Administrator
Administrator
പാമൊയില്‍ പിന്നെയും വഴുക്കുന്നു
Administrator
Saturday 13th August 2011 10:24am

എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്
പാമൊലിന്റെ വഴുക്കല്‍ ഇതുവരെ തീര്‍ന്നില്ല. അതില്‍ വഴുതിവീഴുന്നവരുടെ നിര കേരളത്തില്‍ അവസാനിക്കുന്നില്ല. ഇതിന് മുമ്പ് ഏറ്റവും ഒടുക്കം വഴുതി വീണത് കേന്ദ്ര വിജിലന്‍സ് കമ്മീഷണറായിരുന്ന പി.ജെ തോമസ്സാണ്. വീഴാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. എന്നിട്ടും വീണു. വീണിടത്തുകിടന്ന് പിന്നെയും ഒരുപാട് കളിച്ചു. എന്നിട്ടും രക്ഷയില്ലാതായി. കോടതിയും മാധ്യമങ്ങളും കുറേയേറെ പ്രബുദ്ധമായതുകൊണ്ടാണ് അതിന് കഴിഞ്ഞത്. പി.ജെ തോമസിനെ രക്ഷിക്കേണ്ടവര്‍ ഇപ്പോള്‍ വീണുകിടക്കുന്ന കുഴിയുടെ ആഴവും അതിന് കാരണമാണ്.

രക്ഷിക്കേണ്ട പ്രധാനമന്ത്രി അതിനേക്കാള്‍ വലിയ ഊരാക്കുടുക്കിലാണ്. പി.ജെ തോമസ്സിനെ തള്ളാനും കൊള്ളാനും കഴിയാത്ത വല്ലാത്തൊരവസ്ഥയിലായിരുന്നു മന്‍മോഹന്‍ സിംങ്. ഒടുക്കം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന വേഷവും കെട്ടി പതിവുപോലെ ഒന്നും അറിയില്ലെന്ന് നടിക്കലാണ് ബുദ്ധിയെന്ന് യു.പി.എയുടെ രാഷ്ട്രീയ നേതൃത്വം മന്‍മോഹനെ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുകയാണ്. പ്രോഗ്രാം ചെയ്തുവെന്ന് പറയുന്നത് കീ കൊടുത്തല്‍ ചലിക്കുന്ന ഒരു പാവയെപ്പോലെയാണ് നമ്മുടെ ഭരണനേതാവ് എന്നറിയുന്നതുകൊണ്ടാണ്. ആര്‍ക്കോ വേണ്ടി ചലിക്കുന്ന ഒരു പാവയായി ഭരണനേതൃത്വം മാറുന്നത് എന്തായാലും നല്ലതല്ല. ആരോപണവിധേയനായ ഒരാളെത്തന്നെ അഴിമതിക്കെതിരെ കണ്ണും കാതും തുറന്നിരിക്കേണ്ട ഒരു അത്യുന്നത പദവിയിലേക്ക് എന്തിനാണ് തിരഞ്ഞെടുത്തതെന്നും പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പുണ്ടായിട്ടും മര്‍ക്കടമുഷ്ടിയോടെ നിലനിര്‍ത്തിയെന്നതും ഒരുപാട് സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പാമോയില്‍ കൊണ്ട് മുഖം മിനുക്കിയ കൂട്ടത്തില്‍ കേന്ദ്രനേതൃത്വം ഉണ്ടായിരിക്കുമോ?

കേന്ദ്ര വിജിലന്‍സിന്റെ കേരളാ രൂപമാണ് സംസ്ഥാന വിജിലന്‍സ്. പാമൊലിന്‍ ഇടപാട് നടന്ന കാലത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കേണ്ടെന്ന് പറഞ്ഞ് കേരളത്തിലെ വിജിലന്‍സ് കമ്മീഷണര്‍ നല്‍കിയ സത്യവാങ്മൂലമാണ് കോടതി ഇപ്പോള്‍ തള്ളിയത്. മുഖ്യമന്ത്രിയെ ആരോപണവിമുക്തനാക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളുന്നത്. മാത്രമല്ല മൂന്നുമാസത്തിനകം അന്വേഷണം നടത്തി അടിയന്തിരപ്രാധാന്യത്തോടെ കോടതിയുടെ മുമ്പില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഗുരുതരമായ ഈ വിധിയെത്തുടര്‍ന്ന് ന്യായമായും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടതായിരുന്നു. ധാര്‍മ്മികമായി ഈ സ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അവകാശവുമില്ല. ആന്റണിയെപ്പോലെ ധര്‍മ്മനിഷ്ഠനാണെന്നും ധര്‍മ്മത്തില്‍നിന്ന് അണുവിട വ്യതിചലിക്കാത്തവനാണെന്നുമാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് കോണ്‍ഗ്രസ്സിന്റെ എ വിഭാഗത്തിലേയും യു.ഡി.എഫിന്റെ ഘടകകക്ഷികളിലേയും പാണന്‍മാര്‍ പാടുന്നത്. ആന്റണിയെപ്പോലെ സ്ഥാനത്യാഗിയാണ് ഉമ്മന്‍ ചാണ്ടിയെന്നും അവര്‍ കഥകള്‍ പ്രചരിപ്പിക്കുന്നു.

സ്ഥാനം ത്യജിക്കാന്‍ വിധി വന്ന ഉടനെ ഉമ്മന്‍ ചാണ്ടി തയ്യാറായിയെന്നുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. അരമന രഹസ്യമല്ലേ? അങ്ങാടിപ്പാട്ടായാലും അതൊക്കെ വിശ്വസിക്കാന്‍ പറ്റുമോ? ഏതായാലും പത്രങ്ങളായ പത്രങ്ങള്‍ക്കൊക്കെ കുറേ നാളത്തേക്ക് കഥകള്‍ മെനയാനുള്ള കോപ്പായി. കഥകള്‍ ഉണ്ടാവാനായിരിക്കണം വിധി വന്ന വിവരം അറിഞ്ഞിട്ടും മൂന്ന് നാല് മണിക്കൂറുകള്‍ ഉമ്മന്‍ ചാണ്ടി ഊമക്കുട്ടനും ഉരിയാടാപ്പയ്യനുമായി മുറിയില്‍നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞത്. പാര്‍ട്ടിനേതാക്കളും ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നാണ് പറയുന്നത്. അതിനിടയില്‍ പലതും സംഭവിച്ചെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിയേക്കാളും ധര്‍മ്മിഷ്ഠനായ ആന്റണി ഒരു കാരണവശാലും ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കരുതെന്ന് ദല്‍ഹിയിലിരുന്ന് നിര്‍ദേശം കൊടുത്തത്രെ. തന്നെക്കാള്‍ ധര്‍മ്മിഷ്ഠനായി കേരളരാഷ്ട്രീയത്തില്‍ ആരുമുണ്ടാവരുതെന്ന് ആന്റണിയ്ക്ക് വല്ല നിര്‍ബന്ധവുമുണ്ടോ? ഒരിടത്ത് രണ്ടുനീതിമാന്‍മാര്‍ പാടില്ലെന്ന് നീതി ശാസ്ത്രത്തില്‍ എവിടെയെങ്കിലും കല്‍പിച്ചിട്ടുണ്ടോ? ഏതായാലും നീതിമാന്‍പട്ടം ഉമ്മന്‍ ചാണ്ടിമാര്‍ക്കൊന്നും വിട്ടുകൊടുക്കാന്‍ ആന്റണി തയ്യാറല്ല.

ആന്റണി ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരു കൈ സഹായം നല്‍കുന്നതിന്റെ കാരണം ഇതൊന്നുമല്ല. കൈവിട്ടു കളിക്കാന്‍ കേന്ദ്ര നേതൃത്വം ഇപ്പോള്‍ തയ്യാറല്ല. ദല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കാര്യം പരുങ്ങലിലാണ്. മന്‍മോഹന്‍ സിംഗിന്റെ കാര്യവും ദയനീയമാണ്. പേരിനെങ്കിലും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണം നിലനില്‍ക്കുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. കേരളത്തിലെ ഭരണത്തില്‍ കോണ്‍ഗ്രസ്സാണ് മുഖ്യന്‍ എന്ന് പറയാമെങ്കിലും ഭരിക്കുന്നവനും നേടുന്നവനും വേറെ ചില കക്ഷികളാണെന്നത് ആര്‍ക്കാണറിയാത്തത്.

മുഖ്യമന്ത്രി മാറിയാല്‍ വീഴുന്ന ഭരണമാണോ കേരളത്തിലെ യു.ഡി.എഫിന്റേത്. സാങ്കേതികമായി മൂന്ന് അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. വോട്ടെടുപ്പ് നടത്തിയാല്‍ സ്പീക്കറടക്കം അഞ്ചുപേരുടെ വോട്ട് കൂടുതല്‍ കിട്ടുകയും ചെയ്യും. പിന്നെ എന്തിനാണ് മുഖ്യമന്ത്രി മാറുന്നതില്‍ ഭരണപക്ഷം ഇത്രയേറെ ഭയപ്പെടുന്നത്. മാത്രമല്ല ഉമ്മന്‍ ചാണ്ടിയെപ്പോലെ വേറൊരു ദിവ്യന്‍ നിയമസഭാംഗമായി കോണ്‍ഗ്രസ്സില്‍തന്നെയുണ്ട്. രമേശ് ചെന്നിത്തല. കക്ഷിരാഷ്ട്രീയത്തില്‍ മുഖ്യമന്ത്രിയേക്കാള്‍ വലിയ നേതാവാണ് സംസ്ഥാന കോണ്‍ഗ്രസ്സിന്റെ അധ്യക്ഷന്‍. മുഖ്യമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യരായ വേറെയും ആള്‍ക്കാര്‍ കോണ്‍ഗ്രസ്സിന്റെ നിയമസഭാകക്ഷിയിലുണ്ട്. മുരളീധരനുപോലും മുഖ്യമന്ത്രിയാവാം. പിന്നെ എന്തുതരം ഭയമാണ് കോണ്‍ഗ്രസ്സിനെ നീതി നിര്‍വഹണത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്? ഘടകകക്ഷികള്‍ ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നത്? ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കുന്നത് കൈവിട്ട കളിയാണെന്ന് ഘടകകക്ഷികള്‍ക്കറിയാം. കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഒരു സമവായത്തില്‍ എന്നാല്‍ സഹായിക്കുന്ന ഒന്നല്ല. മന്ത്രിസ്ഥാനം കിട്ടാതെ നിരാശപൂണ്ടിരിക്കുന്നവര്‍ തലപൊക്കുന്ന കാലമായിരിക്കും ഒരു മന്ത്രിസഭാ മാറ്റം. ഘടകകക്ഷികള്‍ ഒരു ചാകരക്കൊയ്ത്തിന്നായി ഉപയോഗപ്പെടുത്തിയേക്കാം. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് തുന്നി കൂട്ടിയ മുറിവുകള്‍ തുന്നല്‍ പൊട്ടി ചലം ഒലിച്ചേക്കാം. എത്ര കഷ്ടപ്പെട്ടും പാടുപെട്ടുമാണ് ഒരു മന്ത്രിസഭ ഉണ്ടാക്കിയെടുത്തത്. അതിനാല്‍ ഒരു സ്ഥാനത്യാഗത്തെപ്പറ്റി ഇപ്പോള്‍ ആലോചിക്കാന്‍പോലും പറ്റില്ല. ഘടകകക്ഷിനേതാക്കള്‍പോലും അവരുടെ സ്ഥാനത്തെച്ചൊല്ലി ആശങ്കാകുലരാണ്. മുഖ്യമന്ത്രി മാറുന്നതിനിടയില്‍ ഏതെങ്കിലും ഘടകകക്ഷികള്‍ക്കും മാറാന്‍ തോന്നിയാലോ?

ഇത്തരം നിര്‍ണായക ഘട്ടത്തില്‍ അതിശക്തമായ പ്രതിപക്ഷം എന്താണ് ചെയ്യുന്നത്? അവര്‍ക്കൊരേ സ്വരത്തില്‍ സംസാരിക്കാന്‍പോലും പറ്റുന്നില്ല. വിധി വന്ന ഉടനെ ഉപനേതാവ് ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് വെച്ചൊഴിയണമെന്ന് പറഞ്ഞു. പ്രതിപക്ഷം എന്തിനാണ് ഇത്ര ഔദാര്യം കാണിക്കുന്നത് പൊതുസമൂഹം അമ്പരന്നു. ഇടതുപക്ഷം തോല്‍ക്കാന്‍ വോണ്ടിയാണ് മത്സരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ പറഞ്ഞത് ശരിവയ്ക്കുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ കാരുണ്യം നിറഞ്ഞ ഈ വിളംബരം. വേഗം തന്നെ പ്രതിപക്ഷ നേതാവിനെ തിരുത്തി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം എന്ന് പറഞ്ഞു. ഇടതുപക്ഷത്തിന് പിടിച്ച് നില്‍ക്കാന്‍ ഒരുപിടിവള്ളി നല്‍കുകയാണ് സ്ഥാനം കൊണ്ട് നേതാവിനെക്കാള്‍ വലുതായി നില്‍ക്കുന്ന ഉപനേതാവ്. പാര്‍ട്ടിയിലെ വിഭാഗീയതയെകുറിച്ചൊന്നും ഇവിടെ പറയുന്നില്ല. അവസരങ്ങള്‍ കൊണ്ട് കളിക്കാനും അവര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമത്തെക്കുറിച്ചും ഞങ്ങള്‍ ആശങ്കപ്പെടുക മാത്രമാണ് ചെയ്യുന്നത്.

ഒരുകാര്യത്തില്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. വിജിലന്‍സ് വകുപ്പ് കയ്യൊഴിയുന്നത് കൊണ്ട് നീതി നടപ്പാകില്ല. ഏത് വകുപ്പിലും ഇടപെടാന്‍ അധികാരമുള്ള ഒരു മുഖ്യമന്ത്രിക്ക് വിജിലന്‍സ് വകുപ്പിനെയും തന്റെ ഇംഗിതങ്ങള്‍ക്കൊത്ത് നിയന്ത്രിക്കാനും നടപടിക്രമങ്ങള്‍ തനിക്കനുകൂലമാക്കാനും പാമോലിന്‍ കേസില്‍ നിന്ന് തലയൂരാനും കഴിയും.

ഞങ്ങളുടെ നിലപാടിതാണ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ ഞങ്ങളെടുത്ത നിലപാടും ഇത് തന്നെയാണ്. അഴിമതികേസില്‍ അന്വേഷണം നേരിടുമ്പോള്‍ രാജ്യഭരണത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുക തന്നെ വേണം. മുഖ്യമന്ത്രി ഐ.പി.എസ്, ഐ.എ. എസ് ഉദ്യോഗസ്ഥരുടെ ചുമതലക്കാരനാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള അഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിജിലന്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

പാമോലിന്‍ കേസിന്റെ വിശദാംശങ്ങളെ കുറിച്ചൊന്നും ഞങ്ങള്‍ ഉപന്യസിക്കുന്നില്ല. അതിന്റെ നാള്‍വഴികള്‍ വായനക്കാര്‍ക്കറിയാം. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി വി.എസ് നടത്തിക്കൊണ്ടിരിക്കുന്ന നിയമ യുദ്ധങ്ങളും അറിയാം. ഉമ്മന്‍ചാണ്ടിക്ക് രാജിവക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന് തറപ്പിച്ച് പറയുന്നതിനോടൊപ്പം കൊടിയേരിയും കൂട്ടരും ഉയര്‍ത്തുന്ന മുറവിളിയെ കുറിച്ച് തമാശ തോന്നുന്നുമുണ്ട്. അവരാവശ്യപ്പെടുന്ന നീതി നടപ്പിലാക്കിയാല്‍ ലാവ്‌ലിന്‍ കേസിന്റെ കാര്യത്തില്‍, പിണറായി വിജയന്റെ കാര്യത്തില്‍ എന്ത് തരം നീതിയായിരിക്കും നടത്തേണ്ടിവരിക?

Advertisement