എഡിറ്റര്‍
എഡിറ്റര്‍
പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പത്തും ഏഴും വര്‍ഷം തടവ്
എഡിറ്റര്‍
Monday 24th June 2013 3:01pm

girl

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. ഇരുവര്‍ക്കും തടവ് ശിക്ഷയും കോടതി വിധിച്ചു.
Ads By Google

അച്ഛന് പത്ത് വര്‍ഷവും അമ്മയ്ക്ക് ഏഴ് വര്‍ഷവുമാണ് ശിക്ഷ. പറവൂര്‍ പീഡനക്കേസിലെ നാലാം കുറ്റപത്ര പ്രകാരമുള്ള കേസിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളായ സുധീറിനും സുബൈദയ്ക്കുമെതിരെ കോടതി ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നതിനും കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചതിനും പീഡനത്തിന് സ്വന്തം വീട്ടില്‍ അവസരമൊരുക്കിയതിനുമാണ് ശിക്ഷ.

സുബൈറിന് 40,000 രൂപ പിഴയും സുബൈദയ്ക്ക് 20,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇരുവരേയും വിയ്യൂര്‍ ജയിലിലേക്ക് അയക്കും. പ്രതികള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും കോടതി ഈ വാദം അംഗീകരിച്ചില്ല.

കേസിലെ അഞ്ചാം കുറ്റപത്രമനുസരിച്ചുള്ള വിചാരണ 26ന് ആരംഭിക്കും.

കേസിലെ ഒന്നാം പ്രതിയാണ് സുധീര്‍. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. നേരത്തേ മറ്റൊരു കുറ്റപത്രപ്രകാരം പെണ്‍കുട്ടിയെ പീഡിപ്പിച്ച അനീഷിനും ഇടനിലക്കാരിയായ ഓമന എന്നിവര്‍ക്കും പത്തും ഏഴും വര്‍ഷം തടവ് വിധിച്ചിരുന്നു.
തന്നെ ഭീഷണിപ്പെടുത്തിയാണ് പിതാവ് മറ്റുള്ളവര്‍ക്ക് കാഴ്ച്ച വെച്ചതെന്ന് പെണ്‍കുട്ടി നേരത്തേ മൊഴി നല്‍കിയിരുന്നു. പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് 52 കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നത്.

Advertisement