എഡിറ്റര്‍
എഡിറ്റര്‍
പന്നിയങ്കര സംഘര്‍ഷം:അന്വേഷണം വേണ്ടത് പോലീസിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ
എഡിറ്റര്‍
Wednesday 13th March 2013 3:26pm

കോഴിക്കോട്: ഹെല്‍മറ്റ് വേട്ടയ്ക്കിടെ പന്നിയങ്കരയില്‍ ചെറുപ്പക്കാര്‍ ബസിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സാമൂഹ്യവിരുദ്ധരാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന പോലീസ് നിലപാട് സ്വയം രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗം മാത്രമെന്ന് പ്രദീപ് കുമാര്‍ എം.എല്‍.എ.

Ads By Google

പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ മറച്ചു വെക്കാനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രി എട്ടരയോടെ മീഞ്ചന്ത മാങ്കാവ് മിനി ബൈപ്പാസില്‍ തിരുവണ്ണൂര്‍ കുറ്റിയില്‍പടി ജങ്ഷനില്‍ വെച്ച് അരക്കിണര്‍ പറമ്പത്ത് കോവില്‍ ഹരിദാസിന്റെ മകന്‍ രാജേഷ്(36), നല്ലളം ഉള്ളിലശ്ശേരിക്കുന്ന് പനയങ്കണ്ടി വീട്ടില്‍ വേലായുധന്റെ മകന്‍ മഹേഷ് (26) എന്നിവരാണ് മരിച്ചത്.

ഇതിനു ശേഷം നടന്ന പന്നിയങ്കരയിലും പരിസരപ്രദേശങ്ങളിലും പോലീസും ജനങ്ങളും തമ്മില്‍ തെരുവു യുദ്ധം തന്നെയായിരുന്നു നടന്നത്. സംഭവസ്ഥലത്തും സര്‍വകക്ഷിയോഗത്തിലും ആദ്യാവസാനം വരെ ഇടപെട്ട ജനപ്രതിനിധി പ്രദീപ്കുമാര്‍ എം.എല്‍.എ ഡ്യൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

മീഞ്ചന്ത ബൈപ്പാസിനു സമീപം തിരുവണ്ണൂരില്‍ റോഡിലെ വളവില്‍ പോലീസ് ഒളിച്ചു നിന്ന ശേഷം ഇവരുടെ ബൈക്കിനു മുന്നിലേക്ക് ചാടി കൈകാണിക്കുകയായിരുന്നു.

നിര്‍ത്താതെ മുന്നോട്ടെടുത്ത ബൈക്കിനു പുറകിലിരുന്ന യുവാക്കളുടെ ഷര്‍ട്ടിന്റെ കോളറില്‍ എസ്.ഐ പിടിച്ചു വലിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് അന്നു തന്നെ ദൃക്ഷസാക്ഷികള്‍ വ്യക്തമാക്കിയിരുന്നു.

ഇവര്‍ മരണപ്പെട്ടതില്‍ ക്ഷുഭിതരായ ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം വിളിച്ചു.

ഇതേ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എസ്.ഐ യെ സ്ഥലം മാറ്റുകയോ, സസ്‌പെന്‍ഷനോ ചെയ്യാമെന്ന് ഇവര്‍ ഉറപ്പു നല്‍കി.

ഇതിനായി സര്‍ക്കാരിന്റെ അനുമതി വാങ്ങുന്നതിന് കുറച്ചു സമയം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ സസ്‌പെന്‍ഷന്‍ ഉടന്‍ വേണമെന്ന നിലപാടില്‍ ആളുകള്‍ ഉറച്ചു നിന്നെങ്കിലും പിന്നീട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചു പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ പിറ്റേന്ന അപകടത്തില്‍പെട്ട യുവാക്കളുടെ സംസ്‌കാരം നടക്കുന്നതു വരെ യാതൊരു നടപടികളും കൈകൊള്ളാന്‍ സര്‍ക്കാരോ അധികൃതരോ തയ്യാറായിരുന്നില്ല.

ഇതേ തുടര്‍ന്ന് ഇവരുടെ ശവസംസ്‌കാരത്തിനു ശേഷം ആളുകള്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ രോഷാകുലരായി തെരുവിലിറങ്ങുകയായിരുന്നു. ആരുടെയും നേതൃത്വത്തിലല്ലാതെയുള്ള ഒരു ജനകീയ പ്രതിഷേധമായാണ് തുടങ്ങിയത്.

തലേന്ന് രാത്രി തന്നെ താന്‍ ആഭ്യന്തര മന്ത്രിയുമായി ഈ വിഷയം സംസാരിച്ചിരുന്നു. എന്നാല്‍ പോലീസ് സമര്‍പ്പിച്ച കള്ള റിപ്പോര്‍ട്ട് വിശ്വസിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധിയാണെന്ന കാര്യം പോലും മറക്കുകയാണ് മന്ത്രി ചെയ്തത്.

അസംഘടിതമായി എത്തിയ ആളുകള്‍ റോഡ് ഉപരോധിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലും മറ്റ് വാഹനങ്ങളിലുമായാണ് പ്രതിഷേധക്കാര്‍ എത്തിച്ചേര്‍ന്നിരുന്നത്.
എന്നാല്‍ പോലീസ് ഉപരോധത്തിനെത്തിയ ജനങ്ങളുടെ വാഹനം തല്ലി തകര്‍ക്കുന്നതാണ് പിന്നീട് കണ്ടത്.

സാമൂഹ്യവിരുദ്ധരേക്കാള്‍ മോശമായ തരത്തിലാണ് പോലീസ് ഈ വിഷയം കൈകാര്യം ചെയ്തത്. ഇതാണ് പിന്നീട് പോലീസും ആളൂകളും തമ്മില്‍ ഏറ്റുമുട്ടന്നതിലെത്തിച്ചത്.

അസംഘടിതമായി ഒത്തുകൂടിയ ജനങ്ങളുടെ പ്രതിഷേധം പക്വതയില്ലാത്ത നേതൃത്വത്തിന്റെ അഭാവം നേരിട്ടതാണ് അക്രമസംഭവങ്ങള്‍ക്കിടയാക്കിയത്. ഇതില്‍ ചിലപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ ഇടപെടലും ഉണ്ടായിട്ടുണ്ടാകാം.

ഇത് അന്വേഷിക്കേണ്ടതാണ്. പക്ഷെ പ്രതിഷേധം സാമൂഹ്യവിരുദ്ധരും ചില സംഘടനകളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന സര്‍ക്കാര്‍ നിലപാട് പൂര്‍ണമായും തെറ്റാണ്.

രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലല്ലാതെ ആളുകള്‍ സ്വമേധയാ സംഘടിച്ചെത്തുകയായിരുന്നു. ഇത്തരം സ്വാഭാവിക പ്രതിഷേധങ്ങള്‍ക്കെല്ലാം പക്വതയുള്ള നേതൃത്വത്തിന്റെ അഭാവം ഉണ്ടായിരിക്കുമെന്നത് സാധാരണയാണെന്നും എം.എല്‍.എ ഡ്യൂള്‍ന്യൂസിനോടു പറഞ്ഞു

ഇതാണ് പന്നിയങ്കരയിലും ഉണ്ടായിട്ടുള്ളത്. പിന്നീട് പോലീസിനെതിരെ നടപടിയെടുക്കാമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും മറ്റും നല്‍കാമെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്താമെന്നും സര്‍വകക്ഷി മുഖേന നടത്തിയ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടും യാതൊരു വിധ നടപടികളും കൈകൊള്ളാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഇതിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേയാണ് കോഴിക്കോട്ടെ ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിലപാടെടുത്ത് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം.

സമരത്തിലെ സാമൂഹ്യ വിരുദ്ധരുടെ ഇടപെടല്‍ മാത്രമല്ല പോലീസിലെ ചില സാമൂഹ്യവിരുദ്ധരെ കുറിച്ചും അന്വേഷണം വേണം.

എന്നാല്‍ പോലീസിനെ പൂര്‍ണമായും  ന്യായീകരിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി നടത്തിയത്. പോലീസിന്റെ ക്രൂരതയുടെ പേരില്‍ മാത്രം ജില്ലയില്‍ അരക്കിണറിലെ ഈ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്.

ക്രിമിനല്‍ കുറ്റങ്ങള്‍ കണ്ടില്ലെന്നു വെക്കുന്ന നിലപാടെടുക്കുന്ന പോലീസ് ഇത്തരം കേസുകളില്‍ ക്രൂരമായി പെരുമാറുന്നതെന്തിനാണ്. ഹെല്‍മറ്റ് ധരിക്കാത്തവരെ പിന്തുടര്‍ന്നു പിടികൂടുന്ന രീതി വേണ്ടെന്നും അവരുടെ വണ്ടി നമ്പര്‍ കുറിച്ചെടുത്ത് പിഴ ഈടാക്കിയാല്‍ മതിയെന്നും  ഡി.ജി.പി സേനയോട് നിര്‍ദേശം നല്‍കിയിരുന്നു.

യാത്രക്കാരന്റെ സംരക്ഷണം ഉറപ്പു വരുത്താന്‍ നടപ്പാക്കുന്ന ഇത്തരം നടപടികള്‍ അവരുടെ ജീവനെടുക്കുന്ന തരത്തിലേക്കെത്തിക്കുന്നത് പോലീസിന്റെ കാടത്തമാണ്.

ട്രാഫിക് നിയമങ്ങള്‍ അതിന്റേതായ രീതിയിലാണ് നടപ്പാക്കേണ്ടത്. ഇവിടെ പ്രാകൃതമായ രീതികളിലൂടെയാണ് ഇതൊക്കെ നടപ്പാക്കുന്നത്. ഹെല്‍മെറ്റില്ലാതെയോ മറ്റു ചെറിയ പിഴ ഈടാക്കേണ്ടുന്ന കുറ്റങ്ങള്‍ക്കോ ആളുകളെ പിടിക്കുമ്പോള്‍ തെറി പറയുന്ന പോലീസുകാരാണ് ഇവിടെയുള്ളതെന്നും പ്രദീപ് കുമാര്‍ എം.എല്‍.എ ഡൂള്‍ന്യൂസിനോടു വിശദീകരിച്ചു.

Advertisement