എഡിറ്റര്‍
എഡിറ്റര്‍
വയലാര്‍ രവിയും ഇ. അഹമ്മദും സൗദിയില്‍ പോയി ചര്‍ച്ച നടത്തണം: പന്ന്യന്‍
എഡിറ്റര്‍
Friday 29th March 2013 12:29pm

തിരുവനന്തപുരം: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍നിന്ന് മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും ഇ.അഹമ്മദും സൗദിയില്‍ നേരിട്ട് പോയി ചര്‍ച്ച നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

Ads By Google

കേന്ദ്രമന്ത്രിമാരുടെ സംഘത്തെ അയയ്ക്കാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണം. അഞ്ചുലക്ഷംപേര്‍ തിരിച്ചെത്തുന്നതോടെ കേരളത്തിന്റെ സമ്പദ്ഘടന തകരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം സൗദി സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ജാഗ്രതാപൂര്‍ണ്ണമായ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

സൗദിയിലെ പത്തുലക്ഷത്തോളം മലയാളികളില്‍ ഒന്നരലക്ഷത്തോളം പേരെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്.

ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തെഴുതി ഉത്തരവാദിത്വത്തില്‍നിന്നും ഒഴിയാനാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്.

കേന്ദ്ര പ്രവാസികാര്യ മന്ത്രിയാകട്ടെ പ്രവാസി ഇന്ത്യക്കാര്‍ തിരിച്ചുവന്നാല്‍ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ഉപദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ട ചുമതലയില്‍നിന്നും ഒഴിയുകയാണെന്നും പിണറായി പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisement