പാല് പൊരിച്ചത് തയ്യാറാക്കാം
Recipe
പാല് പൊരിച്ചത് തയ്യാറാക്കാം
ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2018, 3:21 pm

 

ഇഫ്താര്‍ വിരുന്നിതിന് ആളുകള്‍ക്ക് സര്‍പ്രൈസ് കൊടുക്കാനായി തയ്യാറാക്കാവുന്ന ഒരു രുചികരവും വ്യത്യസ്തവുമായ സ്‌നാക്കാണിത്. വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം.

ചേരുവകള്‍

പാല് – മൂന്നരക്കപ്പ്
പഞ്ചസാര- മുക്കാല്‍കപ്പ്
കോണ്‍ഫ്‌ളോര്‍- അരക്കപ്പ്
ഓറഞ്ച് തൊലി- അല്പം
കറുവപ്പട്ട- ഒന്ന്
മൈദ- മൂന്ന് ടേബിള്‍സ്പൂണ്‍
ബ്രഡ് പൊടി- ഒരുകപ്പ്
എണ്ണ- ആവശ്യത്തിന്


Also Read:ഇതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം; കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ചിന് മോദിയുടെ മറുപടി, വീഡിയോ


തയ്യാറാക്കുന്ന വിധം:

ഒരുപാത്രത്തില്‍ മൂന്ന് കപ്പ് പാലെടുത്ത് ചൂടാക്കുക. അതിലേക്ക് പട്ടയും ഓറഞ്ചിന്റെ തൊലിയും ഇടാം. തൊലി പൊളിച്ചെടുക്കുമ്പോള്‍ ഓറഞ്ച് ഭാഗം മാത്രം എടുക്കാന്‍ ശ്രദ്ധിക്കണം. തീ കുറച്ച് കുറച്ചസമയം ഇളക്കിക്കൊടുക്കുക. (പട്ടയ്ക്കു പകരം ഏലക്കായയും ഉപയോഗിക്കാം)

അല്പസമയം ഇളക്കിയശേഷം മുക്കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അലിഞ്ഞുവരുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. അഞ്ചാറ് മിനിറ്റ് കഴിഞ്ഞാല്‍ പാലിലിട്ടിട്ടുള്ള പട്ടയും ഓറഞ്ച് തൊലിയും നീക്കം ചെയ്യുക.

കോണ്‍ഫ്‌ളോറില്‍ അരക്കപ്പ് പാലൊഴിച്ച് കട്ടപിടിക്കാതെ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. തീ കുറച്ചുകൊണ്ട് പാലിലേക്ക് കോണ്‍ഫ്‌ളോര്‍ ലായനി ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടുവേണം ചേര്‍ക്കാന്‍. മിക്‌സ് തിക്കായാല്‍ ഇറക്കിവെക്കുക.

ഒരു പാത്രത്തിനിടയില്‍ നന്നായി ഓയില്‍ പുരട്ടി അതിലേക്ക് ഈ മിക്‌സ് ഒഴിക്കുക. ശേഷം തണുക്കാനായി മാറ്റിവെക്കുക. തണുത്തശേഷം പാത്രം അടച്ചുവെച്ച് രണ്ട് മണിക്കൂര്‍ ഫ്രീസറില്‍വെച്ച് തണുപ്പിച്ചെടുക്കുക.

ഫ്രീസറില്‍ നിന്നെടുത്തശേഷം മിക്‌സ് വേറൊരു പാത്രത്തിലേക്ക് കമഴ്ത്തുക. ശേഷം ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

ഫ്രൈ ചെയ്യേണ്ടവിധം:

ഒരു കപ്പില്‍ അല്പം മൈദയെടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നേരത്തെ തയ്യാറാക്കിവെച്ച പാലിന്റെ പീസ് ആദ്യം മൈദയില്‍ മുക്കി ശേഷം ബ്രഡ് നുറുക്കില്‍ നന്നായി പൊതിഞ്ഞ് ചൂടാക്കിയ എണ്ണയിലിട്ട് ഇരുഭാഗവും ബ്രൗണ്‍ നിറമാകുന്നതുവരെ ചെറുതീയില്‍ പൊരിച്ചെടുക്കുക.

റസിപ്പി കടപ്പാട്: മിസിസ് മലബാര്‍ മലയാളം റസിപ്പീസ്‌