ഡി.എം.ഒ ജനങ്ങളെ പേടിപ്പിക്കുന്നു, തൃശൂര്‍ പൂരം അട്ടിമറിക്കാനുള്ള ശ്രമം; പാറമേക്കാവ് ദേവസ്വം സെക്രട്ടറി
Kerala News
ഡി.എം.ഒ ജനങ്ങളെ പേടിപ്പിക്കുന്നു, തൃശൂര്‍ പൂരം അട്ടിമറിക്കാനുള്ള ശ്രമം; പാറമേക്കാവ് ദേവസ്വം സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th April 2021, 12:03 pm

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ആരോപണങ്ങളുമായി പാറമേക്കാവ് ദേവസ്വം. പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ചിലരുടെ തിരക്കഥയനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജനങ്ങളെ പേടിപ്പിക്കുകയാണെന്നും രാജേഷ് പറഞ്ഞു. ഓരോ ദിവസവും പുതിയ കൊവിഡ് നിബന്ധനകള്‍ കൊണ്ടുവരികയാണ്. ഇതു പാടില്ല. ഡി.എം.ഒയെ മാറ്റി ഉന്നത തല മെഡിക്കല്‍ സംഘത്തെ പൂരത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പുറത്തുവിടുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍ ശരിയല്ലെന്നും ഓരോ സ്ഥലങ്ങളായി അടച്ച് അവസാനം പൂരം ആകുമ്പോഴേക്കും തൃശൂര്‍ മുഴുവന്‍ അടച്ചിടാനാണ് നോക്കുന്നതെന്നും രാജേഷ് ആരോപിച്ചു.

തൃശൂര്‍ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് കളക്ടറും ഡി.എം.ഒയും നടത്തുന്നതെന്നും അതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടകരും നമ്മളും ഒന്നും പോയില്ലെങ്കിലും ഇവിടെ പൂരം നടക്കണം.

പരിശോധനയും ടെസ്റ്റും നടത്തിയവര്‍ മാത്രമേ പൂരത്തിന് വരാന്‍ പാടുള്ളുവെന്ന ഉത്തരവായല്ലോ. പിന്നെ എന്ത് പ്രശ്‌നമാണ് ജനപങ്കാളിത്തം കൊണ്ടുവരാസനുള്ളതെന്നും രാജേഷ് ചോദിച്ചു. ആയിര കണക്കിന് പേര്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോയെന്നും വാക്‌സിനേഷനോ പരിശോധനയോ നടത്തിയവര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്ന് പറഞ്ഞാല്‍ പ്രായോഗികമാവുമോയെന്നും രാജേഷ് ചോദിച്ചു.

പൂരത്തിന് വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. കേന്ദ്ര സര്‍ക്കാരല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തും രാജ്യം മുഴുവനും കൊവിഡ് രണ്ടാം തരംഗം അതീവ തീവ്രതയോടെ വ്യാപിക്കുന്നതിനിടെ തൃശൂര്‍ പൂരം നടത്താന്‍ ശ്രമിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. നിലവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പൂരത്തിന് പങ്കെടുക്കാന്‍ കൊവിഡിന്റെ രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കി.

നേരത്തെ ഒറ്റ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പൂരത്തിന് പ്രവേശനം അനുവദിക്കും എന്ന തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ശന നടപടികളുടെ പശ്ചാത്തലത്തില്‍ പൂരം നടത്തിപ്പ് പ്രയാസകരമാകുമെന്നാണ് ദേവസ്വം വകുപ്പിന്റെ പ്രതികരണം. പ്രത്യേക ഉത്തരവ് സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 13,835 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Paramekkavu Devasam Secretary against Covid protocols in Thrissur Pooram