്കുന്നതിനായി സൗകര്യമൊരുക്കിക്കൊണ്ടായിരുന്നു കനാലിന്റെ നിര്‍മ്മാണം.

കല്‍പാക്കടവ് കഴിഞ്ഞു മുന്നോട്ട് വരുമ്പോള്‍ ചാക്കയില്‍ കെട്ടുവള്ളങ്ങള്‍ക്കുള്ള വിശ്രമസ്ഥലമുള്‍പ്പെടെ ഒരു ജെട്ടിയും അന്നുണ്ടായിരുന്നു. 1877ല്‍ അനന്തപുരിയില്‍ നിന്നും കൊല്ലം വഴി ആലപ്പുഴ-തൃശൂര്‍-ഷൊര്‍ണൂര്‍ വരെ പോകാമെന്ന സൗകര്യം നിലവില്‍വന്നു. ഈ കനാലാണ് ടി.എസ് കനാല്‍ അഥവാ തിരുവനന്തപുരം- ഷൊര്‍ണൂര്‍ കനാല്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ഒരുകാലത്ത് കേരളത്തിലെ ജലഗതാഗതത്തിന്റെ നട്ടെല്ലായിരുന്നു ഇത്.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം