'പാര്‍ട്ടികള്‍ കുറച്ച് കൂടുതല്‍ പണിയെടുക്കൂ': ജെഫ് ബസോസിനെ ഉപദേശിച്ച് ഇലോണ്‍ മസ്‌ക്
World News
'പാര്‍ട്ടികള്‍ കുറച്ച് കൂടുതല്‍ പണിയെടുക്കൂ': ജെഫ് ബസോസിനെ ഉപദേശിച്ച് ഇലോണ്‍ മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th May 2022, 5:50 pm

സാന്‍ ഫ്രാന്‍സിസ്‌കോ: വേഗം വിജയത്തിലെത്തണമെങ്കില്‍ പാര്‍ട്ടിയും ആഘോഷങ്ങളും കുറച്ച്, കൂടുതല്‍ പണിയെടുക്കണമെന്ന് ആമസോണ്‍ സി.ഇ.ഒ ജെഫ് ബസോസിനോട് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്.

ട്വിറ്ററില്‍ ഉപയോക്താവിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെഫ് ബസോസ് നല്ല മനുഷ്യനാണോ എന്നായിരുന്നു ഉപയോക്താവിന്റെ ചോദ്യം. ബസോസ് നല്ല മനുഷ്യനാണെന്നും പാര്‍ട്ടി കുറച്ചാല്‍ കൂടുതല്‍ വിജയം കൈവരിക്കാനാകുമെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം.

‘അദ്ദേഹം നല്ല മനുഷ്യനാണ്. പക്ഷേ ഈയിടെയായി കുറച്ച് അധികം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ടെന്ന് തോന്നുന്നു. പെട്ടെന്ന് അദ്ദേഹത്തിന് വിജത്തിലേക്ക് കുതിക്കണമെങ്കില്‍ പാര്‍ട്ടികള്‍ കുറച്ച്, കൂടുതല്‍ പണിയെടുക്കേണ്ടിവരും,’ മസ്‌ക് വ്യക്തമാക്കി.

അടുത്തിടെ ബസോസിന്റെ ബഹിരാകാശ സംരംഭമായ ബ്ലൂ ഒറിജിന്‍ ബഹിരാകാശത്തേക്കുള്ള ടൂറിസ്റ്റ് വിമാനം റദ്ദാക്കിയിരുന്നു. മെയ് 20നായിരുന്നു വിമാനം യാത്ര നടത്തേണ്ടതെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം യാത്ര മാറ്റിവെക്കുകയായിരുന്നു. യാത്രയുടെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ടെസ്‌ലയുടെ ഓഹരി വിപണികള്‍ 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണിന്റെ കുറവ് സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മസ്‌കിന് പിന്നാലെ ആമസോണ്‍ സി.ഇ.ഒ ജെഫ് ബസോസിന്റെ ആസ്തിയിലും ഈ വര്‍ഷം 64.6 ബില്യണ്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Content Highlight:”party less and work more”: says Elon musk to Jeff Bezos