പര്‍ദ്ദയും ബുര്‍ഖയും ധരിക്കാത്ത രണ്ടുമ്മുമ്മമാര്‍
Opinion
പര്‍ദ്ദയും ബുര്‍ഖയും ധരിക്കാത്ത രണ്ടുമ്മുമ്മമാര്‍
കെ.എ സൈഫുദ്ദീന്‍
Friday, 17th May 2019, 6:32 pm

അങ്ങനെയിരിക്കെ പണ്ടൊരിക്കല്‍ കുട്ടിയായ എന്നെ കാണാതായി. എന്നോടുള്ള അമിത വാല്‍സല്ല്യത്താല്‍ ഉപ്പുപ്പ (ഉമ്മയുടെ ബാപ്പ) എന്നെ ചെറുപ്പത്തിലേ ഉമ്മയുടെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ആദ്യമായി ഒന്നാം ക്ലാസില്‍ ചേര്‍ന്നത് അവിടുത്തെ സ്‌കൂളിലാണ്. (ആദ്യമായി എന്നു പറയാന്‍ കാരണമുണ്ട്. രണ്ടാമതായി ഒന്നാം ക്ലാസില്‍ സ്വന്തം നാട്ടിലെ സ്‌കൂളിലാണ് പഠിച്ചത്).

ശരിക്കും എന്നെയന്ന് കാണാതായതല്ല, രണ്ട് പെണ്ണുങ്ങള്‍ എന്നെയും കൂട്ടി പോവുകയായിരുന്നു. ഭയങ്കര സംഭവങ്ങളായ രണ്ട് പെണ്ണുങ്ങള്‍. അതിലൊന്ന് എന്റെ ഉമ്മുമ്മ അദബിയാണ്; ഉമ്മയുടെ ഉമ്മ. മറ്റേയാള്‍, ഉമ്മുമ്മയുടെ നാത്തൂന്‍; ആനാമ്മക്കുഞ്ഞ്. ഉപ്പുപ്പയുടെ പെങ്ങള്‍. രണ്ടുപേരെയും ‘ഉമ്മുമ്മ’ എന്ന് തരംപോലെ ഞാന്‍ വിളിച്ചുപോന്നു.

അതൊരു വൃശ്ചിക മാസമായിരുന്നു. ചെക്കനെ കാണാനില്ലെന്ന അന്വേഷണത്തിനൊടുവില്‍ വീട്ടുകാര്‍ മറ്റൊന്നുകൂടി കണ്ടെത്തി. രണ്ട് സ്ത്രീകെള കൂടി കാണാതായിട്ടുണ്ട്. അങ്ങാടിയിലേക്കുള്ള വഴിയില്‍ ആരോ പറഞ്ഞു ഒരു പയ്യനെയും കൈക്കു പിടിച്ച് രണ്ട് സ്ത്രീകള്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് പോയിട്ടുണ്ട്. അവര്‍ വെളുത്ത മുണ്ടാണോ ധരിച്ചിരുന്നത് എന്ന് ഉപ്പുപ്പ ചോദിച്ചു. ആണെന്നറിഞ്ഞപ്പോള്‍ പിന്നെ മൂപ്പരൊന്നും മിണ്ടിയില്ല.

ഒരു ഒറ്റ മുണ്ടും കഴുത്തു മുതല്‍ അരയറ്റം വരെ നീണ്ട, മുട്ടിനു കീഴെ വരെ കൈയിറക്കമുള്ള ഒരു കുപ്പായവും തലയില്‍ നീണ്ട തട്ടവും കാതില്‍ അലിക്കത്തുമാണ് ഇരുവരുടെയും വേഷം. മരിക്കുന്നതുവരെയും അവരതു മാത്രമായിരുന്നു ധരിച്ചിരുന്നത്. വീട്ടിലാണെങ്കില്‍ ഒറ്റ മുണ്ടിന് പകരം ഒരു ലുങ്കിയും കുപ്പായവുമാവും ധരിക്കുക. പുറത്തേക്കു പോകുമ്പോള്‍ അറ്റത്ത് പച്ച കരയുള്ള ശംഖ്മാര്‍ക്ക് വെള്ള മുണ്ട്. അതും ധരിച്ച് അവര്‍ വേണേല്‍ ഐക്യരാഷ്ട്ര സഭയില്‍ വരെ കയറിച്ചെല്ലും.

പിങ്ക് കളര്‍ ലുങ്കിയുടുത്തത് അദബി ഉമ്മുമ്മ. അടുത്ത് ആനാമ്മ ഉമ്മുമ്മ

എല്ലാ പെരുന്നാളിനും ഉമ്മുമ്മയ്ക്കായി, ഒരു ശംഖ്മാര്‍ക്ക് മുണ്ടും ഒരു കെട്ട് വെറ്റിലയും നീണ്ട വടക്കന്‍ പുകയിലയും അടയ്ക്കയും കമലവിലാസ് വാസന ചുണ്ണാമ്പും ഒരു പൊതി കെ.കെ. കേളന്‍ ചുരുട്ടും ബാപ്പ പതിവായി ഞങ്ങളുടെ കൈയില്‍ തന്നുവിടും. ഉമ്മുമ്മ നന്നായി വെറ്റില മുറുക്കും. ചുരുട്ടു വലിക്കും. അത് കൊണ്ടുകൊടുക്കുമ്പോള്‍ മടിശ്ശീലയില്‍ നിന്ന് എടുത്തു തരുന്ന നാണയത്തുട്ടുകളിലായിരുന്നു എന്റെയും അനിയന്റെയും പെരുന്നാള്‍ സിനിമകള്‍ തെളിഞ്ഞിരുന്നത്.

എന്നെ കാണാതാവുന്ന അന്ന് രാവിലെയാണ് രണ്ട് ഉമ്മുമ്മമാരും കൂടി ഒരുഗ്രന്‍ തീരുമാനമങ്ങെടുത്തത്. ഓച്ചിറ വരെ പോവുക….!
ഓച്ചിറ അമ്പലത്തില്‍ നടക്കുന്ന പന്ത്രണ്ട് വിളക്കുത്സവമാണ് ലക്ഷ്യം. വീട്ടില്‍ നിന്ന് ഏതാണ്ട് 28 കിലോ മീറ്റര്‍ ദൂരമുണ്ടാവും ഓച്ചിറയിലേക്ക്. മിനിമം മൂന്ന് ബസെങ്കിലും മാറി കയറി വേണം അവിടെയെത്താന്‍.

ഓച്ചിറ അമ്പലത്തിനു മുന്നിലെ 22 ഏക്കര്‍ വരുന്ന മണല്‍പ്പരപ്പില്‍ സോപ്പും ചീപ്പും വളയും പാത്രങ്ങളും പായയും കുട്ടയുമൊക്കെ വില്‍പ്പന നടത്തുന്ന നിരവധി മനുഷ്യര്‍. താല്‍കാലിക സര്‍ക്കസുകാര്‍. പക്ഷിശാസ്ത്ര ക്കാരും കൈനോട്ടക്കാരും… ഭജനമിരിക്കുന്നവരുടെ ഷെഡുകള്‍….

അതൊന്നുമല്ല ഞാന്‍ കണ്ടത്. തടിച്ചുരുണ്ട് തലയെടുപ്പുള്ള ഭീമാകാരന്മാരായ കൊഴുത്ത കാളകളെയായിരുന്നു. അമ്പലക്കാളകള്‍. പില്‍ക്കാലത്ത് മോഹന്‍ലാലിന്റെ ‘പാദമുദ്ര’ സിനിമയില്‍ ഈ കാളകളെ കണ്ടു….

അദബി ഉമ്മുമ്മ

 

ഓച്ചിറ അമ്പലത്തിനടുത്താണ് ആനാമ്മ ഉമ്മുമ്മായുടെ മകെള വിവാഹം കഴിച്ചയച്ചിരിക്കുന്നത്. ഉച്ചയൂണ് അവിടെ നിന്നാക്കി. വീണ്ടും ഉത്സവപ്പറമ്പില്‍ കറങ്ങി നടന്നു. ആദ്യമായി സര്‍ക്കസ് കണ്ടത് അന്നാണ്. സന്ധ്യ കഴിഞ്ഞപ്പോഴാണ് വീട്ടിലെത്തിയത്.

വീടിന്റെ കോലായയിലെ അരമതിലില്‍ തൂണും ചാരി മുന്നിലെ ആറ്റിലേക്ക് നോക്കി ഉപ്പുപ്പ ബീഡി വലിച്ചിരിപ്പുണ്ട്.
‘കൊച്ചിനെയും കൊണ്ട് പോകുമ്പോ ആരോടെങ്കിലും പറഞ്ഞിട്ട് വേണ്ടേ പോകാന്‍…?’ എന്നൊരു പരിഭവക്കുറിപ്പില്‍ ഉപ്പുപ്പ എല്ലാമൊതുക്കി..

ആറ്റില്‍ പോയി അംഗശുദ്ധി വരുത്തി ഉമ്മുമ്മ നിസ്‌കരിക്കാന്‍ നിന്നു. ഏത് തണുപ്പിലും മഴയിലും സുബ്ഹിക്കു തന്നെ എഴുന്നേറ്റ് നിസ്‌കരിക്കുന്ന, ഒറ്റ വഖത്ത് നിസ്‌കാരം മുടക്കാത്ത രണ്ടുമ്മുമ്മാര്‍..
അവരോളം വിശ്വാസവും സൂക്ഷ്മതയും ജീവിതത്തില്‍ പുലര്‍ത്തിയ പെണ്ണുങ്ങളെ ഞാന്‍ അധികം കണ്ടിട്ടില്ല.. അവരോളം സ്‌നേഹമുള്ളവരെയും…
ഉത്സവപ്പറമ്പുകളിലും ചന്ദനക്കുട നേര്‍ച്ചയ്ക്കും വള്ളം കളി സ്ഥലത്തും പള്ളിമുറ്റത്തെ വഅള് (മതപ്രഭാഷണം)നുമെല്ലാം ഈ ഉമ്മുമ്മമാര്‍ എന്നെയും കൂട്ടി പോയിട്ടുണ്ട്…
ഒരു മതശാസനയും അവരെ അതില്‍നിന്ന് വിലക്കിയിരുന്നില്ല…
ഇടയ്ക്കിടെ അവരിങ്ങനെ മുങ്ങിപ്പൊങ്ങും….

അദബി ഉമ്മുമ്മ ഒരു ദിവസം ഓട്ടോയില്‍ ആശുപത്രിയില്‍ പോയി മടങ്ങിവരുന്ന വഴി മോളെ (എന്റെ ഉമ്മയെ) കാണാന്‍ വീട്ടില്‍ കയറി. ആ രാത്രി ഉമ്മുമ്മ പോയി… അതിനും കുറേ മുമ്പേ ഉപ്പുപ്പ പോയിരുന്നു.

പിന്നെയും ഒത്തിരി നാള്‍ കാത്തിരുന്ന് നൂറു വയസ്സ് പിന്നിട്ടാണ് ആനാമ്മ ഉമ്മുമ്മ പോയത്…
ഒടുവിലൊടുവില്‍ ആനാമ്മ ഉമ്മുമ്മായ്ക്ക് ഓര്‍മകളൊന്നും കൈവശമുണ്ടായിരുന്നില്ല. മുറിഞ്ഞുപോകുന്ന ഓര്‍മകളുടെ അറ്റത്തു നിന്ന് സ്വന്തം മക്കേളാടു പോലും അവര്‍ ആരാണെന്നു ചോദിച്ചു…

എന്നിട്ടും, ‘നീ സൈഫല്ലേ, സഫിയാമ്മയുടെ മോന്‍…’ എന്ന് എന്നെ നോക്കി പറയുന്നതുകേട്ട് അവരുടെ മക്കള്‍ പോലും അതിശയിച്ചുപോയിരുന്നു…

ഒടുവില്‍ ശൂന്യമായ ഓര്‍മകളില്‍ ആനാമ്മ ഉമ്മുമ്മ മടങ്ങി…

ആറ്റിലേക്ക് മുഖംതിരിച്ച വീടിന്റെ വരാന്തയിലെ പുറംതിണ്ണയിലിരുന്ന് അദബി ഉമ്മുമ്മ ചെറിയ അമ്മിക്കല്ലില്‍ വെറ്റില ഇടിച്ച് മരുമകന് (എന്റെ ബാപ്പയ്ക്ക്) കൊടുക്കുന്നത് ഇപ്പോഴും ഓര്‍മയിലുണ്ട്.. ആ ഇരുപ്പില്‍ എളിയില്‍ നിന്ന് കെ.കെ. കേളന്‍ ചുരുട്ട് വലിച്ച് പുകയൂതി വിടുന്ന ഉമ്മുമ്മ…
അവരായിരുന്നു ഞങ്ങളുടെ റാണി പത്മിനിമാര്‍….

 

 

കെ.എ സൈഫുദ്ദീന്‍
മാധ്യമപ്രവര്‍ത്തകന്‍